ബോളിവുഡിന് ആശ്വാസമേകി ‘ദൃശ്യം 2’..! മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍!!

തുടരെ പരാജയങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന ബോളിവുഡ് സിനിമാ മേഖല വളരെ പ്രതീക്ഷകളോടെയാണ് ദൃശ്യം 2 വിനായി കാത്തിരുന്നത്. ആ കാത്തിരിപ്പും പ്രതീക്ഷയും വെറുതെയായില്ല.. അജയ് ദേവ്ഗണിനെ കേന്ദ്രകഥാപാത്രമാക്കി അഭിഷേക് പതക് സംവിധാനം ചെയ്ത ‘ദൃശ്യം 2…

തുടരെ പരാജയങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന ബോളിവുഡ് സിനിമാ മേഖല വളരെ പ്രതീക്ഷകളോടെയാണ് ദൃശ്യം 2 വിനായി കാത്തിരുന്നത്. ആ കാത്തിരിപ്പും പ്രതീക്ഷയും വെറുതെയായില്ല.. അജയ് ദേവ്ഗണിനെ കേന്ദ്രകഥാപാത്രമാക്കി അഭിഷേക് പതക് സംവിധാനം ചെയ്ത ‘ദൃശ്യം 2 ‘ മികച്ച പ്രതികരണങ്ങള്‍ നേടി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യ ദിനത്തില്‍ തന്നെ ആശ്വാസകരമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മികച്ച സ്‌ക്രീന്‍ കൗണ്ടോടെ തന്നെ സിനിമ എത്തിയപ്പോഴേക്കും സിനിമ വിജയിക്കുമെന്ന് ബോളിവുഡ് സിനിമാ പ്രേമികള്‍ക്കിടയില്‍ പ്രവചനങ്ങള്‍ നടന്നിരുന്നു.

ആദ്യദിനം 15.38 കോടിയാണ് ഈ സിനിമ സ്വന്തമാക്കിയത്. രണ്ടാം ദിനത്തില്‍ 21.59 കോടിയാണ് ചിത്രം നേടിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു, ഇതുവരെയുള്ള കണക്ക് പ്രകാരം, 36.97 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ആദ്യ ദിനത്തെ കളക്ഷന്‍ തന്നെ ശുഭസൂചന നല്‍കിയിരുന്നു. വാരാന്ത്യത്തോടെ കളക്ഷന്‍ കൂടുമെന്നും സിനിമ ഹിറ്റായി മാറുമെന്നും ട്രേഡ് അനലിസ്റ്റുകളും പറഞ്ഞിരുന്നു. ഭൂല്‍ ഭൂലയ്യ 2 ന് ശേഷം മികച്ച കളക്ഷന്‍ നേടിക്കൊണ്ട് ദൃശ്യം 2 വും മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

അജയ് ദേവ്ഗണിന്റെ നായക വേഷത്തിന് പുറമെ ശ്രിയ ശരണ്‍, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരുന്നത്, സുധീര്‍ കെ ചൗധരിയാണ്.

പനോരമ സ്റ്റുഡിയോസ്,18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് സിനിമ റീമേക്ക് ചെയ്ത് ബോളിവുഡിലും ഹിറ്റായി മാറിയിരിക്കുകയാണ്.