‘ഞാന്‍ പൊളിറ്റക്കല്‍ കറക്ട്‌നസ് പുലര്‍ത്തുന്ന ഒരാളാണ്, അത് അങ്ങനെ തന്നെ തുടരും’ ശ്രീകാന്ത് വെട്ടിയാര്‍

തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ കേസില്‍ പ്രതികരണവുമായി നടന്‍ ശ്രീകാന്ത് വെട്ടിയാര്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ നിയമപരമായി തന്നെ നേരിടുമെന്ന് ശ്രീകാന്ത് പറഞ്ഞു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. നിയമപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍…

തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ കേസില്‍ പ്രതികരണവുമായി നടന്‍ ശ്രീകാന്ത് വെട്ടിയാര്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ നിയമപരമായി തന്നെ നേരിടുമെന്ന് ശ്രീകാന്ത് പറഞ്ഞു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

നിയമപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ സാധിക്കില്ല. ഒരു ആരോപണം തനിക്കെതിരെ വന്നു. അതിനെ നിയമപരമായി തന്നെ നേരിടും. പബ്ലിക്ക് സ്‌പേസിലിട്ട് മാധ്യമ വിചാരണയ്ക്ക് ഇട്ട് കൊടുക്കേണ്ട കാര്യമില്ല. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. സത്യം ഞാന്‍ അവിടെ തെളിയിക്കും. സത്യം തെളിയുമെന്ന് തന്നെയാണ് വിശ്വാസം.

ഇത്രയും നാള്‍ എയറിലായിരുന്നു ഞാന്‍. ആരോപണം വന്നപ്പോള്‍ വലിയ ബുദ്ധിമുട്ടായിരുന്നു. മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ആദ്യമൊക്കെ ചില കോളുകള്‍ക്ക് മറുപടി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അതിന് വയ്യാതായി. ഫോണ്‍ ഓഫ് ചെയ്ത് വെക്കേണ്ട സ്ഥിതി ഉണ്ടായി. ഞാന്‍ പൊളിറ്റക്കല്‍ കറക്ട്‌നസ് പുലര്‍ത്തുന്ന ഒരാളാണ്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും.

സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നവര്‍ക്ക് കമന്റ് ചെയ്യാം. ഞാന്‍ രാഷ്ട്രീയം സംസാരിക്കുമ്പോള്‍ തന്നെ അറിയായിരുന്നു എനിക്കെതിരെ ഒരു ആരോപണം ഉയര്‍ന്നാല്‍ എതിര്‍പക്ഷം അത് ആയുധമാക്കുമെന്നും രാഷ്ട്രീയം ചര്‍ച്ചയാക്കുമെന്നും. അതുപോലെ തന്നെ എതിര്‍പക്ഷത്തുള്ളവര്‍ അതിനെ ഉപയോഗിച്ചു. എനിക്കെതിരെ വലിയ ആരോപണമാണ് ഉണ്ടായത്.

നേരത്തേ വിഷയത്തില്‍ പ്രതികരിക്കാതിരുന്നത് അഭിഭാഷകന്റെ നിര്‍ദ്ദേശം അനുസരിച്ചാണ്. പിന്നെ ആ സമയത്തെ മാനസികാവസ്ഥ പ്രതികരിക്കാന്‍ പറ്റുന്ന തരത്തിലായിരുന്നില്ല. വീഡിയോ ചെയ്യണമെന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും സാധിച്ചില്ല. ഇപ്പോള്‍ അതിനെയൊക്കെ മറികടന്നുവെന്ന് പറയാനാകില്ല, എങ്കിലും കുറച്ചൊക്കെ മാറി വരുന്നുണ്ട്. ആരോപണം ഉയര്‍ന്നപ്പോള്‍ അമ്മ ഭീകരമായി വിഷമിച്ചിരുന്നുവെന്നും ശ്രീകാന്ത് വെട്ടിയാര്‍ പറഞ്ഞു.