യുവനടിമാര്‍ ആക്രമിക്കപ്പെട്ട സംഭവം അപലപനീയമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിക്കിടെ യുവ നടിമാര്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി. വാര്‍ത്ത വളരെയേറെ ആശങ്കയുണ്ടാക്കുന്നതും അപലപനീയവുമാണെന്ന് സതീദേവി പറഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ…

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിക്കിടെ യുവ നടിമാര്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി. വാര്‍ത്ത വളരെയേറെ ആശങ്കയുണ്ടാക്കുന്നതും അപലപനീയവുമാണെന്ന് സതീദേവി പറഞ്ഞു.

ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതു കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടതാണ്. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കു സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സംഘാടകരുടെ ഭാഗത്തു നിന്നുണ്ടാവണം. കോഴിക്കോട്ടെ സംഭവത്തില്‍ പൊലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികള്‍ക്ക് എതിരെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സാറ്റര്‍ഡേ നൈറ്റ് ചിത്രത്തിന്റെ പ്രമോഷന്‍ കഴിഞ്ഞു മടങ്ങുന്നതിനിടയിലാണു യുവനടിമാര്‍ക്കു നേരെ ലൈംഗികാതിക്രമമുണ്ടായത്. തിരക്കിനിടയില്‍ ഒരു നടി അതിക്രമം കാണിച്ച യുവാവിന്റെ മുഖത്തടിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 9.30നു ശേഷമായിരുന്നു സംഭവം.