‘അന്ന് കരഞ്ഞ് കരഞ്ഞ് ബോധം പോയി, മരവിച്ച അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്’; വിഷാദ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രുതി

ഇന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് ശ്രുതി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. എപ്പോഴും സഹോദരനോട് വഴക്കിടുന്ന പൈങ്കിളി എന്ന കഥാപാത്രമാണ് ശ്രുതിയുടേത്. സീരിയലില്‍ ഇത്തിരി കോമഡിയാണെങ്കിലും ജീവിതത്തില്‍ അങ്ങനെയല്ല…

ഇന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് ശ്രുതി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. എപ്പോഴും സഹോദരനോട് വഴക്കിടുന്ന പൈങ്കിളി എന്ന കഥാപാത്രമാണ് ശ്രുതിയുടേത്. സീരിയലില്‍ ഇത്തിരി കോമഡിയാണെങ്കിലും ജീവിതത്തില്‍ അങ്ങനെയല്ല എന്ന് വെളിപ്പെടുത്തുകയാണ് താരം. ഒരു ഇന്റര്‍വ്യുവിലാണ് താന്‍ നേരിട്ട കടുത്ത ഡിപ്രഷനെ കുറിച്ച് ശ്രുതി വ്യക്തമാക്കിയത്.

‘എനിക്കൊരു അടുത്ത സുഹൃത്ത് ഉണ്ടായിരുന്നു. സുഹൃത്ത് എന്ന് പറഞ്ഞാല്‍, ഞാന്‍ എന്റെ അനിയനെ പോലെയാണ് അവനെ കൊണ്ടു നടന്നിരുന്നത്. എന്റെ കൊളേജ് കാലം കോയമ്പത്തൂര് ആയിരുന്നു. പെട്ടന്ന് പഴയ സുഹൃത്തുക്കളൊന്നും ഇല്ലാതെ, വേറൊരു ഭാഷയ്ക്ക് നടുവില്‍ ചെന്ന് പെട്ടപ്പോള്‍ എനിക്ക് ഭയങ്കര പ്രയാസമായിരുന്നു. അവിടെ എനിക്ക് ഇവന്‍ മാത്രമായിരുന്നു കൂട്ട്. എന്നാല്‍ ഒരു ദിവസം ഞാന്‍ കണ്ടത് അവന്‍ എന്നെ പാടെ തഴഞ്ഞ്, എന്റെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ടിക്കുന്നതാണ്. അത് എനിക്ക് അത് വലിയ വേദനയായി. അത് എന്നെ എത്തിച്ചത് ഭീകരമായ ഒരു സാഹചര്യത്തിലാണ്. ഹോസ്റ്റലില്‍ നിന്ന് ഞാന്‍ ഭയങ്കരമായി കരഞ്ഞു’ എന്നായിരുന്നു ശ്രുതിയുടെ വാക്കുകള്‍.

അന്ന് ഷവര്‍ തുറന്നിട്ട് കരഞ്ഞ് ശ്വാസം കിട്ടാതെയായി എന്നും കുറേ നേരം കഴിഞ്ഞപ്പോള്‍ ഒച്ച ഒന്നും കേള്‍ക്കാതായപ്പോള്‍ തന്റെ ഹോസ്റ്റല്‍മേറ്റ്സ് മറ്റ് സുഹൃത്തുക്കളെ വിളിച്ച് വാതില്‍ തള്ളി തുറക്കുകയായിരുന്നുവെന്നും ശ്രുതി പറഞ്ഞു. ‘അവര്‍ വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഞാന്‍ ബോധം കെട്ട് കിടക്കുന്നത് ആണ്. ആകെ തണുത്ത് മരവിച്ച അവസ്ഥയിലായിരുന്നു ഞാന്‍. അവിടെ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞു, പേടിക്കാനൊന്നും ഇല്ല ആന്‍സൈറ്റി ഡിസോഡര്‍ ആണ്. ഡിപ്രഷന്റെ പ്രശ്നം ഉള്ള കുട്ടിയാണ്. പാനിക്ക് അറ്റാക്ക് ആയത് ആണ്’ എന്ന്. ആ സമയത്താണ് എന്റെ സുഹൃത്തുക്കള്‍ അറിയുന്നത് ഞാനൊരു വിഷാദ രോഗിയാണ് എന്ന്. ഞാന്‍ വളരെ രഹസ്യമായി വച്ച കാര്യമായിരുന്നു അത്, എന്നിലൂടെ അത് ആരും അറിഞ്ഞിരുന്നില്ല’. എന്നായിരുന്നു ശ്രുതി പറഞ്ഞത്.

ഡിപ്രഷന്‍ അഥവാ, വിഷാദ രോഗം എന്ന് പറഞ്ഞാല്‍ എന്താണ് എന്ന് പലര്‍ക്കും അത് അനുഭവിച്ച ആളെന്ന നിലയില്‍ തന്റെ അവസ്ഥ പറയാന്‍ സാധിയ്ക്കുമെന്നും പക്ഷെ എല്ലാവര്‍ക്കും അതിന് കഴിയില്ല എന്നുമാണ് ശ്രുതി വ്യക്തമാക്കിയത്. ‘എല്ലാ ഡിപ്രഷനും ഒരുപോലെയല്ല. ചിലര്‍ പറയും അവന്‍/ അവള്‍ ഷോ ഓഫ് കാണിക്കുകയാണ് എന്ന്. അല്ല, അവരുടെ അവസ്ഥ പറഞ്ഞ് ഫലിപ്പിയ്ക്കാന്‍ കഴിയാതെയാവുമ്പോള്‍ സ്വയം വേദനിപ്പിയ്ക്കുന്നതാണ്. ആത്മഹത്യ പ്രവണതയും ഉണ്ടാവും. എനിക്കും ഉണ്ടായിട്ടുണ്ട്’ എന്നും ശ്രുതി കൂട്ടി്‌ച്ചേര്‍ത്തു. മനസിലെ ദുഃഖം എന്തുതന്നെയായാലും അത് നമ്മളുടെ ഉള്ളില്‍ നിന്നും എടുത്ത് കഴിഞ്ഞാല്‍ മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നും അത് സ്വന്തം അനുഭവത്തില്‍ നിന്നും പറയുന്നതാണെന്നും ശ്രുതി പറഞ്ഞു.