തളരില്ല, തളർത്താൻ പറ്റുകയുമില്ല; നിരന്തരമായ സൈബർ ആക്രമണമെന്ന്; സൂരജ് സന്തോഷ്

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിച്ചും, വിളക്ക് തെളിച്ചും ആഘോഷിക്കണം എന്ന കെ എസ് ചിത്രയുടെ ആഹ്വാനം സോഷ്യൽ മീഡിയിൽ  വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.  ചിത്രയെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്തുണച്ചെത്തിയവരിൽ ഗായകൻ…

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിച്ചും, വിളക്ക് തെളിച്ചും ആഘോഷിക്കണം എന്ന കെ എസ് ചിത്രയുടെ ആഹ്വാനം സോഷ്യൽ മീഡിയിൽ  വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.  ചിത്രയെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്തുണച്ചെത്തിയവരിൽ ഗായകൻ ജി വേണുഗോപാലും ,  വിമര്‍ശനവുമായി   ഗായകന്‍ സൂരജ് സന്തോഷും  ഉൾപ്പെടുന്നു. വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു എന്നായിരുന്നു സൂരജിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇതിനെ തുടർന്ന്  സൂരജിനെതിരെ  സൈബർ അറ്റാക്ക് വരെ  ഉണ്ടായി.  സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നാണ് സൂരജിനെതിരെ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നത്.  ഇപ്പോഴിതാ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്  ഗായകൻ . സൈബര്‍ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്ന് സൂരജ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ആണ് സൂരജ് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.  ആ കുറിപ്പ് ഇങ്ങനെയാണ് “കഴിഞ്ഞ രണ്ട് ദിവസങ്ങളായി  നിരന്തരമായ  സൈബര്‍ ആക്രമണങ്ങളുടെ ഇരയാണ് ഞാന്‍. മുന്‍പും ഞാനിത് നേരിട്ടിട്ടുണ്ട്. പക്ഷേ ഇത്തവണ അത് കൂടുതല്‍ ക്രൂരവും മര്യാദ കെട്ടതും എല്ലാ സീമകളും ലംഘിക്കുന്നതുമായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഞാന്‍ എന്തായാലും നിയമനടപടി സ്വീകരിക്കും. അതേസമയം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മനുഷ്യരുടെ കരുത്തുറ്റ പിന്തുണയാണ് എനിക്ക് പ്രതീക്ഷയും ധൈര്യവും പകരുന്നത്. നീതിക്കുവേണ്ടി നിലകൊള്ളുന്ന നിങ്ങള്‍ ഓരോരുത്തരോടും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. തളരില്ല. തളർത്താൻ പറ്റുകയും ഇല്ല”, സൂരജ് സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഈ പോസ്റ്റിനു  താഴെയും സൈബർ അധിക്ഷേപങ്ങളും സൂരജിനെതിരെ ഉണ്ടാകുന്നുണ്ട്. ‘ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ, സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേക്ക്‌ മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുന്നൊക്കെ പറയുന്ന ആ നിഷ്കളങ്കതയാണ്. വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെ. എസ്‌ ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്ടം, പരമ കഷ്ടം’- അങ്ങനെയായിരുന്നു സൂരജ് സന്തോഷ്‌ മുൻപ് തന്റെ   ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ  പങ്കുവെച്ചിരുന്നത്.   ഈ വിമർശനവുമായി രംഗത്തെത്തിയതോടെ വലിയ സൈബർ  ആക്രമങ്ങളാണ്  സൂരജ് സന്തോഷിന് നേരിടേണ്ടി വന്നത്. എന്നാൽ  ഇത്രയധികം അധിക്ഷേപങ്ങളും, ആക്രമണങ്ങളും ഉയരുമ്പോഴും തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ്  ഇപ്പോളും സൂരജ് സന്തോഷ്. തനിക്ക് ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ആ പ്രതികരണം നടത്തിയതെന്നും, ചിത്രയെ പോലെ തന്നെ തനിക്കും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും സൂരജ് സന്തോഷ്  പറഞ്ഞു.

തനിക്ക്  വരുന്ന ഭീഷണി മെസേജുകള്‍, സ്വകാര്യ മെസേജുകള്‍, ഓരോ കോണില്‍ നിന്നും വരുന്ന വ്യാജ വാര്‍ത്തകള്‍ ഇതൊക്കെ ഒരുപാടുണ്ട് എന്നും സൂരജ് കൂട്ടിച്ചേർത്തു.   താനൊരു  പി.എഫ്.ഐ ചാരനാണെന്നും ജനം ടി.വിയില്‍ നിന്നും അഡ്വാന്‍സ് വാങ്ങി പരിപാടി ക്യാന്‍സല്‍ ചെയ്തുവെന്നും ഉള്ള  വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ട് , എന്നാല്‍ താൻ  ജനം ടി.വിയിലെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. ഇനിയൊട്ട് പങ്കെടുക്കുകയുമില്ല. താൻ  കെ.എസ്. ചിത്ര എന്ന ഗായികയെയോ അവരുടെ സംഗീതത്തെയോ അല്ല വിമര്‍ശിച്ചത്  അവരുടെ നിലപാടിനെയാണെ  സൂരജ് സന്തോഷ് പറഞ്ഞു. ചിത്രയെ വ്യക്തിപരമായോ അവരുടെ ഗായിക എന്ന സ്വത്വത്തിനെ അധിക്ഷേപിക്കുകയോ താൻ  ചെയ്തിട്ടില്ല. രാമക്ഷേത്രത്തെ പിന്തുണച്ച് ചിത്ര സംസാരിച്ചതു പോലെ ചിത്രയുടെ പരാമര്‍ശങ്ങളെ ജനാധിപത്യപരമായി താനും വിമര്‍ശിക്കുകയാണ് ചെയ്തതെന്നും സൂരജ് പറയുന്നു.അതേസമയം ചിത്രയ്ക്ക് പിന്തുണയുമായി എത്തിയവരില്‍ ശ്രീകുമാരന്‍ തമ്പി, ജി വേണുഗോപാല്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിര്‍പ്പെന്നും എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ചീത്ത വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിവാദത്തില്‍ കെഎസ് ചിത്രയെ പിന്തുണച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി  പ്രതികരിച്ചിരുന്നു. ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ എന്നാണ് ജി.വേണുഗോപാല്‍ പ്രതികരിച്ചത്.  അഭിപ്രായ സ്വാതന്ത്ര്യം ഓര്‍മ്മപ്പെടുത്തി മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു. വിശ്വാസമുള്ളവർക്ക് പോകാം, വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല എന്നും  ആർക്കും അഭിപ്രായങ്ങൾ പറയാമെന്നു  സജി ചെറിയാന്‍ പറഞ്ഞിരുന്നു.