ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

Prabhas’ Kalki 2898 AD means nearly Rs 4 crore across North America

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്, കമലഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവര്‍ ഒന്നിക്കുന്ന വലിയ താരനിരയും, ഇന്ത്യന്‍ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഊന്നിക്കൊണ്ട് ഭാവിയില്‍ നടക്കുന്ന സയന്‍സ് ഫിക്ഷന്‍ കഥയായതിനാലും, ചിത്രത്തിലുള്ള പ്രതീക്ഷകള്‍ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രത്തിന്റെ ഉറ്റ ചങ്ങാതിയായ ബുജ്ജിയുടെ രൂപം പ്രേക്ഷകര്‍ക്കുമുന്നില്‍ മേയ് 22-ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്താന്‍ പോവുകയാണ്.

ഈയിടെ പുറത്തിറങ്ങിയ ‘ബില്‍ഡിങ് എ സൂപ്പര്‍സ്റ്റാര്‍ ബുജ്ജി’ എന്ന വീഡിയോയില്‍ ഒരു കൊച്ചു റോബോട്ട് ആയ ബുജ്ജിയ്ക്ക് മറ്റൊരു രൂപം നല്‍കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായി കാണാം. എന്നാല്‍ അവരുടെ ശ്രമങ്ങളെല്ലാം ഫലിക്കാതെ വരുന്ന വേളയില്‍ നിരാശനായി ബുജ്ജി നില്‍ക്കുമ്പോള്‍ പ്രഭാസിന്റെ കഥാപാത്രമായ സാക്ഷാല്‍ ഭൈരവ തന്നെ ബുജ്ജിയെ സഹായിക്കാന്‍ രംഗത്തെത്തുകയാണ്. ബുജ്ജിയ്ക്കായി പുതിയൊരു ഉടലും വാഹനവും ഭൈരവ ഒരുക്കിയിട്ടുണ്ട്. അത് മേയ് 22-ന് വെളിപ്പെടുന്നതിലൂടെ ബുജ്ജിയുടെ പുതിയ രൂപവും ആരാണ് ബുജ്ജിയുടെ വേഷമിടുക എന്ന കാര്യവും വെളിവാകും.

മുന്‍പ് പുറത്തുവിട്ട കല്‍ക്കിയിലെ കഥാപാത്രങ്ങളായ ഭൈരവ, അശ്വത്ഥാമാ തുടങ്ങിയ കഥാപാത്രങ്ങളെ സ്വീകരിച്ച പോലെ ബുജ്ജിയെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്. വമ്പൻ ബജറ്റിൽ വിവിധ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 27-നാണ് ചിത്രം തീയറ്ററുകളിൽ എത്തുക.

ജോർജ്ജ് സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത്. വിതരണം: എഎ ഫിലിംസ്. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്