Film News

ആ പഴയ കടം ‘കണ്ണൂര്‍ സ്‌ക്വാഡി’ലൂടെ മമ്മൂട്ടി വീട്ടി!!

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് ഒരുക്കിയ ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ മികച്ച പ്രതികരണമാണ് തിയ്യേറ്ററില്‍ നേടുന്നത്. ഇന്നലെയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. ആദ്യ ഷോ മുതല്‍ തന്നെ ചിത്രത്തിനെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ചിത്രത്തിനെ കുറിച്ചുള്ള ഒരു പോസ്റ്റ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് സംവിധായകന്‍ റോബി രാജിന്റെ ഭാര്യ ഡോ. അഞ്ജു മേരിയുടെ കുറിപ്പാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

1989ല്‍ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘മഹായാനം’ എന്ന സിനിമയുടെ നിര്‍മ്മാതാവായ സി.ടി രാജന്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകനായ റോബിയുടെയും, തിരക്കഥാകൃത്ത് റോണിയുടെയും പിതാവാണെന്ന് പറഞ്ഞുള്ള കുറിപ്പാണ് വൈറലായി മാറുന്നത്. മക്കളായ റോണിക്കും റോബിക്കുമൊപ്പമുള്ള അച്ഛന്റെ ചിത്രം പങ്കുവച്ചായിരുന്നു അഞ്ജുവിന്റെ കുറിപ്പ്.

ഈ ചിത്രം എന്റെ ഫീഡില്‍ ഇട്ടതില്‍ സന്തോഷം. ഒത്തിരി സ്നേഹവും സമ്മിശ്ര വികാരങ്ങളും. 1989ല്‍ മമ്മൂട്ടി നായകനായ മഹായാനം എന്ന ചിത്രം നിര്‍മ്മിച്ചത് പപ്പയാണ്. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും, അത് അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി, ഒടുവില്‍ നിര്‍മ്മാണം ഉപേക്ഷിക്കേണ്ടി വന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകളോടുള്ള ഇഷ്ടം അടുത്ത തലമുറ നന്നായി മുന്നോട്ടു കൊണ്ടുപോയി… 34 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മൂത്ത മകന്‍ റോണി തിരക്കഥയെഴുതി, ഇളയവന്‍ റോബി സംവിധാനം ചെയ്തത് അതേ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വച്ച് ജീവിതവൃത്തം പൂര്‍ത്തിയാവുന്നു..എന്നാണ് ഡോ. അഞ്ജു മേരി പോള്‍ കുറിച്ചത്.

Trending

To Top