എല്ലാ സമ്പാദ്യവും നഷ്ടപ്പെടുത്തി അച്ഛന്‍ പോയി…വീടും വാഹനങ്ങളും അനിയന് തിരിച്ചെടുത്തു കൊടുത്തു!!! സുബിയുടെ ഓര്‍മ്മകളില്‍ തെസ്‌നി ഖാന്‍

നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ ലോകത്തിന്റെ തീരാനഷ്ടമാണ്. ആരാധകര്‍ക്ക് അത്രമേല്‍ പ്രിയങ്കരിയായ താരമാണ് വിട പറഞ്ഞത്. കരള്‍ രോഗത്തെ തുടര്‍ന്നാണ് സുബിയുടെ ജീവന്‍ നഷ്ടമായത്. ചികിത്സയിലിരിക്കെയാണ് താരം വിട പറഞ്ഞത്.…

നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ ലോകത്തിന്റെ തീരാനഷ്ടമാണ്. ആരാധകര്‍ക്ക് അത്രമേല്‍ പ്രിയങ്കരിയായ താരമാണ് വിട പറഞ്ഞത്. കരള്‍ രോഗത്തെ തുടര്‍ന്നാണ് സുബിയുടെ ജീവന്‍ നഷ്ടമായത്. ചികിത്സയിലിരിക്കെയാണ് താരം വിട പറഞ്ഞത്. നിരവധി സഹപ്രവര്‍ത്തകരാണ് സുബിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നത്.

ഇപ്പോഴിതാ നടി തെസ്‌നിഖാനും സുബിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ്. സുബിയെ അവസാനമായി കാണാന്‍ എത്തിയപ്പോള്‍ എന്റെ മോളേ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു തെസ്‌നി ഖാന്‍. തനിക്ക് നഷ്ടപ്പെട്ടത് കൂടെപിറപ്പിനെയാണെന്നും തെസ്‌നി പറഞ്ഞിരുന്നു.

ഇപ്പോഴിതാ തെസ്‌നി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കുടുംബത്തിന് വേണ്ടിയായിരുന്നു സുബി എന്നും ജീവിച്ചിരുന്നത്. അവരെയെല്ലാം സുരക്ഷിതമാക്കിയാണ് സുബി യാത്രയായത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്തിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്കിടെയാണ് സുബിയെ ആദ്യമായി പരിചയപ്പെട്ടത്. അതിഥികളെ വരവേല്‍ക്കാനുള്ള ടീമില്‍ തനിക്കൊപ്പം സുബിയുമുണ്ടായിരുന്നു. സെറ്റ് മുണ്ടൊക്കെ ഉടുത്ത് ഒരു മെലിഞ്ഞ പെണ്‍കുട്ടിയായിരുന്നു.

ഏഷ്യാനെറ്റിലെ ഹാസ്യപരിപാടിയായ സിനിമാലയില്‍ വെച്ചാണ് സുബിയെ കാണുന്നതും അടുത്ത സുഹൃത്തുക്കളായതും. ഡയാന ചേച്ചി സംവിധാനം ചെയ്ത സിനിമാലയില്‍ ആദ്യഘട്ടം മുതല്‍ ഉണ്ടായിരുന്ന സ്ത്രീ അഭിനേതാക്കള്‍ താനും സുബിയുമായിരുന്നു. പതിനഞ്ച് കൊല്ലത്തോളം ഒരുമിച്ച് സിനിമാലയുടെ എപ്പിസോഡുകള്‍ ചെയ്തിട്ടുണ്ടെന്നും തെസ്‌നി പറയുന്നു.

സ്‌കിറ്റ് ചെയ്യുന്നതിലും ആങ്കറിങ് ചെയ്യുന്നതിലുമെല്ലാം അവള്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. ഞാന്‍ സിനിമയില്‍ വിവിധ കഥാപാത്രങ്ങള്‍ ചെയ്ത അതേ സമയത്ത് സുബി സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകള്‍ ഇടതടവില്ലാതെ പറന്നു. എന്നും വിളിക്കുന്ന സൗഹൃദമായിരുന്നില്ല ഞങ്ങളുടേത്. ഇടയ്ക്ക് വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കും. നേരിട്ട് കാണുമ്പോള്‍ സ്നേഹം കൈമാറും. അതായിരുന്നു ഞങ്ങളുടെ രീതി.

കുടുംബത്തിന് വേണ്ടിയാണ് അവള്‍ ജീവിതത്തിന്റെ വലിയൊരു ഭാഗവും ചെലവഴിച്ചത്. സുബിയുടെ പിതാവിന് കുറേ വാഹനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യതമൂലം അതെല്ലാം വില്‍ക്കേണ്ടി വന്നു. പിതാവിന്റെ മരണശേഷം അവളും അമ്മയും സഹോദരനും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

എട്ടുവര്‍ഷം മുമ്പാണ് അവള്‍ നല്ലൊരു വീടുവെച്ചത്. അന്ന് ഗൃഹപ്രവേശത്തിന് ഞങ്ങളെല്ലാം പോയിരുന്നു. സുബിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനമായിരുന്നു അത്. അവള്‍ അന്ന് എന്നോട് പറഞ്ഞു ചേച്ചീ…. ഉണ്ടായതെല്ലാം നഷ്ടപ്പെടുത്തിയ ശേഷമാണ് അച്ഛന്‍ ഞങ്ങളെ വിട്ടുപോയത്. അതെല്ലാം തിരിച്ചുപിടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പറഞ്ഞതുപോലെ അവളെല്ലാം തിരിച്ചുപിടിച്ചു. ടിപ്പര്‍, ടെമ്പോ ട്രാവലര്‍, ലോറി എന്നിവ വീണ്ടും വാങ്ങിച്ചു. അനിയന് പുതിയൊരു വീട് വെച്ചുകൊടുത്തു.

അടുത്തിടെ ആ വാഹനങ്ങളെല്ലാം വിറ്റ് ദേശീയ പാതയ്ക്കരികില്‍ കുറച്ച് സ്ഥലം വാങ്ങി, ഒരുതരത്തിലും പണം ധൂര്‍ത്തടിച്ചിരുന്നില്ല. ചുറ്റുമുള്ളവരെയെല്ലാം സാമ്പത്തികമായി സുരക്ഷിതരാക്കിയാണ് അവള്‍ പോയത്.

പലപ്പോഴും അവള്‍ ശാരീരിക അസ്വസ്ഥതകളെക്കുറിച്ച് പറഞ്ഞിരുന്നു. ഉറക്കമില്ലാതെ തുടര്‍ച്ചയായി പരിപാടികള്‍ ചെയ്യുന്നത് കൊണ്ടാകാം എന്നാണ് വിചാരിച്ചത്. ഒരിക്കലും ഇത്ര വലിയ അസുഖം ഉള്ളിലുണ്ടെന്ന് തിരിച്ചറിഞ്ഞില്ല. അവളോട് ഞാന്‍ എപ്പോഴും ചോദിക്കും. സുബീ… എപ്പോഴും ഇങ്ങനെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചാല്‍ മതിയോ? നിനക്കും ഒരു വിവാഹമെല്ലാം കഴിക്കണ്ടേ? സമയമാകട്ടെ ചേച്ചീ… ഇപ്പോള്‍ നല്ല സന്തോഷമുണ്ട്…. വലിയ ദു:ഖമൊന്നുമില്ല. ഇങ്ങനെയങ്ങ് പോകട്ടെ എന്നാണവള്‍ പറയാറുണ്ടായിരുന്നത്.

അതേസമയം, അവളുടെ വിവാഹം തീരുമാനിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഏറെ സന്തോഷിച്ചു. വൈകിയെങ്കിലും നല്ലൊരാളെയാണ് അവള്‍ പങ്കാളിയാക്കാന്‍ തീരുമാനിച്ചത്. ആ നിമിഷത്തിനായി ഞങ്ങളെല്ലാം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് അവള്‍ യാത്രയായെന്ന് തെസ്‌നി ഖാന്‍ പറയുന്നു.