നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

നടന്‍ നെടുമ്പ്രം ഗോപി (85) അന്തരിച്ചു. തിരുവല്ലയില്‍ വച്ചായിരുന്നു അന്ത്യം. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മകള്‍ക്ക്, ദൈവനാമത്തില്‍, പകര്‍ന്നാട്ടം, കാഴ്ച, അത്ഭുതം, ശീലാബതി, അശ്വാരൂഡന്‍, കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, തനിയെ, ആനന്ദഭൈരവി, ഉല്‍സാഹ കമ്മിറ്റി, ആലിഫ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.

സിനിമകള്‍ കൂടാതെ സീരിയലുകളിലും ഗോപി അഭിനയിച്ചിട്ടുണ്ട്. കമലമ്മ ആണ് ഗോപിയുടെ ഭാര്യ. റിട്ടയേര്‍ഡ് ഹെഡ് മിസ്ട്രസായിരുന്നു കമലമ്മ. സുനില്‍ ജി നാഥ്, സുനിത, സുബിത എന്നീ മൂന്ന് മക്കളാണ്.

നടന് അനുശോചനം അറിയിച്ചു കൊണ്ട് സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. മകള്‍ക്ക്, ദൈവനാമത്തില്‍, പകര്‍ന്നാട്ടം, അത്ഭുതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച എന്റെ പ്രിയപ്പെട്ട നടന്‍, നെടുമ്പറം ഗോപിചേട്ടന് വിട’, എന്ന് സംവിധായകന്‍ ജയരാജ് അനുശോചനം അറിയിച്ച് കുറിച്ചു.

2004 ഓഗസ്റ്റ് 27നായിരുന്നു മമ്മൂട്ടിയെ നായകനാക്കി ബ്ലെസി ഒരുക്കിയ ‘കാഴ്ച’
പുറത്തിറങ്ങിയത്. ഗുജറാത്തിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് പവന്‍ എന്ന കുട്ടി ഒറ്റപ്പെട്ട് കേരളത്തിലേക്കെത്തുകയും, മാധവനെന്ന സാധാരണക്കാരന്‍ അവനെ മകനെപ്പോലെ വളര്‍ത്തുകയും ചെയ്യുന്നു. അവരുടെ സ്‌നേഹവും, പ്രത്യേക സാഹചര്യത്തില്‍ അവനെ പിരിയേണ്ടി വരുമെന്നായപ്പോള്‍ അവനെ നഷ്ടപ്പെടാതിരിക്കാന്‍ മാധവന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം പറഞ്ഞത്.

മലയാള സിനിമാ ലോകത്ത് ഏറെ ചലനം സൃഷ്ടിച്ച ചലച്ചിത്രമായിരുന്നു കാഴ്ച.
ചിത്രത്തിലെ നെടുമ്പ്രം ഗോപിയുടെ അച്ഛനായും പവന്റെ മുത്തച്ഛനായുമുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Previous articleജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ കത്ത്..! നവ്യ നായര്‍ പറയുന്നു..!
Next articleനിറവയറില്‍ ബിപാഷ ബസു; ബേബി ബംപില്‍ ചുംബിച്ച് കരണ്‍- ചിത്രങ്ങള്‍