പ്രേക്ഷകര്‍ക്ക് ദീപാവലി ആശംസകളുമായി ടീം ക്രിസ്റ്റഫര്‍; പുതിയ പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി നായകനായെത്തി ആരാധകരെ ഞെട്ടിച്ച പടമാണ് അടുത്തിടെ റിലീസായ റോഷാക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ മലയാളത്തിലെ അടുത്ത റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണ…

മമ്മൂട്ടി നായകനായെത്തി ആരാധകരെ ഞെട്ടിച്ച പടമാണ് അടുത്തിടെ റിലീസായ റോഷാക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ മലയാളത്തിലെ അടുത്ത റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണ ടീമിന്റെ ക്രിസ്റ്റഫര്‍ ആണ്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്.

ടൈറ്റില്‍ കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം കഴിഞ്ഞ മാസാവസാനമാണ് സിനിമ പാക്കപ്പ് ആയത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഈ ചിത്രം. ഇപ്പോഴിതാ ദീപാവലി ആശംസകളുമായി എത്തിയിരിക്കുകയാണ് ടീം ക്രിസ്റ്റഫര്‍. സിനിമാപ്രേമികള്‍ക്കുള്ള ദീപാവലി സമ്മാനമായി ക്രിസ്റ്റഫറിന്റെ ഒരു പോസ്റ്റര്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

തോക്കേന്തി നില്‍ക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രം മാത്രമാണ് പോസ്റ്ററില്‍. ബയോഗ്രഫി ഓഫ് എ വിജിലാന്റെ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മൂന്ന് നായികമാരാണ് ചിത്രത്തില്‍. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍. തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്.

ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. 2010ല്‍ പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം.

ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലാ സംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, പിആര്‍ഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍.