സൈബര്‍ തട്ടിപ്പ്; സോനം കപൂറിന്റെ കുടുംബത്തിന് 27 കോടി രൂപയുടെ നഷ്ടം

ബോളിവുഡ് താരം സോനം കപൂറിന്റെ കുടുംബം സൈബര്‍ തട്ടിപ്പിന് ഇരയായി. താരത്തിന്റെ ഭര്‍ത്തൃപിതാവ് ഹരീഷ് അഹൂജയ്ക്ക് 27 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹരീഷ് അഹൂജയുടെ ഷാഹി എക്സ്പോര്‍ട്ട് ഫാക്ടറിയില്‍ നിന്നാണ്…

Sonam Kapoor’s father-in-law Harish Ahuja’s firm duped over Rs 27 crore

ബോളിവുഡ് താരം സോനം കപൂറിന്റെ കുടുംബം സൈബര്‍ തട്ടിപ്പിന് ഇരയായി. താരത്തിന്റെ ഭര്‍ത്തൃപിതാവ് ഹരീഷ് അഹൂജയ്ക്ക് 27 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹരീഷ് അഹൂജയുടെ ഷാഹി എക്സ്പോര്‍ട്ട് ഫാക്ടറിയില്‍ നിന്നാണ് സംഘം തട്ടിപ്പ് നടത്തിയത്.

സംഭവത്തില്‍ സൈബര്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ മനോജ് റാണ, മനീഷ് കുമാര്‍, പ്രവീണ്‍ കുമാര്‍, ലളിത് കുമാര്‍ ജെയ്ന്‍ എന്നിവരും മുംബൈ സ്വദേശി ഭൂഷണ്‍ കിഷന്‍ താക്കൂര്‍, ചെന്നൈ സ്വദേശി സുരേഷ് കുമാര്‍ ജെയ്ന്‍, കര്‍ണാടക സ്വദേശി ഗണേശ് പരശുറാം, മഹാരാഷ്ട്ര സ്വദേശി രാഹുല്‍ രഘുനാഥ്, പൂനെ സ്വദേശി സന്തോഷ് സീതാറാം എന്നിവരാണ് അറസ്റ്റിലായത്.

വ്യാജ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റിന്റെ സഹായത്തോടെ ഷാഹി എക്സ്പോര്‍ട്ട് ഫാക്ടറിയുടെ സ്റ്റേറ്റ് റിബേറ്റ്, സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് ലെവീസ് ലൈസന്‍സുകള്‍ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അഹൂജയുടെ സ്ഥാപനം പരാതി നല്‍കിയതിനെത്തുടര്‍ന്ന് നിശ്ശബ്ദമായി കേസന്വേഷണം നടന്നു വരികയായിരുന്നു. ഡിസംബര്‍ 23നാണ് കേസുമായി ബന്ധപ്പെട്ട അവസാന അറസ്റ്റ് നടന്നതെന്നും പൊലീസ് അറിയിച്ചു.

പ്രതികളില്‍ മുന്‍ ക്ലര്‍ക്കുമാരും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിലെ ജീവനക്കാരും ഉള്‍പ്പെടുന്നു. പ്രതികളായ മനോജ് റാണ, മനീഷ് കുമാര്‍ മോഗ, പ്രവീണ്‍ കുമാര്‍ എന്നിവര്‍ നേരത്തെ ഡിജിഎഫ്ടിയില്‍ ക്ലര്‍ക്കുമാരായി ജോലി ചെയ്തിട്ടുണ്ടെന്നും ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തിയില്‍ പരിചയമുള്ളവരാണെന്നും ഡിസിപി അറിയിച്ചു.