Film News

‘ആര്‍ക്കെങ്കിലും മമ്മൂക്കയുടെ മുഖത്ത് നോക്കി തുപ്പാന്‍ തോന്നുമോ’ ; മനസ്സ് തുറന്ന് ശ്വേതാമേനോൻ 

ചെറിയ പ്രായത്തില്‍ വെള്ളിത്തിരയിലേക്ക് എത്തി , പിന്നീട് വലിയ നടിയായി മാറിയ താരസുന്ദരിയാണ് ശ്വേത മേനോന്‍. ഇന്ന് മലയാളത്തിലടക്കം മുന്‍നിരയിലുള്ള നടി തന്റെ ആദ്യ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് ശ്വേത മേനോന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. 1991ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലാണ് ശ്വേത ആദ്യമായി അഭിനയിക്കുന്നത്. അന്ന് സിനിമയെ വളരെ ലാഘവത്തോടെയാണ് താന്‍ കണ്ടിരുന്നതും പോക്കറ്റ് മണി മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും പറയുകയാണ് നടി. മുന്‍പ് മലയാളത്തിലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്വേത മേനോന്‍. ആ അഭിമുഖമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആദ്യമായി മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ പതിനാറ് വയസ് തുടങ്ങിയിട്ട് മൂന്ന് മാസം എന്തോ ആയിട്ടേയുള്ളു. എന്നെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നതിനെ പറ്റിയുള്ള കൂടുതല്‍ ചിന്തകളൊന്നും ഇല്ലായിരുന്നു.

അന്നൊക്കെ വെറും കുട്ടിക്കളി ആയിരുന്നു എന്നെ സംബന്ധിച്ച്. ഫാമിലി ഡോക്ടര്‍ വിളിച്ചിട്ട് ഇങ്ങനൊരു സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞു. ഞാന്‍ ഓക്കെ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം പോക്കറ്റ്മണി കിട്ടുക എന്നത് മാത്രമായിരുന്നു അന്നത്തെ ആവശ്യം. എല്ലാ ഡയലോഗും പറയുന്നതിന് മുന്‍പ് മമ്മൂക്ക എനിക്ക് ഫൈവ് സ്റ്റാര്‍ ചോക്ലേറ്റ് തരും. അതൊക്കെയായിരുന്നു എനിക്ക് പ്രധാന്യമായി ഉണ്ടായിരുന്നത്. അല്ലാതെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ കൂടെ അഭിനയിക്കാം എന്നുള്ള ആഗ്രഹമൊന്നും അന്നെനിക്ക് ഇല്ല. ആ സിനിമയില്‍ അഭിനയിച്ചാല്‍ അന്‍പതിനായിരം രൂപ എനിക്ക് പോക്കറ്റ് മണിയായി കിട്ടും. അത് വെച്ചിട്ട് എന്തൊക്കെ ചെയ്യുമെന്നാണ് അന്ന് ചിന്തിച്ചിരുന്നത്. എന്നാല്‍ പാലേരി മാണിക്യത്തില്‍ വീണ്ടും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ചിന്തിച്ചതൊന്നും അങ്ങനെയായിരുന്നില്ല. ഞാനൊത്തിരി വളര്‍ന്നു, കുറേ ലോകം കണ്ടു, ഒരു പ്രൊഫഷണലായെന്ന് പറയാമെന്ന്’ ശ്വേത മേനോന്‍ പറയുന്നു. പാലേരി മാണിക്യത്തില്‍ ഞാന്‍ സീരിയസായി നില്‍ക്കുമ്പോള്‍ മമ്മൂക്കയ്ക്കായിരുന്നു കുട്ടിക്കളി.

ആദ്യ സിനിമയില്‍ മമ്മൂക്ക സീരിയസായി നിന്നു, അന്നെനിക്ക് തമാശ. ഇപ്പോള്‍ മമ്മൂക്ക കൂളായപ്പോള്‍ ഞാന്‍ സീരിയസായി. അദ്ദേഹത്തെ പോലൊരാളുടെ കൂടെ അഭിനയിക്കുമ്പോള്‍ കൂടുതലായി ഒന്നും പറയാനില്ല. ആ ചിത്രത്തില്‍ എന്റെ കഥാപാത്രം മമ്മൂക്കയുടെ കഥാപാത്രത്തിന്റെ നേരെ നോക്കി കാര്‍ക്കിച്ചു തുപ്പുന്നൊരു സീനുണ്ട്. അങ്ങനെ ചെയ്‌തെങ്കിലും തുപ്പലൊന്നും എനിക്ക് വന്നില്ല. വെറും ആക്ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആര്‍ക്കെങ്കിലും മമ്മൂക്കയുടെ മുഖത്ത് നോക്കി അങ്ങനെ തുപ്പാന്‍ തോന്നുമോ’, എന്നാണ് ശ്വേത മേനോന്‍ ചോദിക്കുന്നത്. ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ നീ അതൊന്നും ചിന്തിക്കേണ്ടതില്ല. നിന്റെ കഥാപാത്രമല്ലേ അങ്ങനെ ചെയ്യുന്നത്. ഒന്നും നോക്കാതെ ചെയ്യാന്‍ പറഞ്ഞു. പക്ഷേ എങ്ങനെ നോക്കിയിട്ടും എനിക്ക് തുപ്പലൊന്നും വരുന്നില്ല, പിന്നെന്ത് ചെയ്യുമെന്ന് താന്‍ തിരിച്ച് ചോദിച്ചതായി നടി സൂചിപ്പിക്കുന്നു. ഇനി ലാലേട്ടന്റെ കൂടെ അഭിനയിച്ച അനുഭവം പറയുകയാണെങ്കില്‍ ആദ്യം ‘ആലാരേ ഗോവിന്ദ’ എന്ന പാട്ട് സീനിലായിരുന്നു. ലാലേട്ടനെ എനിക്ക് സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ അറിയാം. അദ്ദേഹവും എന്റെ കുടുംബവും തമ്മില്‍ ബന്ധമുണ്ട്. ഞാന്‍ സിനിമയിലെത്തുന്നതിന് മുന്‍പേ എനിക്ക് അദ്ദേഹത്തെ അറിയാം. എന്നെ കാസ്റ്റ് ചെയ്തതിന് ശേഷമാണ് കീര്‍ത്തിചക്ര എന്ന സിനിമയില്‍ ലാലേട്ടനെ കാസ്റ്റ് ചെയ്യുന്നത്. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇക്കാര്യം ഞാന്‍ അദ്ദേഹത്തോട് പറയുമായിരുന്നു. വളരെ പ്രത്യേകമായൊരു ശൈലിയാണ് ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍. അത്രയും നിസാരമായിട്ടാണ് പുള്ളി അഭിനയിക്കുക. ലാലേട്ടന്റെയും മമ്മൂക്കയുടെയും കൂടെ ഇപ്പോഴും അഭിനയിക്കുമ്പോള്‍ ഞാന്‍ നെര്‍വസ് ആകാറുണ്ട്. പലപ്പോഴും വാക്കുകള്‍ കിട്ടാതെ തപ്പി തടയാറുണ്ടെന്നും ശ്വേത മേനോന്‍ പറയുന്നു.

Trending

To Top