സാധാരണക്കാര്‍ക്കും ഇനി സമീറ സനീഷിന്റെ വസ്ത്രങ്ങള്‍ ധരിക്കാം!!

സ്‌ക്രീനിന് പുറത്തുനിന്നിട്ടും ഏറെ ആരാധകരെ സ്വന്തമാക്കിയയാളാണ് സമീറ സനീഷ്. സിനിമയില്‍ സ്ത്രീകള്‍ കുറവായിരുന്ന കോസ്റ്റിയൂം ഡിസൈനിലൂടെയാണ് സമീറ തന്റേതായ ഇടം കണ്ടെത്തി ശ്രദ്ധേയയായത്. ഇരുപതു വര്‍ഷമായി മലയാള സിനിമ ലോകത്തെ അവിഭാജ്യ താരമാണ് സമീറ.

തന്റെ സ്വപ്‌നങ്ങളെ വര്‍ണ നൂലിഴകളിലൂടെയാണ് സമീറ സാക്ഷാത്കരിച്ചത്. കോസ്റ്റ്യൂം ഡിസൈനില്‍ സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ സമീറ കരസ്ഥമാക്കിയിട്ടുണ്ട്.

ഇത്രനാളും സിനിമാകാര്‍ക്ക് മാത്രം ലഭ്യമായിരുന്ന സമീറയുടെ വസ്ത്രങ്ങള്‍ ഇനി സാധാരണക്കാര്‍ക്കും ലഭ്യമാകും. സാധാരണക്കാരുടെ വസ്ത്ര സ്വപ്നങ്ങളെ സഫലമാക്കാന്‍ സ്വന്തം പേരില്‍ ‘സമീറ സനീഷ്’ എന്ന ബ്രാന്റുമായി എത്തിയിരിക്കുകയാണ് താരം.

‘സമീറ സനീഷ്’ ബ്രാന്റ് ഓണ്‍ലൈനിലൂടെ സാധാരണക്കാര്‍ക്കും ചുരുങ്ങിയ ചിലവില്‍ ഓരോരുത്തരുടെയും അഭിരുചിയ്ക്ക് അനുസരിച്ച് വസ്ത്രങ്ങള്‍ ലഭിക്കും. സമീറ സനീഷിന്റെ പുതിയ സംരംഭത്തിന്റെ ലോഗോ പ്രകാശനം കഴിഞ്ഞദിവസം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ നിര്‍വ്വഹിച്ചിരുന്നു. ഇന്ന് രാവിലെ മെഗാതാരം മമ്മൂട്ടി വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു. നടന്‍ കുഞ്ചാക്കോ ബോബനും ചടങ്ങിനെത്തിയിരുന്നു.