‘ആമിന’യാണ് തന്നെ നടിയാക്കിയത്!! ശ്വേതാ മേനോന്‍

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലെത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്വേത മേനോന്‍. നടിയായും അവതാരകയായും ജഡ്ജായുമെല്ലാം സ്‌ക്രീനില്‍ സജീവമാണ് താരം. മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രത്തിലൂടെയാണ്…

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലെത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്വേത മേനോന്‍. നടിയായും അവതാരകയായും ജഡ്ജായുമെല്ലാം സ്‌ക്രീനില്‍ സജീവമാണ് താരം. മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

ഇപ്പോഴിതാ പരദേശി സിനിമയിലെ ആമിന എന്ന കഥാപാത്രമാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ശ്വേതാ മേനോന്‍ പറയുന്നു. തന്നെ നടിയാക്കി മാറ്റിയത് ആമിനയാണെന്ന് ശ്വേത പറയുന്നു. അഭിനയത്തിന്റെ ബാലപാഠം പഠിച്ചത് പരദേശി സെറ്റിലാണെന്ന് ശ്വേത മേനോന്‍ പറഞ്ഞു.

തൃശൂരില്‍ നടന്ന ‘പി.ടി കലയും കാലവും’ സാംസ്‌കാരിക മേളയിലാണ് താരം തന്റെ അഭിനയജീവിതത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചത്. അന്നുമിന്നും ഞാന്‍ പിടി സാറിനോട് താന്‍ നന്ദിയുള്ളവളായിരിക്കും. മുംബൈയില്‍ ഗ്ലാമറസ് ആയ റോളുകള്‍ ചെയ്യുന്ന സമയത്ത് പി.ടി കുഞ്ഞുമുഹമ്മദാണ് തന്നെ ടോട്ടലി ഡിഗ്ലാമറൈസ് ചെയ്തിട്ട് ഒരു റോള്‍ തന്നത്. ആമിന എന്ന കഥാപാത്രമാണ് ശ്വേത മേനോനെ നടിയാക്കി മാറ്റിയതെന്ന് ശ്വേത പറഞ്ഞു.

കഴിഞ്ഞ ദിവസം സംവിധായകന്‍ സിബി മലയില്‍ പരദേശി ദേശീയ അവാര്‍ഡ് നിര്‍ണയത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടെന്ന് ആരോപിച്ചിരുന്നു. സിനിമയിലെ ‘തട്ടം പിടിച്ചു വലിക്കല്ലേ’ എന്ന ഗാനത്തിന് സുജാതയെ അവസാന നിമിഷം നിര്‍ണയ പട്ടികയില്‍ നിന്ന് മാറ്റുകയായിരുന്നെന്നും സിബി മലയില്‍ പറഞ്ഞിരുന്നു.

2007ലാണ് മോഹന്‍ലാല്‍ മുഖ്യവേഷത്തില്‍ എത്തിയ പരദേശി പുറത്തിറങ്ങിയത്. വലിയകത്ത് മൂസ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാറില്‍ നിന്ന് ജോലി തേടി പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുന്നയാളാണ് മൂസ. വിഭജനത്തിന് ശേഷം മൂസ ഇന്ത്യയിലേക്ക് മടങ്ങുകയും നാട്ടില്‍ അയാള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്. മൂസയുടെ ഭാര്യയായാണ് ശ്വേത മേനോന്‍ എത്തിയത്. ചിത്രത്തിലൂടെ മികച്ച ചമയത്തിനുള്ള ദേശീയ പുരസ്‌കാരം പട്ടണം റഷീദ് നേടിയിരുന്നു.