ഇരുചക്രത്തില്‍ ആറുപേരുടെ യാത്ര, ആറാമന്‍ അഞ്ചാമന്റെ തോളില്‍, സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചൊരു വീഡിയോ

ഇന്ത്യയില്‍ ട്രാഫിക് നിയമങ്ങള്‍ പൊതുവെ പാലിക്കപ്പെടുന്നത് വളരെ കുറവാണ്. ഇന്ത്യന്‍ നിയമമനുസരിച്ച് ഒരു സ്‌കൂട്ടറില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. എന്നാല്‍ പലപ്പോഴും ഈ നിയമങ്ങള്‍ പാലിക്കപ്പെടാറില്ല. ഇരുചക്ര വാഹനങ്ങളിലും കാറുകളിലും…

ഇന്ത്യയില്‍ ട്രാഫിക് നിയമങ്ങള്‍ പൊതുവെ പാലിക്കപ്പെടുന്നത് വളരെ കുറവാണ്. ഇന്ത്യന്‍ നിയമമനുസരിച്ച് ഒരു സ്‌കൂട്ടറില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. എന്നാല്‍ പലപ്പോഴും ഈ നിയമങ്ങള്‍ പാലിക്കപ്പെടാറില്ല. ഇരുചക്ര വാഹനങ്ങളിലും കാറുകളിലും യാത്ര ചെയ്യുന്നവര്‍ നിയമലംഘനം നടത്തുന്നത് സ്ഥിരം കാഴ്ചയാണ്.

സ്‌കൂട്ടറില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുന്നത് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ഥിരം കാഴ്ചയാണ്. ചില സന്ദര്‍ഭങ്ങളില്‍ നാല് പേര്‍ വരെ പോകുന്നത് നമ്മള്‍ കണ്ടേക്കാം. എന്നാല്‍ മുംബൈയില്‍ നിന്നുള്ള ഈ വീഡിയോ കണ്ടാല്‍ ആരും ഞെട്ടും. ആറ് പേര്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതാണ് വീഡിയോ.
പോലീസിന്റെ കണ്ണുവെട്ടിച്ച് ഇത്രയും തിരക്കുള്ള റോഡില്‍ എങ്ങനെ എത്തി എന്ന സംശയം പലര്‍ക്കും ഉണ്ട്. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ആറാമത്തെയാള്‍ അഞ്ചാമന്റെ തോളില്‍ ഇരിക്കുന്നു. കറുത്ത ആക്ടിവയിലാണ് ഇവരുടെ യാത്ര. മറ്റൊരു കാറിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് വീഡിയോ എടുത്ത് ട്വിറ്ററില്‍ പങ്കുവെച്ചത്.

രമണ്‍ദീപ് സിംഗ് ഹോറ എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. മുംബൈ പോലീസിനെയും മുംബൈ ട്രാഫിക് പോലീസിനെയും അദ്ദേഹം ട്വിറ്ററില്‍ ടാഗ് ചെയ്തിട്ടുണ്ട്. അന്ധേരി വെസ്റ്റിലെ സ്റ്റാര്‍ ബസാറിനു സമീപമാണ് വീഡിയോ എടുത്തിരിക്കുന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടെങ്കിലും ഇവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.