കടുവാക്കുന്നേല്‍ കുറുവച്ചനാകേണ്ടിയിരുന്നത് മോഹന്‍ലാല്‍, പിന്നെ എന്തുകൊണ്ട് വേണ്ടെന്ന് വെച്ചു; ഷാജി കൈലാസ് പറയുന്നു

പൃഥിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് കടുവ. സമീപ കാലത്ത് ഇറങ്ങിയതില്‍ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ഇത്. പാലായിലെ പ്രമാണിയായ കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന പ്രമാണിയുടെ കഥയാണ് പറഞ്ഞത്. ചിത്രം റിലീസിനൊരുങ്ങിയപ്പോഴേക്കും വലിയ നിയമക്കുരുക്കുകള്‍ക്കിടയാക്കിയിരുന്നു. ചിത്രം തന്റെ കഥയാണ് പറയുന്നതെന്നാരോപിച്ച് കുറുവച്ചന്‍ എന്നയാളാണ് പരാതി നല്‍കിയത്. ഇപ്പോഴിതാ കടുവ സിനിമ സംബന്ധിച്ച കൂടുതല്‍ വിശേഷങ്ങള്‍ പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.

കുറുവച്ചന്റെ വീട്ടില്‍ കടുവയുടെ സ്‌ക്രിപ്റ്റുമായി താന്‍ പോയിട്ടില്ല എന്നാണ് ഷാജി കൈലാസ് പറയുന്നത്. കുറുവച്ചനെ കണ്ടിട്ടാണ് വ്യാഘ്രം എന്ന ചിത്രം പ്ലാന്‍ ചെയ്തതെന്നും അതില്‍ മോഹന്‍ലാലിനെയാണ് നായകനായി കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ കടുവ സ്‌ക്രിപ്റ്റിന് വേണ്ടി കടുവക്കുന്നേല്‍ കുറുവച്ചന്റെ വീട്ടില്‍ പോയിട്ടില്ല. എഫ്.ഐ.ആര്‍ എന്ന സിനിമക്ക് ലൊക്കേഷന്‍ നോക്കാനാണ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്. അതായിരുന്നു അദ്ദേഹവുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച. പിന്നെ കണ്ടിട്ടില്ല. അന്ന് ആ വീട് കണ്ടതിന് ശേഷം അദ്ദേഹം തന്നെ ഞങ്ങളെ കുറച്ച് ലോക്കേഷന്‍ കാണിച്ചു. അല്ലാതെ സിനിമ ചെയ്യണം എന്ന് പറഞ്ഞ് പോയിട്ടില്ല. മൂന്നോ നാലോ മണിക്കൂര്‍ അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചപ്പോള്‍ ഒരു ക്യാരക്റ്റര്‍ എനിക്ക് കിട്ടി’ എന്നാണ് ഷാജി കൈലാസ് പറഞ്ഞത്.കുറുവച്ചന്റെ ആ കഥാപാത്രത്തെപ്പറ്റി രണ്‍ജി പണിക്കരുമായി സംസാരിച്ചിരുന്നുവെന്നും ഈ കഥാപാത്രത്തെ പറ്റി രണ്‍ജിക്ക് നേരത്തെ അറിയാമായിരുന്നു എന്നും ഷാജി കൈലാസ് പറഞ്ഞു. അങ്ങനെ ഒരു ചര്‍ച്ച നടക്കുകയും മോഹന്‍ലാലിനെ നായകനാക്കി വ്യാഘ്രം എന്ന പേരില്‍ സിനിമ ആക്കാം എന്ന് വിചാരിക്കുകയും ചെയ്തു. ആന്റണി പെരുമ്പാവൂരുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തുകയും വ്യാഘ്രം എന്ന ടൈറ്റില്‍ ഇട്ട് പോവുകയായിരുന്നു. പക്ഷേ എന്തോ ഭാഗ്യക്കേട് കൊണ്ട് അത് നടന്നില്ലെന്നും അത് എന്താണെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ലെന്നും ഷാജി കൈലാസ് വ്യക്തമാക്കി.

പിന്നീട് ജിനു കടുവയുടെ സ്‌ക്രിപ്റ്റുമായി വരുമ്പോഴും പണ്ട് രണ്‍ജി ഇങ്ങനെ ഒരു കഥയെ പറ്റി പറഞ്ഞ കാര്യം താന്‍ പറഞ്ഞിരുന്നെന്നും അത് എടുക്കുന്നില്ല എന്ന് അറിഞ്ഞതുകൊണ്ടാണ് ഞാന്‍ ആ കഥാപാത്രത്തില്‍ നിന്നും കുറച്ച് എടുത്ത് ഒരു സ്‌ക്രിപ്റ്റ് എഴുതിയതെന്ന് ജിനു പറഞ്ഞുവെന്നും എന്നാല്‍ മുഴവനുമില്ല, ആ കഥാപാത്രത്തിന്റെ കുറച്ച് സ്വാധീനമുണ്ട്. അതുപോലത്തെ കുറച്ച് കഥാപാത്രം ഉണ്ട്. അതെല്ലാം കൂടെ അടിച്ചു കലക്കി കൊണ്ടു വന്നതാണെന്നാണ് ജിനു പറഞ്ഞതെന്നും ഷാജി കൈലാസ് പറഞ്ഞു.

 

Previous articleപിഎസ്​സി പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞില്ല; മനംനൊന്ത് യുവതി മകളെ കൊന്ന് തൂങ്ങിമരിച്ചു
Next articleഞാന്‍ ഇത്രയും തള്ളിയിട്ടും നിങ്ങള്‍ക്ക് ‘പാപ്പന്‍’ ഇഷ്ടമായില്ലെങ്കില്‍ എന്നെ തെറി വിളിച്ചോളൂ… ഗോകുല്‍ സുരേഷ്