‘കോണ്‍ജറിംഗ്’ വീട് വിറ്റത് 11 കോടിക്ക്; പ്രേത ഭവനത്തിന്റെ ചിത്രങ്ങള്‍ കാണാം

2013-ല്‍ പുറത്തിറങ്ങിയ ഹൊറര്‍ സിനിമയായ ‘ദി കണ്‍ജറിംഗ്’ എന്ന സിനിമയ്ക്ക് പ്രചോദനമായ യുഎസിലെ റോഡ് ഐലന്‍ഡിലെ ഫാംഹൗസ് 1.525 മില്യണ്‍ ഡോളറിന് (ഏകദേശം 11 കോടി രൂപ) വിറ്റതായി റിപ്പോര്‍ട്ട്. വീട വാങ്ങിയ വണ്ടര്‍ഗ്രൂപ്പ്…

2013-ല്‍ പുറത്തിറങ്ങിയ ഹൊറര്‍ സിനിമയായ ‘ദി കണ്‍ജറിംഗ്’ എന്ന സിനിമയ്ക്ക് പ്രചോദനമായ യുഎസിലെ റോഡ് ഐലന്‍ഡിലെ ഫാംഹൗസ് 1.525 മില്യണ്‍ ഡോളറിന് (ഏകദേശം 11 കോടി രൂപ) വിറ്റതായി റിപ്പോര്‍ട്ട്. വീട വാങ്ങിയ വണ്ടര്‍ഗ്രൂപ്പ് എല്‍എല്‍സിയുടെ ഉടമയായ ജാക്വലിന്‍ ന്യൂനെസ് തനിക്ക് ഭയമില്ലെന്നും ഈ വാങ്ങല്‍ തന്റെ വ്യക്തിപരമായ ആവശ്യത്തിനാണെന്നും റിയല്‍ എസ്റ്റേറ്റ് ബിസിനസിനു വേണ്ടിയല്ലെന്നും പ്രതികരിച്ചു. ബോസ്റ്റണിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ജാക്വിലിന്‍.

യഥാര്‍ത്ഥ മതിപ്പുവിലയേക്കാള്‍ 27 ശതമാനം ഉയര്‍ന്ന തുകയ്ക്കാണ് വീട് വാങ്ങിയത്. വില്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വ്യാഴാഴ്ചയേ പൂര്‍ത്തിയാവൂ എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ജറിംഗിന്റെ പ്രചോദനം ഇവിടമാണെങ്കിലും ഈ വീട്ടിലല്ല സിനിമ ചിത്രീകരിച്ചത്. 2013-ലാണ് ഈ പരമ്പരയിലെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. പെറോണ്‍ കുടുംബത്തിന്റെയും പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ എഡ്, ലോറൈന്‍ വാറന്‍ എന്നിവരുമായുള്ള അവരുടെ ബന്ധത്തിന്റെയും സാങ്കല്‍പ്പിക വിവരണമാണ്. കൊലപാതകത്തിന്റെയും ബലാത്സംഗത്തിന്റെയും ആത്മഹത്യയുടെയും ചരിത്രമാണ് സിനിമയിലെ വീടിനുള്ളത്.

19-ാം നൂറ്റാണ്ടില്‍ ഇവിടെ താമസിച്ചിരുന്ന ബത്ഷേബ ഷെര്‍മന്റെ ആത്മാവ് വീടിനെ വേട്ടയാടുന്നതായി കഥകള്‍ പ്രചരിച്ചിരുന്നു. റോഗര്‍, കരോലിന്‍ മക്കളായ ആന്‍ഡ്രിയ, ക്രിസ്റ്റിന്‍, നാന്‍സി, ഏപ്രില്‍, സിന്‍ഡി എന്നിവരുടെ അനുഭവങ്ങളാണ് കോണ്‍ജുറിങ് സിനിമയില്‍ നിറയുന്നത്. പാരാനോര്‍മല്‍ അന്വേഷകരായ ജെന്‍, കോറി ഹെയ്ന്‍സണ്‍ എന്നിവരായിരുന്നു ഈ വീട്ടില്‍ ഇതുവരെ താമസിച്ചിരുന്നത്. 2019-ല്‍ 439,000 ഡോളറിനാണ് ഇവര്‍ ഈ വീട് വാങ്ങിയത്. ബ്യൂറില്‍വില്ലെയിലെ 1677 റൗണ്ട് ചോട് റോഡില്‍ സ്ഥിതി ചെയ്യുന്ന വീടിന് 3109 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.