ഗുരുവായൂരപ്പനെ സാക്ഷിയാക്കി പുതിയ ജീവിതം!!! വിവാഹവാര്‍ത്ത പങ്കുവച്ച് ശാലിനി നായര്‍

ബിഗ് ബിസ് സീസണ്‍ 4 മത്സരാര്‍ഥിയായെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് ശാലിനി നായര്‍. തന്റെ ജീവിതത്തിലേക്ക് പുതിയ കൂട്ട് എത്തിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് ശാലിനി ഇപ്പോള്‍. വിവാഹ ചിത്രം പങ്കുവച്ചാണ് ശാലിനിയുടെ പോസ്റ്റ്. തൃശ്ശൂര്‍ സ്വദേശിയായ ദിലീപ് ആണ് വരന്‍. ഖത്തറിലാണ് ദിലീപ് ജോലി ചെയ്യുന്നത്.

”എന്തെഴുതണമെന്നറിയാതെ വിരലുകള്‍ നിശ്ചലമാവുന്ന നിമിഷം. വിറയ്ക്കുന്ന കൈകളോടെ, നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവയ്ക്കുകയാണ്. സമൂഹത്തിന് മുന്നില്‍ ഒരിക്കല്‍ ചോദ്യ ചിഹ്നമായവള്‍ക്ക്, അവളെ മാത്രം പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കുന്ന കുഞ്ഞിന്, താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്, മുന്നോട്ടുള്ള ജീവിതത്തില്‍ കരുതലായി കരുത്തായി ഒരാള്‍ കൂട്ട് വരികയാണ്..ദിലീപേട്ടന്‍!

ഞാന്‍ വിവാഹിതയായിരിക്കുന്നു. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പുതിയ ജീവിതം തുടങ്ങുകയാണ് സ്‌നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.” വിവാഹ ചിത്രത്തിനൊപ്പം ശാലിനി കുറിച്ചു.

ശാലിനിയുടെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിത കഥയെല്ലാം താരം പങ്കുവച്ചിട്ടുണ്ട്. ആങ്കറിംഗ് ആയിരുന്നു ശാലിനി ചെയ്തിരുന്നത്. ചെറുപ്രായത്തിലായിരുന്നു ആദ്യ വിവാഹം. സിംഗിള്‍ മദറാണെന്ന് താരം ഷോയില്‍ വ്യക്തമാക്കിയിരുന്നു.

നിരവധി പേരാണ് ശാലിനിയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. ശാലിനിയുടെ സഹമത്സരാര്‍ത്ഥികളായിരുന്ന ജാസ്മിന്‍ മൂസ, സൂരജ് തേലക്കാട്, സൂര്യ എന്നിവരൊക്കെ ശാലിനിയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.