മതവികാരം വ്രണപ്പെടുത്തി ട്വീറ്റ്; സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ കന്യാകുമാരിയില്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്‌തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫിസില്‍ അദ്ദേഹം രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു.…

തമിഴ്‌നാട്ടിലെ സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ കന്യാകുമാരിയില്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്‌തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫിസില്‍ അദ്ദേഹം രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ക്രിസ്ത്യന്‍വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കനല്‍ കണ്ണനെതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തത്. കന്യാകുമാരിയിലെ ഡി.എം.കെ. നേതാവ് ഓസ്റ്റിന്‍ ബെന്നറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി ഹാജരായപ്പോള്‍ നിരവധി പേരാണ് കനല്‍ കണ്ണന് പിന്തുണയുമായെത്തിയത്.

ക്രിസ്ത്യന്‍ മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുന്നതും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്നതുമാണ് കണ്ണന്റെ ട്വീറ്റെന്നാണ് ഓസ്റ്റിന്റെ പരാതിയില്‍ പറയുന്നത്. ഇതിനുമുമ്പും വിദ്വേഷപ്രചാരണത്തിന്റെ പേരില്‍ കണ്ണന്‍ നടപടി നേരിട്ടിട്ടുണ്ട്. ശ്രീരംഗം ക്ഷേത്രത്തിനു സമീപമുള്ള പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ പൊതുയോഗത്തില്‍ ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് ഇദ്ദേഹം കഴിഞ്ഞവര്‍ഷം അറസ്റ്റിലായിരുന്നു. തമിഴ്‌നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് കനല്‍ കണ്ണന്‍.