‘രഞ്ജുഷ ഒരുത്തനേയും തട്ടിയെടുത്തില്ല’ ; വ്യാജ പ്രചരണമെന്ന് കൂട്ടുകാരി സരിത

സീരിയല്‍ ലോകത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു നടി രഞ്ജുഷ മേനോന്റെ മരണം. പിന്നാലെ താരത്തെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള പല പ്രചരണവും സോഷ്യൽ മീഡിയയിലൂടെ നടന്നിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങള്‍ക്കെല്ലാം രഞ്ജുഷയുടെ സുഹൃത്തും നടിയുമായ സരിത…

സീരിയല്‍ ലോകത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു നടി രഞ്ജുഷ മേനോന്റെ മരണം. പിന്നാലെ താരത്തെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള പല പ്രചരണവും സോഷ്യൽ മീഡിയയിലൂടെ നടന്നിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങള്‍ക്കെല്ലാം രഞ്ജുഷയുടെ സുഹൃത്തും നടിയുമായ സരിത ബാലകൃഷ്ണന്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സരിതയുടെ പ്രതികരണം. രഞ്ജുഷയെ മൂന്ന് വര്‍ഷമായി അറിയാം. കുക്കറി ഷോയിലൂടെയാണ് പരിചയപ്പെടുന്നത്. ഞാന്‍ പോലുമറിയാതെ എന്റെ നല്ല സുഹൃത്തായി മാറുകയായിരുന്നു. ഒട്ടുമിക്ക കാര്യങ്ങളും എന്നോട് പറയുമായിരുന്നു. അവളുടെ സാഹചര്യം എനിക്കറിയാം. യൂട്യൂബില്‍ കാണുന്നതു പോലെ കടങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ രഞ്ജുഷയ്ക്ക് ഉണ്ടായിരുന്നില്ല. നല്ല സാമ്പത്തികമുള്ള കുടുംബമാണ്. അച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നും സരിത പറയുന്നു. സ്വന്തമായി രണ്ട് നില വീടുണ്ടായിരുന്നു. ഒരു വീട് നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയിരുന്നു. ഈയ്യടുത്ത് കുറച്ച് സ്ഥലം വാങ്ങിയിരുന്നു. അവിടെ വീട് വച്ച് വാടകയ്ക്ക് നല്‍കാനായിരുന്നു ആലോചന. തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും രണ്ട് സെന്റ് വിറ്റാല്‍ തീരുന്നത്ര സാമ്പത്തിക പ്രശ്‌നമേയുള്ളൂവെന്നും പറഞ്ഞിരുന്നു. മാനസികമാണ് തന്റെ പ്രശ്‌നമെന്നാണ് രഞ്ജുഷ പറഞ്ഞിരുന്നതെന്നും സരിത പറയുന്നു.

കുടുംബ ജീവിതം രഞ്ജുഷ ഒരുപാട് ആഗ്രഹിച്ചിരുന്നു. രഞ്ജുഷയെ അറിയുന്നവര്‍ക്ക് അതറിയാം. അഭിനയത്തേക്കാള്‍ കൂടുതല്‍ അവളൊരു കുടുംബ ജീവിതം ആഗ്രഹിച്ചിരുന്നു. മിസിസ് ഹിറ്റ്‌ലറിലൂടെയാണ് രഞ്ജുഷ മനോജ് ശ്രീലകവുമായി അടുക്കുന്നത്. നേരത്തേയും സുഹൃത്തുക്കളായിരുന്നു. മനോജും കുടുംബവുമായി അകന്നു കഴിയുകയായിരുന്നു. രഞ്ജുഷ രണ്ട് കുട്ടികളുള്ളയാളെ ഭാര്യയില്‍ നിന്നും തട്ടിയെടുത്തുവെന്ന് ചില കമന്റുകള്‍ കണ്ടിരുന്നു. അത് സത്യമല്ല. രണ്ട് പേരും വര്‍ഷങ്ങളായി വേര്‍ പിരിഞ്ഞ് കഴിയുന്നവരാണെന്നും സരിത ചൂണ്ടിക്കാണിക്കുന്നു. ഇവര്‍ അടുത്തതോടെയാണ് ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുന്നത്. രണ്ടുപേരും ഔദ്യോഗികമായി ഡിവോഴ്‌സ് ചെയ്തിട്ടില്ല. അതിനാലാണ് ലിവിംഗ് ടുഗദറിലേക്ക് പോയത്. വിവാഹം കഴിക്കാന്‍ സാധിക്കുമായിരുന്നില്ല. അതാണ് സത്യം. മകള്‍ ലച്ചുവിനോട് അവള്‍ക്ക് ഭയങ്കര സ്‌നേഹമായിരുന്നു.

അവളുടെ അമ്മയെക്കുറിച്ചും എപ്പോഴും പറയുമായിരുന്നു. തനിക്ക് വേണ്ടിയാണ് അമ്മ തന്റെ ഭാവി കളഞ്ഞതെന്നും താന്‍ ജീവിക്കുന്നത് മകള്‍ക്കും അമ്മയ്ക്കും വേണ്ടിയാണെന്ന് പറയുമായിരുന്നുവെന്നും സരിത ഓര്‍ക്കുന്നു. മരണത്തെക്കുറിച്ച് പേടിയുള്ളവളായിരുന്നു. മരിക്കുവാണെങ്കില്‍ എന്റെ കുഞ്ഞിന്റെ മുഖം കണ്ടിട്ട് മരിക്കണം എന്ന് പറയുന്നവളാണ്. കൊളസ്‌ട്രോള്‍ കൂടിയപ്പോഴും പേടിച്ച് ഞാന്‍ മരിച്ചു പോകുമോ എന്ന് പറഞ്ഞ് കരഞ്ഞവളാണ്. ഞാന്‍ മരിച്ചാല്‍ എന്റെ കുഞ്ഞിന് ആരുണ്ടെന്ന് ചോദിക്കും. അങ്ങനെ പറഞ്ഞവള്‍ ആത്മഹത്യ ചെയ്തുവെന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഒരുപക്ഷെ എല്ലാ കാര്യങ്ങളും എന്നോട് പങ്കുവച്ചിട്ടുണ്ടാകില്ല. നല്ലൊരു സുഹൃത്തിനെ കിട്ടാത്തതു കൊണ്ടാകാം അതെന്നും സരിത അഭിപ്രായപ്പെടുന്നു. ജീവിതം ആസ്വദിക്കണം എന്ന് കരുതുന്നവളായിരുന്നു. മകളെക്കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു. അവള്‍ ഇങ്ങനെ ചെയ്യണമെങ്കില്‍ അവളുടെ മനസില്‍ അത്രയും വിഷമമുണ്ടാകണം. അതും അവളുടെ പിറന്നാള്‍ ദിവസം. മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നവളായിരുന്നു. വിദേശത്ത് ജോലി നോക്കണമെന്നും പറയുമായിരുന്നു. ജീവിക്കാന്‍ ഒരുപാട് ആഗ്രഹിച്ചവളാണ്. എന്തിന് ഇങ്ങനെ ചെയ്തുവെന്ന് അറിയില്ലെന്നാണ് സരിത പറയുന്നത്. നെഗറ്റീവ് കമന്റിടുന്നവരോട് പറയാനുള്ളത്, അവള്‍ ആരേയും തട്ടിയെടുത്തിട്ടില്ല. പിരിഞ്ഞു നില്‍ക്കുകയായിരുന്നു അവളും അദ്ദേഹവും. അവളെ ഇങ്ങനെ കുറ്റം പറയരുത്. അവളെ അറിയുന്നവര്‍ക്ക് വേദനിക്കുമെന്നും സരിത വികാരഭരിതയാവുന്നു.