‘ജീവിതത്തിന്റെ ഏതുഘട്ടത്തില്‍ വേണമെങ്കിലും ഈ അവസ്ഥ തിരിച്ചുവരാം’ രോഗാവസ്ഥയെ കുറിച്ച് സമീറ

നടന്‍ വില്‍ സ്മിത്ത് ഓസ്‌കാര്‍ വേദിയിലേക്കു കയറിച്ചെന്ന് അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഭാര്യ പിങ്കെറ്റ് സ്മിത്തിനെ പരിഹസിച്ചതിനാണ് വില്‍ സ്മിത്ത് ക്രിസിനെ അടിച്ചത്. അലോപ്പേഷ്യ എന്ന രോഗാവസ്ഥ…

നടന്‍ വില്‍ സ്മിത്ത് ഓസ്‌കാര്‍ വേദിയിലേക്കു കയറിച്ചെന്ന് അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഭാര്യ പിങ്കെറ്റ് സ്മിത്തിനെ പരിഹസിച്ചതിനാണ് വില്‍ സ്മിത്ത് ക്രിസിനെ അടിച്ചത്. അലോപ്പേഷ്യ എന്ന രോഗാവസ്ഥ മൂലം മുടി മുഴുവന്‍ കൊഴിഞ്ഞ നിലയിലാണ് പിങ്കെറ്റ്. സംഭവത്തിനു പിന്നാലെ അലോപ്പേഷ്യ എന്ന രോഗം എന്താണെന്നുള്ള അന്വേഷണത്തിലായി സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ നടി സമീറ റെഡ്ഡി താന്‍ നേരിട്ട അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. മുടികൊഴിച്ചില്‍ വര്‍ധിച്ചതും വൈകാതെ അത് അലോപേഷ്യ ആണെന്ന് തിരിച്ചറിഞ്ഞതും സമീറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

‘2016 ലാണ് തനിക്ക് അലോപേഷ്യ ഉണ്ടെന്ന് തിരിച്ചറിയുന്നത്. തലയുടെ പുറകുവശത്ത് രണ്ടിഞ്ചോളം കഷണ്ടിയുണ്ടെന്ന് അക്ഷയ് കണ്ടു. ഒരു മാസത്തിനുള്ളില്‍ അത്തരത്തില്‍ വീണ്ടും രണ്ടിടത്ത് കണ്ടു. അത് ഉള്‍ക്കൊള്ളുക പ്രയാസമായിരുന്നു. വൈകാരികമായി അതിനോട് പൊരുത്തപ്പെടുക പ്രയാസമായിരുന്നു. മുടികൊഴിച്ചിലിന് മാത്രമല്ല അതുമൂലമുണ്ടാകുന്ന മാനസികാവസ്ഥയ്ക്കു കൂടിയാണ് ചികിത്സ വേണ്ടത്. കോര്‍ട്ടികോസ്റ്റിറോയ്ഡ്‌സ് ഇഞ്ചക്ഷനുകള്‍ ശിരോചര്‍മത്തില്‍ വച്ചതോടെ മുടി കൊഴിഞ്ഞ ഭാഗങ്ങളില്‍ കിളിര്‍ത്തു തുടങ്ങിയെന്നും നിലവില്‍ ആരോഗ്യകരമായ മുടിയാണ് തനിക്ക് ഉള്ളത്. പക്ഷേ ജീവിതത്തിന്റെ ഏതുഘട്ടത്തില്‍ വേണമെങ്കിലും ഈ അവസ്ഥ തിരിച്ചുവരാമെന്നും സമീറ കുറിച്ചു.