‘പൂതികള്‍ തീര്‍ക്കാന്‍ മാത്രമാണു ജീവിതം എന്നുള്ള നിലപാട് വച്ചുപുലര്‍ത്തുന്ന അപ്പന്‍’

സണ്ണിവെയ്നും അലന്‍സിയറും പ്രധാന വേഷത്തിലെത്തിയ അപ്പന്‍ എന്ന സിനിമ റിലീസ് ചെയ്ത് ആഴ്ചകള്‍ കഴിഞ്ഞും കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. സ്വന്തം അപ്പന്‍ പെട്ടെന്ന് മരിച്ച് കിട്ടണം എന്ന് ഒരു മകന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്പനോട് അവനുള്ള…

സണ്ണിവെയ്നും അലന്‍സിയറും പ്രധാന വേഷത്തിലെത്തിയ അപ്പന്‍ എന്ന സിനിമ റിലീസ് ചെയ്ത് ആഴ്ചകള്‍ കഴിഞ്ഞും കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. സ്വന്തം അപ്പന്‍ പെട്ടെന്ന് മരിച്ച് കിട്ടണം എന്ന് ഒരു മകന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്പനോട് അവനുള്ള രോഷം എന്തുമാത്രം ആയിരിക്കും? മജു സംവിധാനം ചെയ്ത അപ്പന്‍ എന്ന ചിത്രം ഒടിടിയിലാണ് എത്തിയത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മക്കള്‍ക്കു വേണ്ടി എല്ലാ കഷ്ടപ്പാടും സഹിച്ചു ജീവിച്ചു മരിക്കുന്ന സാധാരണ അച്ഛനില്‍ നിന്നും നക്ഷത്ര അകലെ നില്‍ക്കുന്ന ഒരച്ഛന്‍’ എന്നാണ് സന്ധ്യ പ്രദീപ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഫിലിം റിവ്യൂ എഴുതാനുള്ള വിവരം ഒന്നുമില്ല. എഡിറ്റിങ്ങും ഡയറക്ഷനും പഠിച്ചിട്ടുമില്ല. എങ്കിലും ഇന്നലെ കണ്ട നിമിഷം മുതല്‍ ഇതുവരെ ഷോക്ക് മാറാതെ ഒരു കുപ്പിച്ചില്ല് കൊണ്ട പോലെ ഹൃദയം കൊളുത്തി വലിച്ചു നില്‍ക്കുമ്പോള്‍ എഴുതാതിരിക്കാന്‍ വയ്യ. മക്കള്‍ ക്കു വേണ്ടി എല്ലാ കഷ്ടപ്പാടും സഹിച്ചു ജീവിച്ചു മരിക്കുന്ന സാധാരണ അച്ഛനില്‍ നിന്നും നക്ഷത്ര അകലെ നില്‍ക്കുന്ന ഒരച്ഛന്‍.
കുടം കൊണ്ടുള്ള കുര്യാക്കോയുടെ ശക്തിയേറിയ അടി തുടക്കത്തില്‍ കിട്ടുന്നത് പ്രേക്ഷകനാണ്. ഭര്‍ത്താവിന്റെ മരണം സ്വപ്നം കണ്ടിരിക്കുന്ന ഭാര്യ. പോരാതെ അത് ആസ്വദിച്ച് വിവരിക്കുന്നുമുണ്ട്. ആ ഭാര്യയെ കണ്ട് ആദ്യം ഒന്ന് അന്താളിച്ചു. ‘ഷീറ്റ് മാറേണ്ട അവിടെ കിടന്ന് കുതിരട്ടെ ‘ എന്ന വാക്കുകളും സഹതാപം ഉണര്‍ത്തുന്നത് ആയിരുന്നുവെങ്കിലും പതുക്കെ ചിത്രം തെളിഞ്ഞു വന്നു.
അപ്പനായി അലന്‍സിയര്‍ അഴിഞ്ഞാടിയ ചിത്രമായിരുന്നിട്ടും ആ മകനാണ് എന്റെ മനസ്സ് വല്ലാതെ ഉലച്ചു കളഞ്ഞത്.
പലപ്പോഴും ഏതൊരു പ്രേക്ഷകനും ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കാന്‍ തോന്നുന്ന വിധം സ്‌നേഹനിധിയായ ഒരു മകന്‍. അപ്പന്റെ കൊള്ളരുതായ്മകള്‍ കാരണം വെറുക്കപ്പെട്ടവനായി ജീവിക്കേണ്ടിവന്ന നിരന്തരം സംഘര്‍ഷങ്ങളില്‍ പെട്ട് ഉഴലുന്ന നൂഞ്ഞിനോട് വല്ലാത്ത സ്‌നേഹം തോന്നും.
അപ്പന്റെ നല്ലൊരു വാക്ക് പോലും കേള്‍ക്കാന്‍ ഭാഗ്യം ഇല്ലാത്തവനായിട്ടും നല്ലൊരു അപ്പനായി ജീവിക്കുന്ന, അവസാന നിമിഷം വരെ ‘പുത്രന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം കാണിച്ചുതന്നു.
കുട്ടിയമ്മയും റോസിയും ഷീല യും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും അതിശയിപ്പിച്ചത് ഗ്രേസാണ്. മുഖത്ത് മിന്നി പറയുന്ന ഭാവങ്ങള്‍ മനോഹരം ??. ആത്യന്തം ഡാര്‍ക്ക് ആയിപ്പോയ ഒരു ഫിലിമില്‍ മനസ്സിനെ pleasant ആക്കിയത് ഗ്രേസിന്റെ സാന്നിധ്യമാണ്. ഗ്രേസിന്റെ ഭര്‍ത്താവായി എത്തിയ നടനും വര്‍ഗീസും ബാലന്‍ മാഷും തുടങ്ങി വന്നവരെല്ലാം കൃത്യമായി നീതി പുലര്‍ത്തിയ കഥാ പാത്രങ്ങളായി മാറി കഥക്കു ജീവനുണ്ടാക്കി.
അവസാനം ‘അപ്പനെ ‘പറ്റി. എത്രയോ ക്രൂര കഥാ പാത്രങ്ങളെ സിനിമയിലും മറ്റുമായി കണ്ടിട്ടുണ്ടെങ്കിലും ഒരു സമയം പോലും ഒരു മനുഷ്യനോടും സ്‌നേഹമോ കടപ്പാടും തോന്നാത്ത ഒരു മനുഷ്യന്‍, അല്ല ആ വാക്കിന് പോലും അര്‍ഹതയില്ലാത്തവന്‍ ആണെന്ന് ക്ലൈമാക്‌സില്‍ പോലും കാണിച്ചുതന്ന ഒരു മനുഷ്യമൃഗം.
പൂതികള്‍ തീര്‍ക്കാന്‍ മാത്രമാണു ജീവിതം എന്നുള്ള നിലപാട് വച്ചുപുലര്‍ത്തുന്ന അപ്പനെ അലന്‍സിയര്‍ അവതരിപ്പിച്ചതിന്‌ലാകും ഇത്രയേറെ വിശ്വാസ്യത വന്നത്.
ആ ക്ലൈമാക്‌സില്‍ മനുഷ്യത്വത്തിന്റെ ഒരു എലമെന്റ്ഉം ഇല്ലാത്ത തനി കാട്ടുമൃഗം മാത്രമായി ജീവിച്ച അങ്ങനെ തന്നെ മരിക്കുന്ന അപ്പനെ വെറുപ്പ് കൊണ്ട് നൂഞ്ഞിന്റെ കയ്യില്‍ നിന്ന് ടാപ്പിംഗ് കത്തി വാങ്ങി പ്രേക്ഷകനു തന്നെ കൊല്ലാന്‍ തോന്നുന്ന വിധം ഗംഭീരമായി അലന്‍സിയര്‍ എന്ന നടന്‍ അപ്പനായി ജീവിച്ചു.
തിരക്കഥയുടെ ശക്തിയും cinematography യും സംഭാഷണങ്ങളും ഒക്കെ മികച്ചു നില്‍ക്കുന്നുവെങ്കിലും ചിത്രം ഇത്രയേറെ അഭിപ്രായം നേടുന്നത് സണ്ണി wane,ഗ്രേസ് പോളി വത്സന്‍, അലന്‍സിയര്‍ തുടങ്ങിയവരുടെ അഭിനയ മികവ് കൊണ്ട് തന്നെയാണെന്ന് പറഞ്ഞാണ് സന്ധ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.

‘വെള്ളം’ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരായ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രമാണ് ‘അപ്പന്‍’. തൊടുപുഴയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ചിത്രത്തിന്റെ തിരക്കഥ ആര്‍.ജയകുമാറും മജുവും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റര്‍ കിരണ്‍ ദാസ്, സംഗീതം ഡോണ്‍ വിന്‍സെന്റ്, സിങ്ക് സൗണ്ട് ലെനിന്‍ വലപ്പാട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദീപു ജി പണിക്കര്‍, മേക്കപ്പ് റോണെക്സ് സേവ്യര്‍, ആര്‍ട്ട് കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ സുരേഷ്, സ്റ്റില്‍സ് റിച്ചാര്‍ഡ്, ജോസ് തോമസ്.