‘ഭാവനയുടെ കേസ് ഒരു സെലിബ്രിറ്റിയുടെ കേസ് എന്നല്ല കണക്കിലെടുക്കേണ്ടത്’ സനല്‍ കുമാര്‍ ശശിധരന്‍

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സെലിബ്രിറ്റിയായ ഭാവനയുടെ കേസിന്റെ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണക്കാരിക്ക് നീതി കിട്ടുമോ എന്നാണ് തന്റെ കുറിപ്പിലൂടെ സനല്‍ കുമാര്‍ ചോദിക്കുന്നു. വേറെ എത്രയോ കേസുണ്ട് സെലിബ്രിറ്റി ആയതുകൊണ്ടല്ലേ ചാനലുകള്‍ ഭാവനയുടെ കേസിന് ഇത്രയും പ്രാധാന്യം കൊടുക്കുന്നത് എന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്. ശരിയാണ് സെലിബ്രിറ്റിയായിട്ടും ചാനലുകള്‍ ഇത്രയും പ്രാധാന്യം കൊടുത്തിട്ടും ആ കേസിന്റെ അവസ്ഥ എന്താണ് എന്ന് കൂടി ചോദിക്കണം എന്നാലെ ചോദ്യം പൂര്‍ത്തിയാവൂയെന്നും സനല്‍കുമാര്‍ കുറിക്കുന്നു.

കുറിപ്പ് വായിക്കാം

ഭാവനയുടെ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് മാധ്യമപ്രവർത്തകൻ ശ്രീ. എംവി നികേഷ്കുമാർ ഫെയ്‌സ്ബുക്കിൽ എഴുതുന്നു. നടിയെ ലൈംഗീകമായി ആക്രമിച്ച കേസ് വിചാരണ അട്ടിമറിച്ച് പ്രതികൾ രക്ഷപെടുമെന്ന അവസ്ഥ ഉണ്ടായിരുന്ന സമയത്താണ് ബാലചന്ദ്രകുമാർ എന്ന സംവിധായകൻ, ആ കേസിലെ പ്രതികൾക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് തനിക്ക് അറിയാമെന്നതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നു വെളിപ്പെടുത്തിക്കൊണ്ട് റിപ്പോർട്ടർ ചാനലിലൂടെ പൊതുജനസമക്ഷം വരുന്നത്. അന്നുമുതൽ ഇന്നുവരെ നികേഷ്‌കുമാറിന്റെ റിപ്പോർട്ടർ ചാനൽ ഇക്കാര്യത്തിൽ നിരന്തരമായ ജാഗ്രത പുലർത്തിയതുകൊണ്ട് മാത്രം അന്വേഷണം വളരെയേറെ മുന്നോട്ടുപോയി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ കേസന്വേഷണം അട്ടിമറിക്കാനുള്ള പ്രത്യക്ഷമായ ഇടപെടലുകൾ വെളിച്ചത്തുവന്നിട്ടും പൊതുവിൽ രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവർത്തകരും സിനിമാക്കാരും ഒക്കെ മൗനം പാലിച്ചുവരുന്നു. ‘വേറെ എത്രയൊക്കെ കേസുകളുണ്ട്, സെലിബ്രിറ്റി ആയതുകൊണ്ടല്ലേ ചാനലുകൾ ഭാവനയുടെ കേസിന് ഇത്രയും പ്രാധാന്യം കൊടുക്കുന്നത്?’ എന്നാണ് ഇപ്പോൾ പലരും ചോദിക്കുന്നത്. ശരിയാണ്, സെലിബ്രിറ്റിയായിട്ടും ചാനലുകൾ ഇത്രയും പ്രാധാന്യം കൊടുത്തിട്ടും ആ കേസിന്റെ അവസ്ഥ എന്തായി? എന്ന് കൂടി ചോദിക്കണം. എന്നാലെ ചോദ്യം പൂർത്തിയാവൂ. ഭാവനയുടെ കേസിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരിയായ ഒരു പെൺകുട്ടിക്ക് നീതികിട്ടുമോ? എന്ന് ചോദിക്കണം. നീതികിട്ടില്ല എന്നുറപ്പായാൽ ഏതെങ്കിലും ഒരു പെൺകുട്ടി അനീതിക്കെതിരെ ശബ്ദമുയർത്തുമോ? എന്നും ചോദിക്കണം. തീർന്നില്ല, ശബ്ദമുയർത്താൻ ഇരയായവർ മുന്നോട്ട് വരാതിരുന്നാൽ ചാനലുകൾ ശബ്ദമുയർത്തിയിട്ട് എന്തുകാര്യം? എന്നുകൂടി ചോദിക്കണം. ഭാവനയുടെ കേസ് ഒരു സെലിബ്രിറ്റിയുടെ കേസ് എന്നല്ല കണക്കിലെടുക്കേണ്ടത്. തനിക്കേറ്റ അനീതിക്കെതിരെ പോരാടാൻ തുനിഞ്ഞിറങ്ങിയ ഒരു സ്ത്രീയുടെ നിയമ പോരാട്ടം എന്ന് ശരിയായി വായിക്കണം. അവർക്ക് സമൂഹത്തിൽ അല്പമൊക്കെ സ്വാധീനമുണ്ടായതുകൊണ്ട് അവരുടെ പോരാട്ടം എളുപ്പത്തിൽ പരാജയപ്പെടുത്താൻ കുറ്റവാളികൾക്ക് കഴിഞ്ഞില്ല എന്ന് തിരിച്ചറിയണം. ഈ കേസ് അട്ടിമറിക്കപ്പെടുന്നില്ല എന്നുറപ്പാക്കാൻ സമൂഹത്തിനു വേണ്ടി ശബ്ദിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയക്കാർക്കും സമൂഹത്തെക്കുറിച്ച് വ്യാകുലപ്പെടുന്നു എന്ന് സ്വയം കരുതുന്ന സാംസ്കാരിക പ്രവർത്തകർക്കും സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമ എടുക്കുന്നു എന്ന് പറയുന്ന സിനിമക്കാർക്കും ഉത്തരവാദിത്തമുണ്ട്.

Previous articleപാന്‍ ഇന്ത്യന്‍ ത്രില്ലര്‍; ആദ്യ നിര്‍മ്മാണ സംരംഭം പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച് അപ്പാനി ശരത്ത്
Next articleഅന്ന് ഓട്ടോയില്‍ പ്രമോഷന്‍ നടത്തിയ താരം ഇന്ന് പ്രൈവറ്റ് ജെറ്റില്‍- യഷിന്റെ വീഡിയോ വൈറല്‍