‘ലോ കോളേജില്‍ അങ്ങനെ സംഭവിക്കരുതാരുന്നു’ കോളേജ് അധികൃതരുടെ നടപടിയില്‍ പ്രതികരിച്ച് അപര്‍ണ

എറണാകുളം ലോ കോളേജില്‍ തങ്കം സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി അപര്‍ണയെത്തി. കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്നും ലോ കോളേജില്‍…

എറണാകുളം ലോ കോളേജില്‍ തങ്കം സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി അപര്‍ണയെത്തി. കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്നും ലോ കോളേജില്‍ അങ്ങനെ സംഭവിക്കരുതായിരുന്നുവെന്നും അപര്‍ണ പറഞ്ഞു. ‘തങ്കം’ എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടി. ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവിടെ നടന്നത്. ലോ കോളേജില്‍ അങ്ങനെ സംഭവിക്കരുതായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം, അതുപോലെ തന്നെ അവര്‍ ചെയ്തിട്ടുമുണ്ട്. അവിടുത്തെ എല്ലാ കുട്ടികളും സംഭവത്തില്‍ മാപ്പ് പറഞ്ഞു. കോളേജിനെ താന്‍ ബഹുമാനിക്കുന്നുവെന്നും അപര്‍ണ പറഞ്ഞു.

എറണാകുളം ലോ കോളേജ് രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലാണ് നടപടിയെടുത്തത്. ഒരാഴ്ചത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. നടിയോട് അപമര്യാദയായി പെരുമാറിയ സംഭവം ഏറെ വിവാദമായിരുന്നു സംഭവത്തില്‍ വിദ്യാര്‍ത്ഥിയോട് കോളേജ് സ്റ്റാഫ് കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. വിഷയത്തില്‍ വിഷ്ണു തന്റെ മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാലും ഈ വിശദീകരണം തള്ളിയാണ് വിദ്യാര്‍ഥിയ്ക്കെതിരെ നടപടിയെടുത്തത്.

കോളേജ് യൂണിയന്‍ പരിപാടിയില്‍ അതിഥിയായിട്ടാണ് നടി അപര്‍ണ ബാലമുരളിയും വിനീത് ശ്രീനിവാസനും ലോ കോളേജിലെത്തിയത്. ഇരുവരുടെയും പുതിയ ചിത്രം തങ്കം സിനിമയുടെ പ്രമോഷന്റെ കൂടി ഭാഗമായിരുന്നു പരിപാടി. പരിപാടി വേദിയില്‍ പുരോഗമിക്കുന്നതിനിടെയാണ് പൂവുമായി വിഷ്ണു വേദിയിലേക്ക് എത്തിയത്. പൂ സ്വീകരിച്ച അപര്‍ണയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയ വിഷ്ണു അപര്‍ണയെ കൈയില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു.

ഇതിനിടെ നടിയുടെ തോളത്ത് കൈയിടാനും വിഷ്ണു ശ്രമിച്ചു. ഇതോടെ നടി അനിഷ്ടം വ്യക്തമാക്കി, ഫോട്ടോയെടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.