യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ വിവേകിന് കഴിയുമോ? സസ്‌പെന്‍സ് നിറച്ച് എസ്.ജെ. സൂര്യയുടെ ‘വദന്തി’ ട്രെയിലര്‍

എസ്.ജെ. സൂര്യയും ലൈലയും പ്രധാന കഥാപാത്രങ്ങളാകുന്ന ആമസോണ്‍ ഒറിജിനല്‍ പരമ്പരയായ ‘വദന്തി – ദി ഫെബിള്‍ ഓഫ് വെലോനി’ എന്ന തമിഴ് ക്രൈം ത്രില്ലറിന്റെ ട്രെയ്ലര്‍ പുറത്ത്. വാള്‍വാച്ചര്‍ ഫിലിംസിലെ പുഷ്‌കറും ഗായത്രിയും ചേര്‍ന്നാണ്…

എസ്.ജെ. സൂര്യയും ലൈലയും പ്രധാന കഥാപാത്രങ്ങളാകുന്ന ആമസോണ്‍ ഒറിജിനല്‍ പരമ്പരയായ ‘വദന്തി – ദി ഫെബിള്‍ ഓഫ് വെലോനി’ എന്ന തമിഴ് ക്രൈം ത്രില്ലറിന്റെ ട്രെയ്ലര്‍ പുറത്ത്. വാള്‍വാച്ചര്‍ ഫിലിംസിലെ പുഷ്‌കറും ഗായത്രിയും ചേര്‍ന്നാണ് പരമ്പരയുടെ നിര്‍മ്മാണം. സംവിധാനം ആന്‍ഡ്രൂ ലൂയിസാണ്.

പരമ്പരയില്‍ ലൈല, സഞ്ജന, നാസ്സര്‍, വിവേക് പ്രസന്ന, ഹരീഷ് പേരടി, സ്മൃതി വെങ്കട്ട്, കുമാരന്‍ തങ്കരാജന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളാവുന്നത്. ഡിസംബര്‍ 2-ന് പ്രീമിയര്‍ ചെയ്യാനൊരുങ്ങുന്ന വദന്തിയില്‍ വിവേക് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് എസ്.ജെ സൂര്യയ്ക്ക്.

18 വയസ്സുള്ളവെലോണി എന്ന പെണ്‍കുട്ടിയുടെ കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ക്രൈം ത്രില്ലര്‍ ഒരുങ്ങുന്നത്. കൊലപാതകം അന്വേഷിക്കുന്ന നിശ്ചയദാര്‍ഢ്യമുള്ള പോലീസുകാരനാണ് വിവേക്. നുണകളുടെയും വഞ്ചനയുടെയും മുഖംമൂടി അഴിച്ചുമാറ്റി, മനുഷ്യബന്ധങ്ങളുടെയും ധാരണകളുടെയും ദുര്‍ബലത പരിശോധിക്കുന്ന ഈ പരമ്പര വദന്തി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ‘കിംവദന്തി’കളാല്‍ നിറഞ്ഞതാണ്.

വിവേകിന് കേസ് പരിഹരിക്കാന്‍ കഴിയുമോ? ക്രൂരമായ കുറ്റകൃത്യം നടത്തിയ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ അയാള്‍ക്ക് കഴിയുമോ? ഈ ആവേശം അയാളുടെ ജോലിയെയും വ്യക്തിജീവിതത്തെയും കുടുംബത്തെയും ബാധിക്കുമോ? എന്നിങ്ങനെ ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് സസ്‌പെന്‍സുകള്‍ നിറയ്ക്കുന്നത്. ആസ്വാദകരെ ത്രസിപ്പിക്കുന്ന ഈ ക്രൈം ത്രില്ലര്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളില്‍ ഇന്ത്യയുള്‍പ്പടെയുള്ള 240 രാജ്യങ്ങളില്‍ വദന്തി എത്തും.