ആടുതോമയും ചാക്കോ മാഷും റെയ്ബാന്‍ ഗ്ലാസ്സും…’സ്ഫടികം’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്!

സ്ഫടികം എന്ന സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും എല്ലാം പ്രേക്ഷകമനസ്സിലൂടെ മിന്നി മറയും.. ഇപ്പോഴിതാ സിനിമ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. പുതിയ സാങ്കേതിക മികവില്‍…

സ്ഫടികം എന്ന സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും എല്ലാം പ്രേക്ഷകമനസ്സിലൂടെ മിന്നി മറയും.. ഇപ്പോഴിതാ സിനിമ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. പുതിയ സാങ്കേതിക മികവില്‍ ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് സംവിധായകന്‍ ഭദ്രന്‍ അറിയിച്ചത്. സ്ഫടികം സിനിമയുടെ 24ാം വാര്‍ഷിക വേളയിലായിരുന്നു സംവിധായകന്‍ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേഷനും എത്തിയിരിക്കുകയാണ്.

ഓള്‍ഡ് മങ്ക്‌സ് ഡിസൈന്‍ സംഘമാണ് സംവിധായകന്‍ ഭദ്രന്‍ സിനിമ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്ന സന്തോഷം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ഇവര്‍ ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോയും ഓള്‍ഡ് മങ്ക്‌സ് ഡിസൈനിന്റെ ഓഫീഷ്യല്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ബിഗ് സ്‌ക്രീനില്‍ ഫോര്‍കെ ഡോള്‍ബി അറ്റ്മോസ് റീമാസ്റ്റേര്‍ഡ് പതിപ്പായാണ് സ്ഫടികം എത്തുക. ‘ഭദ്രന്‍ സാറിനോടൊപ്പം. മുഴുവന്‍ മലയാളികള്‍ക്കുമൊപ്പം ഞങ്ങളും കാത്തിരിക്കുന്നു. ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനില്‍ കാണാന്‍! ബിഗ് സ്‌ക്രീനില്‍ ഫോര്‍കെ ഡോള്‍ബി അറ്റ്മോസ് റീമാസ്റ്റേര്‍ഡ് പതിപ്പുമായി ആടു തോമ വീണ്ടും വരുന്നു. കാത്തിരിക്കുക!’,

എന്നാണ് ഓള്‍ഡ് മങ്ക്‌സ് ഡിസൈനിന്റെ പേജില്‍ കുറിച്ചത്. സിനിമ വീണ്ടും എത്തും എന്ന വിവരം സംവിധായകന്‍ തന്നെ ചിത്രത്തിന്റെ 24ാം വാര്‍ഷിക വേളയില്‍ അറിയിച്ചിരുന്നു എങ്കിലും അത് സ്ഫടികം സിനിമയുടെ രണ്ടാം ഭാഗം ആയിരിക്കുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്നത്തെ പ്രതിഭകളെല്ലാം ഇന്ന് നമ്മുടെ കൂടെയില്ലെന്നും സ്ഫടികം രണ്ടാം ഭാഗം എങ്ങനെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കെപിഎസി ലളിതയുടെ മരണ സമയത്തും സംവിധായകന്‍ സിനിമയില്‍ ലളിതാമ്മയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരുന്നു. ഇപ്പോള്‍ പുതിയ സാങ്കേതിക മികവില്‍ ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് അറിഞ്ഞതോടെ ആരാധകരും വലിയ ആവേശത്തിലാണ്. സിനിമയ്ക്ക് വേണ്ടി ചിത്രത്തിലെ ഹിറ്റ് ഗാനമായ ഏഴിമലപ്പൂഞ്ചോല വീണ്ടും റെക്കോര്‍ഡ് ചെയ്ത അനുഭവം കെ എസ് ചിത്ര പങ്കുവച്ചിരുന്നു.