ഫഹദാണ് നായകനെന്നറിയുമ്പോൾ പ്രൊഡ്യൂസേർസ് പിന്മാറും ; ലാൽജോസിന്റെ വാക്കുകൾ 

മലയാള സിനിമാ രം​ഗത്ത് നടൻ ഫഹദ് ഫാസിലിനുണ്ടായ വളർച്ച സിനിമാ പ്രേക്ഷകരെ തെല്ലൊന്നുമല്ല  അത്ഭുതപ്പെടുത്തിയത്. ഫഹദ് ഫാസിലിനെക്കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കൈയെത്തും ദൂരത്തിന് ശേഷമുള്ള ഫഹദ് ഫാസിലിനെക്കുറിച്ചും…

മലയാള സിനിമാ രം​ഗത്ത് നടൻ ഫഹദ് ഫാസിലിനുണ്ടായ വളർച്ച സിനിമാ പ്രേക്ഷകരെ തെല്ലൊന്നുമല്ല  അത്ഭുതപ്പെടുത്തിയത്. ഫഹദ് ഫാസിലിനെക്കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കൈയെത്തും ദൂരത്തിന് ശേഷമുള്ള ഫഹദ് ഫാസിലിനെക്കുറിച്ചും ന‌ടനെ വെച്ച് ചെയ്യാനിരുന്ന സിനിമ നടക്കാതെ പോയതിനെക്കുറിച്ചും ലാൽ ജോസ് സംസാരിച്ചു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ഫഹദ് ഫാസിലുമായി എനിക്ക് ദീർഘകാല സൗഹൃദം ഉണ്ട്. കുറേ വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തി എന്റെയടുത്ത് വന്ന് അസിസ്റ്റന്റ് ഡയറക്‌ടറാകണം എന്ന് പറഞ്ഞു. വെളുത്ത് ചുവന്ന് ആപ്പിൾ പോലിരിക്കുന്ന ആൾ അസിസ്റ്റന്റ് ഡയറക്ടറായി കറുക്കുകയൊന്നും വേണ്ട, നിന്നെ ഞാൻ നായകനാക്കുമെന്ന് ഞാൻ പറഞ്ഞു. പോ, ചേട്ടാ കളിയാക്കാതെ എന്ന് പുള്ളി. അങ്ങനെയല്ല നിനക്ക് നടനാകാൻ പറ്റുമെന്ന് ഞാനും. ചാപ്പാക്കുരിശ് ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിക്കുന്നതിന് മുമ്പ് ഫഹദ് ഫാസിലിനെ വെച്ച് ഒരു സിനിമ ചെയ്യാൻ താൻ ആലോചിച്ചിരുന്നെന്നും ലാൽ ജോസ് വ്യക്തമാക്കി. മദർ ഇന്ത്യ എന്നായിരുന്നു ആ സിനിമയുടെ പേര്. ഫഹദ് ഫാസിൽ ആയിരുന്നു ആ സിനിമയിലെ നായകനും വില്ലനും. രേവതിയും ശോഭനയും ലീഡ് ചെയ്യുന്ന സിനിമ. മുരളി ​ഗോപി പറഞ്ഞ കഥ ബേസ് ചെയ്താണ് അത് ചെയ്യാൻ തീരുമാനിച്ചത്. ക്ലാസ്മേറ്റ്സിനൊപ്പം ചെയ്യാൻ തീരുമാനിച്ച സിനിമയായിരുന്നു.

പക്ഷെ ഫഹദ് ഫാസിലാണ് നായകനെന്ന് പറയുമ്പോൾ പ്രൊഡ്യൂസ് ചെയ്യാൻ വന്ന ആളുകളൊക്കെ പിന്മാറി. ആകെ അറിയുന്നത് പത്തൊൻപതാം വയസിൽ ഫഹദ് ഫാസിൽ  അഭിനയിച്ച കൈയെത്തും ദൂരത്ത് എന്ന സിനിമ മാത്രമാണ്. പുതിയ ഫഹദിനെ അവർക്കാർക്കും അറിയില്ലായിരുന്നെന്നും ലാൽ ജോസ് ഓർത്തു. പിന്നീ‌ട് കേരള കഫെ, ചാപ്പാക്കുരിശ് തുടങ്ങിയ സിനിമകളിലൂടെ ഫഹദ് ഫാസിൽ ശ്രദ്ധിക്കപ്പെടാൻ തു‌ടങ്ങിയെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി കൈയെത്തും ദൂരത്ത് എന്ന സിനിമയിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ചപ്പോൾ വ്യാപക വിമർശനമാണ് നടന് കേൾക്കേണ്ടി വന്നത്. അഭിനയം വശമില്ലെന്ന പരിഹാസങ്ങൾ വ്യാപകമായി വന്നു. പിന്നീട് കുറച്ച് വർഷങ്ങൾക്കിപ്പുറം സിനിമാ രം​ഗത്ത് ശക്തമായി തിരിച്ച് വരാൻ ഫഹദിന് സാധിച്ചു. ഇന്ന് മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ഫഹദിന് മികച്ച അവസരങ്ങൾ ലഭിക്കുന്നു. നടന്റെ അഭിനയ മികവിനെക്കുറിച്ച് ഏവരും എടുത്ത് പറയാറുണ്ട്. ഫഹദിനെ നായകനാക്കി ഡയമണ്ട് നെക്ലേസ് എന്ന സിനിമ ലാൽ ജോസ് സംവിധാനം ചെയ്തിട്ടുണ്ട്. 2012 ലാണ് ഡയമണ്ട് നെക്ലേസ് റിലീസ് ചെയ്യുന്നത്. ഫഹദ്, സംവൃത സുനിൽ, അനുശ്രീ, ​ഗൗതമി തു‌ടങ്ങിയവർ പ്രധാന വേഷം ചെയ്ത സിനിമ മികച്ച വിജയം നേടി. ഫഹദ് കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരുന്ന സമയത്താണ് ഡയമണ്ട് നെക്ലേസ് റിലീസ് ചെയ്യുന്നത്. 22 ഫീമേയിൽ കോട്ടയം ഉൾപ്പെടെയുള്ള സിനിമകളും ഈ സമയത്താണ് റിലീസ് ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഫഹദിന് തിരക്കേറുകയാണ്. രജിനികാന്തിന്റെ പുതിയ ചിത്രത്തിൽ ഫഹദും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മാമന്നനാണ് തമിഴിൽ ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് സിനിമ. സിനിമയിൽ ഫഹദ് അവതരിപ്പിച്ച വില്ലൻ കഥാപാത്രം ആഘോഷിക്കപ്പെട്ടത് തമിഴകത്ത് അടുത്തിടെ വലിയ ചർച്ചയായി. പുഷ്പ: 2 ദ റൂൾ ആണ് നടന്റെ റിലീസ് ചെയ്യാനുള്ള തെലുങ്ക് ചിത്രം. ഈ സിനിമയിലും വില്ലൻ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. ഫഹദ് ഫാസിലിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.