മൃഗങ്ങളാവുന്ന മനുഷ്യർ അല്ലേൽ വളർത്തുമൃഗങ്ങൾ !!

ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ 1954 ല്‍ സംഘടിപ്പിച്ച ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടിയിരുന്നു. 1954 ഡിസംബറിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം.വി. ദേവന്റെ…

ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ 1954 ല്‍ സംഘടിപ്പിച്ച ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടിയിരുന്നു. 1954 ഡിസംബറിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം.വി. ദേവന്റെ ചിത്രങ്ങളോടെ വന്ന ‘വളർത്തുമൃഗങ്ങൾ. എം.ടി.യെ പ്രസിദ്ധമാക്കിയ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ. ആഴ്ചപ്പതിപ്പിൽ വരുന്ന എം.ടി.യുടെ ആദ്യകഥ, അഖിലേന്ത്യാതലത്തിൽ നടത്തിയ കഥാമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കഥ, സർക്കസ് കൂടാരജീവിതത്തെക്കുറിച്ച് മലയാളത്തിൽ വരുന്ന ഏറ്റവും മികച്ച കഥ… ഇതൊക്കെയാണ് ‘വളർത്തുമൃഗ’ങ്ങളുടെ സവിശേഷതകൾ..!! ട്രപ്പീസിൽനിന്നു വീണ് കൈയൊടിഞ്ഞ ജാനമ്മയുടെ ഭൂതകാലത്തെക്കുറിച്ചുള്ള ഓർമകളിലൂടെ കഥ ആരംഭിക്കുന്നു. ”നേർത്ത നിലാവ് തുറന്നിട്ട ജാലകത്തിലൂടെ മുറിയുടെ അകത്തേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു.

മൂടൽമഞ്ഞിന്റെ മങ്ങിയ യവനികയിലൂടെ ദൂരെയുള്ള പശ്ചിമഘട്ടത്തിലെ മലനിരകൾ അവ്യക്തമായ നിഴൽപ്പാടുകൾ പോലെ കാണാമായിരുന്നു”കാവ്യാത്മകമായ തുടക്കം കഥയുടെ ഭാവമണ്ഡലത്തിന് ഇണങ്ങുന്നതായിരുന്നു. ആറുവയസ്സുള്ളപ്പോൾ സർക്കസ് കമ്പനിയിൽ ചേർക്കപ്പെട്ടവളാണവൾ. ട്രപ്പീസിൽ അഭ്യാസം കാണിച്ചിരുന്ന ചന്ദ്രൻ എന്ന യുവാവിനെ അവൾ മനസ്സുകൊണ്ട് ആഗ്രഹിച്ചതും മാനേജർ അവളെ രാത്രിയിൽ മുറിയിലേക്കു വിളിപ്പിച്ചതും അവളുടെ നിലവിളി കേട്ട് ചന്ദ്രൻ മുറി ചവിട്ടിപ്പൊളിച്ച് കടന്നുവന്നതും പിറ്റേന്ന് അവിടെ നിന്ന് ജോലി നഷ്ടപ്പെട്ട് പോയതും എല്ലാം അവൾ ഓർത്തെടുക്കുന്നു. ”കുഞ്ഞേ, നീയും കുടുങ്ങുമല്ലോ, ഇത് സർക്കസ് കമ്പനിയാ… ഇവിടെ മനുഷ്യരല്ല, ഒക്കെ മൃഗങ്ങളാ…” പരിചാരികയായ ലക്ഷ്മിയുടെ വാക്കുകൾ അവൾ ഇടയ്ക്കിടെ ഓർക്കും. കഥയുടെ കേന്ദ്ര ബിന്ദുവും ഈ വാക്കുകളിലാണ്. മൃഗങ്ങളേക്കാൾ കഷ്ടമാണ് സർക്കസ് കൂടാരത്തിലെ മനുഷ്യ ജന്മങ്ങൾ. ഇരയും വേട്ടക്കാരനും എന്ന സങ്കല്പനം മലയാള സാഹിത്യത്തിൽ ഇന്ന് പൊതു ചർച്ചയിൽ ഉയർന്നു കേൾക്കുന്ന ഒന്നാണല്ലോ.

ഇത്തരം സൈദ്ധാന്തിക സങ്കല്പനങ്ങൾ വരുന്നതിനു മുമ്പ് തന്നെ വേട്ടക്കാരന്റെ മുമ്പിൽ നിസ്സഹായരായി ജീവിതമൊടുക്കേണ്ടിവരുന്നവരുടെ കഥ എന്ന നിലയിൽ ‘വളർത്തു മൃഗങ്ങൾ’ക്ക് ഇന്നും പ്രസക്തിയുണ്ട് പാലക്കാട്ട് വിക്ടോറിയ കോളേജിൽ പഠിക്കുമ്പോൾ പാലക്കാട്ടുനിന്ന് ഒരു സർക്കസ് പ്രദർശനം പലവട്ടം കാണാനും സർക്കസ്സുകാരുടെ ജീവിതത്തെ അടുത്തു നിന്ന് നിരീക്ഷിക്കാനും എം.ടി.ക്ക് അവസരമുണ്ടായി. അന്നത്തെ നിരീക്ഷണത്തിൽ നിന്നു ലഭിച്ച അറിവ് വെച്ചുകൊണ്ടാണ് അക്കഥ എഴുതിയത് എന്ന് എം.ടി. രേഖപ്പെടുത്തുന്നു. (26.12.1954 മാതൃഭൂമി ആഴ്ചപ്പതിപ്പ്). എം.ടി.യുടെ ഇരുപതാം വയസ്സിൽ എഴുതിയ കഥയാണത് 1981ൽ ആ കഥ സിനിമയായി. ഹരിഹരൻ സംവിധാനം. എം.ടി. ആദ്യമായി പാട്ടെഴുതിയത് ആ സിനിമയ്ക്ക് വേണ്ടിയാണ്. ‘ഒരു മുറിക്കണ്ണാടിയിലൊന്നു നോക്കി/എന്നെ ഒന്നു നോക്കി…’ എന്ന പാട്ട് ഇന്നും ഹൃദ്യമായ അനുഭവമാണ്. എം.ബി. ശ്രീനിവാസന്റെ സംഗീതം. കഥയിലെ ജാനുവായി മാധവിയും ചന്ദ്രനായി രതീഷും ഭാസ്കരനായി സുകുമാരനും കുമാരനായി ബാലൻ കെ. നായരും തകർത്തഭിനയിച്ചു.

ജി.കെ. പിള്ളയ്ക്കായിരുന്നു വില്ലൻ മുതലാളി വേഷം. .സുകുമാരൻ അവതരിപ്പിച്ച ഡെയർ ഡെവിൽ ഭാസ്കരൻ എന്ന ഉഗ്രൻ കഥാപാത്രം സിനിമ കണ്ടവർക്ക് മറക്കാനാവില്ല . സ്വന്തമായി ഒരു സർക്കസ് കമ്പനി നടത്തിയിരുന്ന ഗുരുക്കളിൽ നിന്നാണ് ഈ സിനിമയുടെ തുടക്കം. ഗുജറാത്തിലുണ്ടായ പ്രളയക്കെടുതിയെ തുടർന്ന് വൻ നഷ്ടത്തിൽ അദ്ദേഹത്തിന് കമ്പനി അടച്ചു പൂട്ടേണ്ടി വരുന്നു. കൂടെയുള്ള ലക്ഷ്മി, അംബു ,ചന്ദ്രൻ , ജാനു എന്നീ കുട്ടികളുമായി തെരുവിൽ ചെറിയ ചെറിയ ട്രിക്കുകൾ അവതരിപ്പിച്ച് അയാൾ ജീവിക്കുന്നു. പക്ഷെ ഗത്യന്തരമില്ലാത്ത ഒരു ഘട്ടത്തിൽ നാട്ടിൽ വരുന്ന പുതിയ സർക്കസ് കമ്പനിയിൽ അവരെല്ലാവരും കൂടെ ജോലി നേടുന്നു. സർക്കസ്സ് മുതലാളി നല്ലവനായിരുന്നെങ്കിലും മാനേജർ ദുഷ്ടനായിരുന്നു. തുച്ഛമായ ശമ്പളത്തിൽ വേറെ വഴിയൊന്നുമില്ലാത്തതിനാൽ അവർ അവിടെ പരാതികളില്ലാതെ കഴിഞ്ഞു കൂടുന്നു. അവിടെ വെച്ച് മാനേജർ ലക്ഷ്മിയെ നശിപ്പിക്കുന്നു.ഗുരുക്കളുടെ കൂടെയുള്ള കുട്ടികൾ വലുതാവുന്നിടത്തു നിന്നും സിനിമ മുന്നോട്ട് നീങ്ങുന്നു.

അപ്പോഴേക്കും ഗുരുക്കളും ലക്ഷ്മിയും പ്രായമാവുകയും കൂടാരത്തിൽ സഹായികളായി മാറുകയും ചെയ്യുന്നു .ചെറിയ തമാശകൾ കാണിച്ചു അംബു കോമാളിയായി അപ്പോളും അവിടെ തുടരുന്നുണ്ടായിരുന്നു. ജാനു മിടുക്കിയായ ട്രിപ്പീസ് കളിക്കാരനായി മാറുന്നു .ഒപ്പം ചന്ദ്രനും .പഴയ മുതലാളി തൻറെ അനന്തരവന് കമ്പനി കൈമാറുന്നതോടെ ജീവനക്കാരുടെ സ്ഥിതി വീണ്ടും ദയനീയമാവുന്നു. പുതിയതായി കളിക്കാരനായി എത്തുന്ന ഡെയർ ഡെവിൾ ഭാസ്കരൻ മുതലാളിയുടെ പ്രവർത്തികളെ ചോദ്യം ചെയ്യുന്നു. പഴയ കുറെ പേരെ പിരിച്ചു വിടുമ്പോൾ ഗുരുക്കളും അയാൾക്ക് പിന്നാലെ അംബുവും കൂടാരം വിടുന്നു. ജാനുവിനെ രാത്രിയിൽ മുറിയിലേക്ക് വിളിക്കുന്ന മുതലാളിയെ ഭാസ്കരനും ചന്ദ്രനും എതിർക്കുന്നു. തുടർന്ന് ചന്ദ്രന് ജോലി നഷ്ടപ്പെടുന്നു. ഇങ്ങിനെ നീങ്ങുന്നു കഥ…! മാധവിക്കു ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സിനിമ നേടിക്കൊടുത്തു. അത്ര അനായാസമായ അഭിനയമാണ് മാധവി കാഴ്ചവെച്ചത് എന്ന് നിസംശയം പറയാം. സർക്കസ് ജീവനക്കാരുടെ കഥ പറഞ്ഞ അനവധി ചിത്രങ്ങൾ പല ഭാഷകളിൽ ,പല രീതിയിൽ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ വളർത്തു മൃഗങ്ങൾ പോലെ ഇത്രയും ഹൃദയ സ്പർശിയായും, ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളാൽ സമ്പന്നവുമായ മറ്റൊന്ന് കാണുകയില്ല.