ലിയോയിലെ തൃഷയുടെ ശബ്ദം ; വിലക്കിനിടയിലും  നന്ദിയറിയിച്ച് ചിൻമയി ശ്രിപാദ

വിജയ് നായകനായി പ്രദര്‍ശനെത്താനിരിക്കുന്ന ലിയോയുടെ ട്രെയിലര്‍ പുറത്തു വിട്ടതിന്റെ ആവേശത്തിലാണ് വിജയ്  ആരാധകര്‍. ലിയോയിൽ തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്. തൃഷയ്‍ക്ക് ശബ്‍ദം നല്‍കിയത് ഗായിക ചിൻമയി ശ്രിപാദയാണെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മിടു…

വിജയ് നായകനായി പ്രദര്‍ശനെത്താനിരിക്കുന്ന ലിയോയുടെ ട്രെയിലര്‍ പുറത്തു വിട്ടതിന്റെ ആവേശത്തിലാണ് വിജയ്  ആരാധകര്‍. ലിയോയിൽ തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്. തൃഷയ്‍ക്ക് ശബ്‍ദം നല്‍കിയത് ഗായിക ചിൻമയി ശ്രിപാദയാണെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മിടു മൂവ്‍മെന്റ് ആക്റ്റീവിസ്റ്റുമായ ചിൻമയി തന്നെ ലിയോയില്‍ തൃഷയ്‍ക്ക് ശബ്‍ദം നല്‍കിയതിന്റെ സന്തോഷം പങ്ക്  വെച്ചിട്ടുണ്ട്. ലോകേഷ് കനകരാജിന് ഒരായിരം നന്ദിയെന്ന് പറയുകയാണ് ഗായിക ചിൻമയി ശ്രിപാദ. തമിഴിലും തെലുങ്കിലും കന്നഡയിലും താനാണ് തൃഷയ്‍ക്കായി ഡബ്ബ് ചെയ്‍തത് എന്നും വ്യക്തമാക്കുന്നു ചിൻമയി. ഗാനരചയിതാവ്  വൈരമുത്തുവിനെതിരെ നേരത്തെ ചിൻമയി ശ്രിപാദ ലൈംഗീക ആരോപണം ഉന്നയിച്ചത് വൻ ചര്‍ച്ചയായി മാറുകയും ഗായികയ്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായ സാഹചര്യത്തിലും ലിയോയില്‍ അവസരം നല്‍കിയതിന് വിജയ്‍‍യെയും ലോകേഷ് കനകരാജിനെയും ആരാധകര്‍ അഭിനന്ദിക്കുകയും ചെയ്യുകയാണ്. വിജയ്‍യുടെ ലിയോയെയും ലോകേഷ് കനകരാജ് തന്റെ ബയോഗ്രാഫിക്കൊപ്പം അടുത്തിടെ ചേര്‍ത്തതും വലിയ വാര്‍ത്തയായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജ് എക്സില്‍ തന്റെ ബയോഗ്രാഫിയില്‍ ലിയോ നേരത്തെ ചേര്‍ക്കാത്തതു വിവാദമായിരുന്നു. സിനിമകള്‍ പൂര്‍ത്തിയായത് മാത്രമായിരുന്നു സംവിധായകൻ ലോകേഷ് കനകരാജ് ബയോഗ്രാഫിയില്‍ സാധാരണയായി ചേര്‍ക്കാറുള്ളത്. ലിയോയുടെ സെൻസര്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ലോകേഷ് കനകരാജ് എക്സില്‍ പേരിനൊപ്പം ചേര്‍ത്ത് വിജയ്‍യുടെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. വന്‍ വിജയം നേടിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കോളിവുഡിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രവുമാണ് ഇത്. ലോകേഷ് വിജയ് കൂട്ടു കെട്ടിലെത്തുന്ന ലിയോ. യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 19ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന സിനിമ തമിഴിന് പുറമെ തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും പ്രദർശിപ്പിക്കും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനി സാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആരാധകര്‍ കാത്തിരുന്നതു പോലെ വിജയിയുടെ ഗംഭീര ആക്ഷൻ രംഗങ്ങളാല്‍ സമ്പന്നമാണ് ലിയോ ട്രെയിലര്‍. പുറത്തെത്തിയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വിജയ് നിറഞ്ഞാടുന്നതായിരിക്കും ലിയോയെന്നാണ് പ്രതീക്ഷ. നടി തൃഷ 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‍യുടെ നായികയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ വൻ താര നിര അണിനിരക്കുന്നുണ്ട്. സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. എന്നാൽ ഇതേ സമയം ലിയോയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചതിനു പിന്നാലെ ആരാധകര്‍ തിയേറ്റര്‍ നശിപ്പിച്ചതായും പരാതി ഉയർന്നു വന്നിരുന്നു. ചെന്നൈയില്‍ ലിയോ ട്രെയിലറിന്റെ സ്പെഷ്യല്‍ സ്ക്രീനിങ് നടന്ന രോഹിണി തിയേറ്ററാണ് ആരാധകര്‍ അടിച്ചു തകര്‍ത്തത്. ആരാധകരുടെ ആവേശത്തില്‍ കനത്ത നാശനഷ്ടമാണ് തീയേറ്ററിന് ഉണ്ടായത്. നൂറ് കണക്കിന് ആരാധകരാണ് ട്രെയിലര്‍ കാണാനായി തിയേറ്ററില്‍ എത്തിയത്. ആളുകള്‍ പിരിഞ്ഞു പോയതിന് ശേഷമുള്ള തിയറ്ററിലെ ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വലിയ രീതിയിൽ തന്നെ പ്രചരിക്കുന്നുമുണ്ട്. അതുപോലെ തന്നെ ലിയോയുടെ ട്രെയിലറിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി  അനൈത്ത് മക്കള്‍ അരസില്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ട്രെയിലറില്‍ വിജയ് സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിച്ചെന്നതാണ് ഇവർ ഉന്നയിക്കുന്ന ആരോപണം. മുന്‍പ് സിനിമയിലെ ‘നാറെഡി’ എന്ന വിജയ് ആലപിച്ച ഗാനം പുകവലിയെയും ലഹരിമ രുന്നുകളുടെ ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചും ഇവര്‍‌ രംഗത്തെത്തിയിരുന്നു, തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ഗാനത്തിലെ വരികള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ലിയോ ട്രെയിലറിലെ 1.46 മിനിറ്റ് വരുന്ന ഭാഗത്ത് വിജയ് സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഡയലോഗ് പറയുന്നുവെന്നാണ് രാജേശ്വരി പ്രിയയുടെ ആരോപണം.