‘തിരക്കഥയുടെ ഒരു പേജായിരുന്നു മുമ്പ് തരിക, ഇപ്പോള്‍ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’ സുരഭി ലക്ഷ്മി

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സുരഭി ലക്ഷ്മി. 64ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച നടിയായി സുരഭി ലക്ഷ്മിയെ തിരഞ്ഞെടുത്തിരുന്നു. അവാര്‍ഡ് ലഭിച്ചതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റത്തിനെ കുറിച്ച് പറയുകയാണ് സുരഭി. ‘ഞാന്‍…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സുരഭി ലക്ഷ്മി. 64ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച നടിയായി സുരഭി ലക്ഷ്മിയെ തിരഞ്ഞെടുത്തിരുന്നു. അവാര്‍ഡ് ലഭിച്ചതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റത്തിനെ കുറിച്ച് പറയുകയാണ് സുരഭി. ‘ഞാന്‍ കൊമേഴ്‌സ്യല്‍ സിനിമയുടെ അവിഭാജ്യഘടകമേ ആയിരുന്നില്ല. നായികയോ, സഹനടിയോ അല്ലായിരുന്നു. രണ്ടോ മൂന്നോ ദിവസം വന്ന് അഭിനയിച്ചു പോയിരുന്നതാണ്. ചിലപ്പോഴെങ്കിലും പിന്തിരിഞ്ഞു നടന്നാലോ എന്നു ചിന്തിക്കുന്ന കാലമുണ്ടായിരുന്നു.

അത്തരം ചിന്തകളെ മാറ്റിയെടുക്കാന്‍ പുരസ്‌കാരങ്ങള്‍ സഹായിച്ചിട്ടുണ്ട്. അവാര്‍ഡിനു ശേഷവും മലയാളത്തിലെ പ്രധാന സംവിധായകര്‍ സിനിമയില്‍ നല്ലൊരു വേഷമുണ്ട് എന്നു പറഞ്ഞു വിളിച്ചിട്ടൊന്നുമില്ല. നല്ല വേഷങ്ങള്‍ ചെയ്യണമെന്നേയുള്ളു. അതില്‍ ഇമേജ് നോട്ടമില്ല. ചെറിയൊരു ഗ്രാമത്തില്‍നിന്ന്, സിനിമയുടെ ഒരു പശ്ചാത്തലവുമില്ലാതെ വന്നതാണ് ഞാന്‍. കലോത്സവം, നാടകം, ടിവി സീരിയല്‍, ഒന്നു മുഖം കാണിച്ചുപോകുന്ന സിനിമാവേഷങ്ങള്‍, കുറച്ചുകൂടി നല്ല വേഷങ്ങള്‍… അങ്ങനെയാണ് എന്റെ സിനിമാജീവിതമെന്ന് താരം പറയുന്നു.

ഇതിനിടെയാണ് ‘മിന്നാമിനുങ്ങ്’ സിനിമ വരുന്നത്. മുന്‍കൂട്ടി ആ സിനിമയുടെ തിരക്കഥ തന്നു വായിച്ചു നോക്കാന്‍ പറഞ്ഞതു തന്നെ ഒരു അവാര്‍ഡ് ആയിരുന്നു. അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ‘സുരഭിക്ക് ദേശീയ അവാര്‍ഡോ !’ എന്നു പലരെയും പോലെ ഞാനും അന്നു ഞെട്ടിയതാണ്. അവാര്‍ഡ് കിട്ടിയിടത്തുനിന്നു വീണ്ടും ഒന്നേ എന്നായിരുന്നു തുടക്കം.

ഏതാനും സീനുകളുള്ള സിനിമകളില്‍ വീണ്ടും അഭിനയിച്ചു. പിന്നെ, കുറച്ചുകൂടി നല്ല വേഷങ്ങള്‍ കിട്ടി. അനൂപ് മേനോന്റെ ‘പത്മ’ എന്ന സിനിമയില്‍ ടൈറ്റില്‍ വേഷത്തില്‍ വന്നു. കുറി, തല, ജ്വാലാമുഖി, പൊരിവെയില്‍… ഇങ്ങനെ കുറച്ചു സിനിമകള്‍ വരാനുണ്ട്. മുന്‍പ്, തിരക്കഥയുടെ ഒരു പേജ് രാവിലെ കൊണ്ടുവന്നു തരികയായിരുന്നു. ഇപ്പോള്‍ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും നടി പറയുന്നു.