താന്‍ നിര്‍മിച്ച സിനിമയുടെ സ്പിന്‍ ഓഫ് എടുക്കുന്നത് തന്നോട് പറയേണ്ട!! ഏറെ വേദനയുണ്ടാക്കി, നിര്‍മാതാവ് സന്തോഷ് ടി കുരുവിള

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ന്നാ താന്‍ കേസ് കൊട്’. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ സിനിമയുടെ സ്പിന്‍ ഓഫ് ചിത്രവും എത്തുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളായ…

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ന്നാ താന്‍ കേസ് കൊട്’. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ സിനിമയുടെ സ്പിന്‍ ഓഫ് ചിത്രവും എത്തുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളായ സുരേശനെയും സുമതലയുടെയും പ്രണയകഥയുമാണ് രണ്ടാമത്തെ ചിത്രം എത്തുന്നത്.

‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്നാണ് ചിത്രത്തിന്റെ പേര്. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തില്‍ സുരേശനും സുമലതയുമാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിച്ചു കഴിഞ്ഞും. കുഞ്ചാക്കോ ബോബന്റെ കൊഴുമ്മല്‍ രാജീവനും ചിത്രത്തില്‍ എത്തുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

എന്നാലിപ്പോഴിതാ ചിത്രത്തിന്റെ സ്പിന്‍ ഓഫ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’ ഒരുങ്ങുന്നതായി അറിഞ്ഞില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് സന്തോഷ് ടി. കുരുവിള.

സ്വന്തമായി നിര്‍മിച്ച സിനിമയുടെ സ്പിന്‍ ഓഫ് ചെയ്യുമ്പോള്‍ അത് തന്നോട് പറയാതിരുന്നത് വ്യക്തിപരമായി വേദനയുണ്ടാക്കിയെന്നാണ് സന്തോഷ് ടി. കുരുവിള പറയുന്നത്.

‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിനെ കുറിച്ച് തനിക്ക് 99 ശതമാനവും നല്ല ഓര്‍മകളാണുള്ളത്. പക്ഷേ ഇപ്പോള്‍ ഒരു ചീത്ത ഓര്‍മയുണ്ട്. ഞാന്‍ നിര്‍മിച്ച ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ സ്പിന്‍ ഓഫ് എന്ന പേരില്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങിപ്പോള്‍ നടക്കുന്നുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തന്നെയാണ് അതിന്റേയും സംവിധായകന്‍. പക്ഷേ എന്നോടിതുവരെ അതിനെ പറ്റിയൊരു വാക്ക് പോലും ആരും ചോദിച്ചിട്ടില്ല, ആ സിനിമ എടുത്തോട്ടെ എന്ന് നിര്‍മ്മാതാവ് പറയുന്നു.
Nna-Thaan-Case-Kodu
ഞാന്‍ പൈസ മുടക്കി എഴുതിപ്പിച്ച് അദ്ദേഹത്തിന് പൈസ കൊടുത്ത സിനിമയില്‍ നിന്നും സ്പിന്‍ ഓഫ് ചെയ്യുമ്പോള്‍ എന്നോടിതുവരെ ആ ചിത്രത്തിനെ പറ്റി ഒരു സൂചന പോലും തന്നില്ല. അവര്‍ സിനിമയെടുത്തോട്ടെ, താരങ്ങള്‍ അഭിനയിച്ചോട്ടെ, അതിലൊന്നും എനിക്ക് പ്രശ്‌നമില്ല. പക്ഷേ കഴിഞ്ഞ ദിവസമാണ് താന്‍ ഈ വാര്‍ത്ത അറിഞ്ഞത്. അത് ഏറെ വേദനയുണ്ടാക്കിയെന്നും സന്തോഷ് പറയുന്നു.

അതേസമയം, തനിക്ക് വേദനയുണ്ടെന്ന് വച്ച് അവര്‍ക്ക് സിനിമ ചെയ്യാതിരിക്കാന്‍ പറ്റിലല്ലോ. എന്നോട് ഒരുപാട് ആളുകള്‍ അതിനെതിരെ കേസ് കൊടുക്കാന്‍ പറഞ്ഞിരുന്നു. കേസിന് പോയാല്‍ തീര്‍ച്ചയായും വിജയിക്കും. പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷനില്‍ പരാതി കൊടുക്കാനും, വക്കീലിനെ വയ്ക്കാനുമൊക്കെ പറയുന്നുണ്ട്. പക്ഷേ ആ ചിത്രത്തിന്റെ നിര്‍മാതാവിന്റെ പണവും അണിയറ പ്രവര്‍ത്തകരുടെ അധ്വാനവുമെല്ലാം സിനിമയിലുണ്ട്, അതുകൊണ്ട് അതിനെതിരെ ഒരു നടപടിയ്ക്കില്ലെന്നും സന്തോഷ് പറയുന്നു.

അതേസമയം, ‘ഏലിയന്‍ അളിയന്‍’ എന്ന പേരില്‍ രതീഷ് തന്നെ എഴുതി എന്റെ അടുത്ത് റജിസ്റ്റര്‍ ചെയ്തിട്ടിരിക്കുന്ന ചിത്രം വേറൊരാളോടൊപ്പം ചെയ്യുമായിരിക്കും. പക്ഷേ ഒരിക്കലും എടുക്കാന്‍ അനുവദിക്കില്ല. ഞാന്‍ പൈസ മുടക്കി എഴുതിപ്പിച്ച് റജിസ്റ്റര്‍ ചെയ്തിട്ടിരിക്കുന്നതാണത്. ആ സിനിമ ചിലപ്പോള്‍ സംഭവിച്ചേക്കാം എന്നും സന്തോഷ് ടി. കുരുവിള പറയുന്നു.