അച്ഛന്റെ കരളായി എവിലിന്‍! അച്ഛന് പുതുജീവിതമേകി 18 കാരി

‘അച്ഛന്റെ കരള്‍ എവിടെ?…കുഞ്ഞ് നാളില്‍ എല്ലാകുട്ടികളോടും മാതാപിതാക്കള്‍ ചോദിക്കുന്ന ചോദ്യമാണ്. മക്കളെ താലോലിക്കുമ്പോള്‍ പറയുന്നതാണെങ്കിലും യഥാര്‍ഥത്തില്‍ അച്ഛന്റെ കരള്‍ ആയി മാറിയിരിക്കുകയാണ് ഒരു പൊന്നുമകള്‍. തൃശ്ശൂര്‍ വടക്കുംചേരിയിലെ എവിലിന്‍ എന്ന പതിനെട്ടുകാരിയാണ് അച്ഛന് കരള്‍…

‘അച്ഛന്റെ കരള്‍ എവിടെ?…കുഞ്ഞ് നാളില്‍ എല്ലാകുട്ടികളോടും മാതാപിതാക്കള്‍ ചോദിക്കുന്ന ചോദ്യമാണ്. മക്കളെ താലോലിക്കുമ്പോള്‍ പറയുന്നതാണെങ്കിലും യഥാര്‍ഥത്തില്‍ അച്ഛന്റെ കരള്‍ ആയി മാറിയിരിക്കുകയാണ് ഒരു പൊന്നുമകള്‍. തൃശ്ശൂര്‍ വടക്കുംചേരിയിലെ എവിലിന്‍ എന്ന പതിനെട്ടുകാരിയാണ് അച്ഛന് കരള്‍ പകുത്ത് നല്‍കിയിരിക്കുന്നത്.

വണ്ടിക്കച്ചവടക്കാരനായ നെല്‍സണിന്റെയും ബിനുവിന്റെയും മകളാണ് എവിലിനും ഇഷിതയും. തൃശ്ശൂര്‍ ചാലക്കുടി മേലൂരിലെ വടക്കുംചേരി ഹൗസിലാണ് ഇവര്‍ താമസം. ഒരു ദിവസം മലപ്പുറത്തേക്ക് ജോലിയ്ക്കായി പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് നെല്‍സണ്‍.

പിന്നീട് രണ്ടു മാസം ആശുപത്രി കിടക്കയിലായിരുന്നു നെല്‍സണ്‍. പിത്താശയത്തില്‍ കല്ലുനിറഞ്ഞ് രക്തത്തില്‍ അണുബാധയായി അത് കരളിനെ ബാധിച്ചുകഴിഞ്ഞിരുന്നു.
കരള്‍ മാറ്റിവെയ്ക്കലല്ലാതെ മറ്റു വഴികളൊന്നും അവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. ഇതോടെ ദാതാവിനെ കണ്ടെത്താനായി ശ്രമം ആരംഭിച്ചു.

നെല്‍സണ്‍ന്റെ ഇരട്ടസഹോദരന്‍ ജാക്ക്‌സണിനെ ആദ്യം ദാതാവായി നിശ്ചയിച്ചു. എന്നാല്‍ ഫാറ്റി ലിവര്‍ ആയതിനാല്‍ ആ ദൗത്യം പരാജയപ്പെട്ടു. ഇതോടെയാണ് പതിനെട്ടുകാരിയായ മകള്‍ എവിലിന്‍ അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ടുവന്നത്.

എന്നാല്‍ എവിലിന്‍ ധൈര്യത്തോടെ സമ്മതം മൂളിയപ്പോള്‍ സങ്കടം മുഴുവന്‍ തനിക്കായിരുന്നെന്ന് നെല്‍സണ്‍ പറയുന്നു. മകള്‍ക്കും ശസ്ത്രക്രിയ ചെയ്യേണ്ടെ എന്ന് ആലോചിച്ചപ്പോള്‍ ബുദ്ധിമുട്ട് തോന്നി. എന്നാല്‍ അവളാണ് െൈധര്യം പകര്‍ന്ന് ആശ്വസിപ്പിച്ചതെന്ന് നെല്‍സണ്‍ പറയുന്നു.

‘അപ്പന്‍ എനിക്ക് ജന്മം തന്നു. അതുപോലെ ഞാനും അപ്പന് പുതിയൊരു ജീവിതം നല്‍കുകയാണ്. അപ്പന്‍ പേടിക്കണ്ട’-ഐസിയുവില്‍ പാതിബോധത്തില്‍ കിടക്കുമ്പോള്‍ എവിലിന്‍ അച്ഛനോട് പറഞ്ഞു. അവളുടെ ആ ആത്മവിശ്വാസമാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. എവിലിന്റെ ആ വാക്കുകള്‍ ഞാന്‍ ജീവിതത്തില്‍ മറക്കില്ലെന്നും നെല്‍സണ്‍ പറയുന്നു.

ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെല്‍സന്റെ ശസ്ത്രക്രിയ. 45 ലക്ഷം രൂപ ചിലവു വന്ന ശസ്ത്രക്രിയയ്ക്ക് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹായിച്ചു.

ശസ്ത്രക്രിയക്ക് ശേഷം ഒന്നര മാസത്തോളും ആശുപത്രിക്കിടക്കയില്‍ പിന്നീടുള്ള ഒന്നര മാസം ആശുപത്രിയുടെ തൊട്ടടുത്തുള്ള വാടക വീട്ടിലുമായിരുന്നു താമസം. ഇപ്പോള്‍ വടക്കുംചേരിയിലെ വീട്ടില്‍ വിശ്രമത്തിലാണ് നെല്‍സണ്‍.

ശസ്ത്രക്രിയ കഴിഞ്ഞ് ആറു മാസം പൂര്‍ത്തിയാകാതെ പുറത്തിറങ്ങാന്‍ പറ്റില്ല. അടുത്ത ഡിസംബറോടെ വീണ്ടും ജോലിക്ക് കയറാമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍ കഴിയുന്നത്. നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് എവിലിന്‍. പെരുമ്പാവൂരിലെ സാന്‍ജോ കോളേജ് ഓഫ് നഴ്‌സിങിലാണ് പഠനം.

ശസ്ത്രക്രിയ കഴിഞ്ഞ് ഒന്നര മാസം എവിലിനും വിശ്രമത്തിലായിരുന്നു. ഇപ്പോള്‍ കോളേജില്‍ പോയി തുടങ്ങിയെന്നും ഹോസ്റ്റലിലാണ് താമസമെന്നും അമ്മ പറയുന്നു. സോഷ്യല്‍ ലോകത്തും നിറയുകയാണ് അച്ഛന്റെ കരളായ പൊന്നുമകള്‍.