‘ഈ ചിത്രം കാണുക എന്നതു തന്നെ ഒരു പ്രായശ്ചിത്തമാണെന്നു ഞാന്‍ കരുതുന്നു’- പടയെ കുറിച്ച് ശാരദക്കുട്ടി

കമല്‍ കെ എം സംവിധാനം ചെയ്ത പടയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടിയും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘പട ഒരു യഥാര്‍ഥ രാഷ്ട്രീയസമരത്തിന്റെ ചലച്ചിത്രാഖ്യാനമാണ്. ആ സമരകഥയൊക്കെ മറന്നു തുടങ്ങുന്ന…

saradhakutty fb post about pada movie

കമല്‍ കെ എം സംവിധാനം ചെയ്ത പടയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടിയും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘പട ഒരു യഥാര്‍ഥ രാഷ്ട്രീയസമരത്തിന്റെ ചലച്ചിത്രാഖ്യാനമാണ്. ആ സമരകഥയൊക്കെ മറന്നു തുടങ്ങുന്ന പുതിയ കാലത്തിനോട് കലയിലൂടെ നടത്തിയ മികച്ച ഒരു സംവേദനമായി ചിത്രം. കല ഇങ്ങനെയാകണം രാഷ്ട്രീയം സംസാരിക്കേണ്ടത് എന്ന് പലയിടത്തും കയ്യടിക്കാനും കൂടി മറന്ന് കണ്ടിരുന്നു’ എന്ന് ശാരദക്കുട്ടി കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോവിഡിനു ശേഷമുള്ള മികച്ച തീയേറ്ററനുഭവത്തിന് ‘പട’യാളികൾക്കു നന്ദി.
പട ഒരു യഥാർഥ രാഷ്ട്രീയസമരത്തിന്റെ ചലച്ചിത്രാഖ്യാനമാണ്. ആ സമരകഥയൊക്കെ മറന്നു തുടങ്ങുന്ന പുതിയ കാലത്തിനോട് കലയിലൂടെ നടത്തിയ മികച്ച ഒരു സംവേദനമായി ചിത്രം. കല ഇങ്ങനെയാകണം രാഷ്ട്രീയം സംസാരിക്കേണ്ടത് എന്ന് പലയിടത്തും കയ്യടിക്കാനും കൂടി മറന്ന് കണ്ടിരുന്നു.
തിരക്കഥാകൃത്തിന്റെ മിടുക്കു കാണിക്കലല്ല, തിരക്കഥയുടെ കയ്യടക്കമാണ് ഈ ചിത്രത്തിന്റെ മുറുക്കം. ദിശാബോധമുള്ള കാഴ്ചകളാണ് ചലച്ചിത്രത്തെ കൃത്യമാക്കുന്നത്. ഒരു ഷോട്ടും പാഴാകുന്നില്ല, ഒരു നോട്ടവും വാക്കും അധികപ്പറ്റാകുന്നില്ല. കുത്തിത്തിരുകിയ തമാശകളുടെ ചെടിപ്പിക്കലില്ല. ഒരിടത്തും ഒന്നും കൃത്രിമമാകുന്നില്ല. മികച്ച ക്യാമറ.
വിനായകനും കുഞ്ചാക്കോ ബോബനും ജോജുവും ദിലീഷ് പോത്തനും ഒപ്പം ഇന്ദ്രൻസും ഉണ്ണിമായയും കനികുസൃതിയും ജഗദീഷും വി.കെ. ശ്രീരാമനും പ്രകാശ് രാജും സാവിത്രിയേടത്തിയും ഒക്കെ വേവലാതിപ്പെട്ടു നടക്കുകയാണ്. ടെൻഷനിലാണ്. തിരക്കുകളിലാണ്. അതിനാൽ അവരുടെയാരുടെയും താരപ്പൊലിമയോ മഹിമയോ ഓർക്കാൻ പോലും സമയമില്ല. അവരുടെയൊന്നും സാന്നിധ്യം മുഴച്ചു നിൽക്കുന്നില്ല. ആൾത്തിരക്കിനിടയിൽ അവർ അപരിചിതരെ പോലെ നടക്കുന്നു. ഇന്റർവെൽ വരെ അവർക്കൊപ്പം തെരുവുകളിലും കളക്ട്രേറ്റ് ഓഫീസിലും പോലീസ് സ്റ്റേഷനിലും പ്രൈവറ്റ് ബസ്സിന്റെ പിന്നറ്റത്തു നിന്നു മുന്നറ്റത്തേക്കും മഫ്ടി പോലീസിനെ വെട്ടിച്ച് വീണ്ടും പിന്നറ്റത്തേക്കും പ്രേക്ഷകരും ഓടുകയാണ്. അവർക്കൊപ്പം ബസ്സിൽ നിന്നിറങ്ങി വീണ്ടും നടന്നു. നടപ്പോട് നടപ്പ്. ദൂരമറിഞ്ഞില്ല , വിശപ്പും ദാഹവുമറിഞ്ഞില്ല , ക്ഷീണമറിഞ്ഞില്ല.
പ്രിയപ്പെട്ട ഷൈൻ ടോം ചാക്കോ പോലും ആൾക്കൂട്ടത്തിലൊരാൾ മാത്രം. മലയാളിയല്ലാത്ത കളക്ടർ പറയുന്ന മലയാളം സാധാരണ അന്യഭാഷാകളക്ടർമാരുടെ മലയാളത്തിലായിരുന്നെങ്കിലെന്നു തോന്നി. അതിൽ കലർപ്പുള്ള മലയാളത്തിന്റെ ശോഭയുണ്ടാകേണ്ടതായിരുന്നു.
സിനിമ മുന്നോട്ടു വെക്കുന്ന ആശയത്തെ തീയേറ്ററിലെ കസേരക്കടിയിൽ തള്ളിക്കളഞ്ഞിട്ട് പുറത്തിറങ്ങി സിനിമയെ പുകഴ്ത്തുന്നതിലർഥമില്ല എന്നറിയാം. നിങ്ങളെന്റെ കറുത്ത മക്കളെച്ചുട്ടുതിന്നില്ലേ എന്നു കവിതയിൽ ചോദിക്കുകയും കരനാഥന്മാർക്കൊപ്പം നിന്ന് ആദിവാസികളുടെ കുഴിമാടം കുളം തോണ്ടുവാൻ ഒത്താശകൾ ചെയ്യുകയും ചെയ്യുന്നവരുടെ ഇരട്ടത്താപ്പ് ഓർമ്മിപ്പിക്കുകയാണ് സിനിമ .
അതെ . ഈ ചിത്രം കലാപരമായ ഓർമ്മപ്പെടുത്തലാണ്. മറന്നു പോകാൻ വളരെ എളുപ്പമായ ജീവിതങ്ങളെ കലയ്ക്കുചിതമായ ഉത്തരവാദിത്തബോധത്തോടെ, കലയ്ക്കു സാധ്യമായ കലാപ ഭംഗികളോടെ ഓർമ്മപ്പെടുത്തുന്നു. ഇരട്ടത്താപ്പുകൾ തുടരുകയാണെന്ന ശക്തമായ ഓർമ്മപ്പെടുത്തൽ .
ഈ ചിത്രം കാണുക എന്നതു തന്നെ ഒരു പ്രായശ്ചിത്തമാണെന്നു ഞാൻ കരുതുന്നു. ഞങ്ങൾക്ക് നിങ്ങൾക്കൊപ്പം നിൽക്കാൻ സാധ്യമാകാത്തതെന്തുകൊണ്ട് എന്ന് ഭരണകൂടങ്ങളോട് പറയാനുള്ള ഒരു വഴിയാകുന്നുണ്ട് ചിത്രം .
എസ്.ശാരദക്കുട്ടി