പപ്പയുടെ മനസ്സ് നിറഞ്ഞിട്ടുണ്ടാവും, കാരണം അദ്ദേഹത്തിന്റെ ഓരോ ശ്വാസത്തിലും സിനിമയാണ്

35 വര്‍ഷത്തെ സിനിമാ പരമ്പരയുടെ പൈതൃകം ആഘോഷമാക്കുന്ന സിബിഐ പരമ്പരയിലെ മമ്മൂട്ടി-എസ്.എന്‍ സ്വാമി ചിത്രം സിബിഐ 5 ദി ബ്രെയ്ന്‍, മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായാണ് തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. ബുദ്ധി രാക്ഷസന്മാരായ കുറ്റാന്വേഷകരുടെ…

35 വര്‍ഷത്തെ സിനിമാ പരമ്പരയുടെ പൈതൃകം ആഘോഷമാക്കുന്ന സിബിഐ പരമ്പരയിലെ മമ്മൂട്ടി-എസ്.എന്‍ സ്വാമി ചിത്രം സിബിഐ 5 ദി ബ്രെയ്ന്‍, മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായാണ് തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. ബുദ്ധി രാക്ഷസന്മാരായ കുറ്റാന്വേഷകരുടെ കഥ പറയുന്ന ചിത്രം സമ്മിശ്ര പ്രതികരണവുമായി മുന്നേറുമ്പോള്‍ പല കാരണങ്ങള്‍കൊണ്ടും ചിത്രം ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അതില്‍ പ്രധാനമാണ് മുന്‍നിര മലയാള സിനിമയിലേയ്ക്കുള്ള അഭിനയ കുലപതി ജഗതി ശ്രീകുമാറിന്റെ മടങ്ങി വരവ്. ചിത്രത്തില്‍ ഇന്‍സ്‌പെക്ടര്‍ വിക്രം ആയി ജഗതി വീണ്ടും എത്തുമ്പോള്‍ ആ മടങ്ങി വരവിന്റെ യാത്രയെ കുറിച്ച് അദ്ദേഹത്തിന്റെ മകന്‍ രാജ്കുമാറിന് പങ്കുവയ്ക്കാനുള്ളത് നിരവധി കാര്യങ്ങളാണ്.

ജഗതി സിനിമയിലേയ്ക്ക് മടങ്ങി എത്തുകവഴി താന്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയായതായി രാജ്കുമാര്‍ പറയുന്നു. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചതിന് ശേഷം ജീവച്ഛവമായി ഇരുന്ന പിതാവ് തിരിച്ച് ജീവിതത്തിലേയ്ക്കും സിനിമയിലേയ്ക്കും വരണേ എന്നായിരുന്നു ഏവരുടെയും ആഗ്രഹം. ഈ ലക്ഷ്യത്തോടെയാണ് താന്‍ ജഗതി ശ്രീകുമാര്‍ എന്റെര്‍ടെയ്ന്‍മെന്റ് എന്ന നിര്‍മാണ കമ്പനി ആരംഭിച്ചത്. രണ്ട് പരസ്യ ചിത്രങ്ങളും സംഗീത ആല്‍ബങ്ങളും ചെയ്തു.

ആ പരസ്യ ചിത്രങ്ങളിലൂടെ അദ്ദേഹത്തെ തിരികെ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവന്നു. സി ബി ഐ അഞ്ചാം ഭാഗത്തിലൂടെ അദ്ദേഹത്തെ വെള്ളിത്തിരയില്‍ തിരിച്ച് കൊണ്ടുവരാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സിബിഐ പരമ്പരയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്ന എന്ന വാര്‍ത്ത സിനിമാ ലോകത്ത് ഉണ്ടാക്കിയ ഊര്‍ജ്ജം ചെറുതൊന്നുമല്ല. ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് അഞ്ച് ഭാഗങ്ങള്‍ ഒരുങ്ങുന്നത്. ഈ പ്രത്യേകതയ്ക്കും അപ്പുറം പരമ്പരയിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നായ ഇന്‍സ്‌പെക്ടര്‍ വിക്രം ആയി ജഗതി ഇല്ലാ എന്നത് സിനിമാ പ്രേമികള്‍ക്ക് വലിയ ദുഖം സമ്മാനിച്ചു. എന്നാല്‍ സിനിമയില്‍ ജഗതി ഉണ്ടാകുമെന്ന വാര്‍ത്ത പിന്നീട് പുറത്തുവന്നത് ആരാധകര്‍ക്ക് ആവേശവുമായി.

ചിത്രത്തില്‍ വിക്രമായി ജഗതി വീണ്ടും എത്തിയപ്പോള്‍ വിക്രത്തിന്റെ മകന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലും അച്ഛന്റെ മകനായി രാജ്കുമാറും സിബിഐ 5 ല്‍ എത്തി. അച്ഛന്റെ കൂടെയുള്ള സിനിമാ പ്രവേശനം വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് രാജ്കുമാര്‍ പിന്നീട് പ്രതികരിച്ചു.