ഇന്ന് ശാലിനിയുടെ പിറന്നാൾ തരംഗമാകുന്നു കുറിപ്പ് ഇങ്ങനെ !!

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ, ബേബി ശാലിനിയുടെ കവർ പേജുള്ള നോട്ട് ബുക്കുകൾ മാത്രം വാങ്ങുന്ന, ശാലിനിയുടെ ഫോട്ടോ ബുക്കിനുള്ളിൽ വച്ച് ഇടക്കിടെ ഉമ്മ കൊടുക്കുന്ന ഒരു സുഹൃത്തതുണ്ടായിരുന്നൂ. ബേബി ശാലിനി എൻ്റേത് എന്നുംപറഞ്ഞ് പരസ്പരം…

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ, ബേബി ശാലിനിയുടെ കവർ പേജുള്ള നോട്ട് ബുക്കുകൾ മാത്രം വാങ്ങുന്ന, ശാലിനിയുടെ ഫോട്ടോ ബുക്കിനുള്ളിൽ വച്ച് ഇടക്കിടെ ഉമ്മ കൊടുക്കുന്ന ഒരു സുഹൃത്തതുണ്ടായിരുന്നൂ. ബേബി ശാലിനി എൻ്റേത് എന്നുംപറഞ്ഞ് പരസ്പരം തല്ല് കൂടിയ രണ്ട് സുഹൃത്തുക്കളെയും ഓർക്കുന്നു. വീടുകളിലും, കടകളിലും ശാലിനിയുടെ ഫോട്ടോ പതിപ്പിച്ച കലണ്ടറുകൾ കാണാമായിരുന്നു. ശാലിനിയെ സ്വന്തം മകളെപ്പോലെ കണ്ടിരുന്ന അമ്മമാരും ധാരാളം. പറഞ്ഞുവന്നത് 80 കളിൽ ബേബി ശാലിനിക്കുണ്ടായിരുന്ന ജനപ്രീതിയെക്കുറിച്ചാണ്.

ഒരുകാലത്ത് സിനിമവിജയിക്കാനുള്ള ഒരു പ്രധാന ഘടകമായിരുന്നു ബേബി ശാലിനി എന്ന ബാലനടി. നവോദയ നിർമ്മിച്ച ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിലൂടെ കടന്നു വന്ന ശാലിനി സൗത്ത് ഇന്ത്യൻ സിനിമാ ലോകം അടക്കി വാണ ഒരേയൊരു ബാല നടി എന്ന വിശേഷണത്തിന് എന്ത് കൊണ്ടും അർഹയാണ്. സൂപ്പർ താരങ്ങളുടെ വരെ ചിത്രങ്ങൾക്ക് ബേബി ശാലിനി ഒരു വിജയ ചേരുവയായിരുന്നു. സന്ദർഭം, ചക്കരയുമ്മ, ഒന്നാണ് നമ്മൾ, അക്കച്ചിയുടെ കുഞ്ഞുവാവ തുടങ്ങി പല ചിത്രങ്ങളിലും പ്രധാന ആകർഷണങ്ങളിലൊന്ന് ശാലിനിയായിരുന്നു. ആനയ്ക്കൊരുമ്മ, മിനിമോൾ വത്തിക്കാനിൽ, ഒരു നോക്കു കാണാൻ ഒക്കെ പോലെ ശാലിനിയെ കേന്ദ്ര കഥാപാത്രമാക്കി സൃഷ്ടിച്ച മൾട്ടി സ്റ്റാർ സിനിമകളും ധാരാളം.

അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ നികുതി ദായക എന്ന പദവി അലങ്കരിക്കത്തക്ക വിധം തിരക്കേറിയ ബാലതാരമായിരുന്നു (ആ റിക്കാർഡ് തകർത്തത് അനിയത്തി ശ്യാമിലി ആയിരുന്നു) ശാലിനി. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടെയും സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ബേബി ശാലിനി എന്ന കൊച്ചു സൂപ്പർ താരം. ഓമനത്തം നിറഞ്ഞ മുഖവും കൂസൃതി കണ്ണുകളുമുള്ള ശാലിനി അഭിനയത്തിന്റെ കാര്യത്തിൽ പലപ്പോഴും മുതിർന്ന താരങ്ങളെ പോലും കടത്തി വെട്ടി.മുതിർന്ന ശേഷവും അനിയത്തി പ്രാവിലൂടെ തിരിച്ചു വന്ന ശാലിനി മലയാളത്തിലും, തമിഴിലുമായി ധാരാളം ഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ചു. പിന്നീട് സൂപ്പർ താരം അജിത് കുമാറുമായുള്ള വിവാഹ ശേഷം സിനിമാ രംഗത്ത് നിന്നും വിട വാങ്ങി.ശാലിനിക്ക് മുൻപോ ശേഷമോ അത്രയും ശക്തമായ താരപദവി അലങ്കരിച്ച മറ്റൊരു ബാലതാരം ഉണ്ടായിട്ടില്ല.