മാതാവിന്റെ തിരു രൂപത്തിൽ സ്വര്‍ണ്ണ കിരീടം തട്ടിയിട്ടത് ക്യാമറമാന്‍; താരങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണത്തെപ്പറ്റി; ശ്രീയ  

കഴിഞ്ഞ ദിവസം   നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹമായിരുന്നു . ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഭാഗ്യയുടെയും മാവേലിക്കര സ്വദേശി ആയ ശ്രേയസ് മോഹന്റെയും വിവാഹം നടന്നത്.  ഭാഗ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് കുറെ ദിവസങ്ങളായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമടക്കം നിറഞ്ഞു നില്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാള സിനിമാ ലോകത്തെ താരരാജാക്കന്മാരുമടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു താരപുത്രി വിവാഹിതയായത്. അതേസമയം വിവാഹ ആഘോഷങ്ങള്‍ക്കൊപ്പം വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു എന്നതാണ് ഏറെ  ശ്രദ്ധേയമായ കാര്യം. സുരേഷ് ഗോപിയുടെ ഓരോ ചലനവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സത്യത്തില്‍ ചില സൈബര്‍ മനോരോഗികള്‍ സുരേഷ് ഗോപിയെയും കുടുംബത്തെയും അലോസരപ്പെടുത്താനും വേദനിപ്പിക്കാനും നോക്കുകയാണെന്ന് പറയുകയാണ് നടി ശ്രീയ രമേഷ്. ഭാഗ്യയുടെ വിവാഹത്തിന് മുന്‍പ് തൃശൂരിലെ പള്ളിയില്‍ മാതാവിന് സ്വര്‍ണകീരിടം സുരേഷ് ഗോപി സമ്മാനിച്ചിരുന്നു. രൂപത്തില്‍ വച്ച കിരീടം താഴേക്ക് വീഴുകയും ചെയ്തിരുന്നു. ഇതിന്റെ പേരിലടക്കം വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. സത്യത്തില്‍ അതൊരു ക്യാമറമാന്‍ തട്ടിയിട്ടതാണെന്നാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ശ്രീയ പറയുന്നത്.

നടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്., ഭാഗ്യയുടെ വിവാഹം എന്നത് സുരേഷ് ചേട്ടന്റെയും ചേച്ചിയുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണിന്ന് ഗുരുവായൂരപ്പന്റെ നടയില്‍ സഫലീകൃതമായത്. എത്രയോ കാലമായി കാത്തിരുന്ന നിമിഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സാന്നിധ്യം കൊണ്ട് അത്യപൂര്‍വ്വമായ ഒരു വിവാഹ ചടങ്ങ് തന്നെയായിരുന്നു ഇത്. ഒപ്പം മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളുടേയും മറ്റു സഹപ്രവര്‍ത്തകരുടേയും സാന്നിധ്യം. ഭാഗ്യമോള്‍ക്കും, ഭര്‍ത്താവ് ശ്രേയസിനും എന്റെയും കുടുംബത്തിന്റെയും ആശംസകളും പ്രാര്‍ത്ഥനകളും. ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചടങ്ങിനെ ഏതെല്ലാം രീതിയില്‍ മോശമായി ചിത്രീകരിച്ച് അവരെ വേദനിപ്പിക്കുവാന്‍ അലോസരപ്പെടുത്തുവാന്‍ സാധിക്കുമോ അതിന്റെ പരമാവധി ചില സൈബര്‍ മനോരോഗികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തി. ഇപ്പോഴും നിര്‍ത്തിയിട്ടില്ല. തൃശ്ശൂരിലെ പള്ളിയില്‍ മാതാവിന്റെ തിരുരൂപത്തില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച സമയത്ത് ഏതോ ക്യാമറമാന്‍ അത് തട്ടിയിട്ടത് എന്തെല്ലാം ദുര്‍ വ്യാഖ്യാനം നല്‍കി ഇവര്‍, ഒടുവില്‍ ഇതാ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കരികെ മമ്മൂക്ക കൈ കെട്ടി നില്‍ക്കുന്ന ഒരു ചിത്രം പോലും സൈബര്‍ മനോരോഗികള്‍ തങ്ങളുടെ മനസ്സിന്റെ സങ്കുചിതാവസ്ഥയ്ക്ക് ഏറ്റവും പാകമായ വിധം വ്യാഖ്യാനങ്ങള്‍ നല്‍കി ആഘോഷിക്കുകയാണ്.

അദ്ദേഹം ബഹു. പ്രധാന മന്ത്രിയില്‍ നിന്നും അക്ഷതം സ്വീകരിച്ചതും നമ്മള്‍ കണ്ടു. ഇത്തരം മനസ്സുകളില്‍ അടിഞ്ഞു കൂടിയ മാലിന്യത്തിന്റെ വലിപ്പം ഊഹിക്കാവുന്നതിലും അപ്പുറമാണ്. ആ സങ്കുചിത മാനസിക അവസ്ഥയില്‍ കലാകാരന്മാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രവര്‍ത്തിക്കുകയും പ്രതികരിയ്ക്കുകയും ചെയ്യണം എന്ന് ദയവായി പ്രതീക്ഷിക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തട്ടെ’, എന്നുമാണ് ശ്രീയ രമേഷ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. അതേ സമയം നടിയുടെ പോസ്റ്റിനും വിമര്‍ശനം ലഭിച്ചിരുന്നു. ‘ഏറെ സ്‌നേഹത്തോടെ ഒരു കാര്യം ഓര്‍മിപ്പിക്കതെ വയ്യ, ഏതൊരു രക്ഷിതാവിനും സ്വന്തം മകളുടെ വിവാഹം ഒരു സ്വപ്ന സാക്ഷത്കാരം തന്നെയാണ് സംശയമില്ല. അതുപോലെ വിവാഹ മുഹൂര്‍ത്തം വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത്ര തന്നെ പ്രാധാന്യം ഉള്ളതാണ്. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ചടങ്ങ് നടക്കണം. എന്നാല്‍ കേവലം ഒരു കുടുംബത്തിന് വേണ്ടി 75 ഓളം വിവാഹങ്ങള്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ നിന്നും മാറ്റേണ്ടി വന്നതിലാണ് നന്മയുള്ള ഓരോ മനുഷ്യനും ചോദിക്കുന്ന ചോദ്യം എന്തുകൊണ്ട് ഇത്തരം ഒരു നിലപാട് വന്നു. അവിടെ വിവാഹം നടത്താന്‍ രജിസ്റ്റര്‍ ചെയ്യാത്ത 75 കുടുംബങ്ങള്‍ അവരോടു പറയാമായിരുന്നില്ലേ, ഈ ദിവസത്തില്‍ നടത്താന്‍ സാധിക്കില്ല അന്നേ ദിവസം ശ്രീ ഗുരുവായൂരപ്പന് വിശേഷപ്പെട്ട ചടങ്ങ് ഉണ്ടെന്ന്,’.. എന്നിങ്ങനെ ചിലര്‍ ശ്രീയയുടെ പോസ്റ്റിന് താഴെയും വിമര്‍ശനങ്ങളുമായി വന്നിരിക്കുകയാണ്.