എന്റെ മനസില്‍ നഞ്ചിയമ്മയ്ക്ക് തന്നെ അവാര്‍ഡ്! ഞാന്‍ പാടുന്നത് കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ്- ദുല്‍ഖര്‍ സല്‍മാന്‍

ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദത്തില്‍ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വിവാദം അറിഞ്ഞിട്ടില്ലെന്നും പക്ഷെ എന്റെ മനസില്‍ നഞ്ചിയമ്മയ്ക്കാണ് അവാര്‍ഡ്. നഞ്ചിയമ്മ പാടിയ രീതിയും പാട്ടും ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. തന്റെ…

ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദത്തില്‍ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വിവാദം അറിഞ്ഞിട്ടില്ലെന്നും പക്ഷെ എന്റെ മനസില്‍ നഞ്ചിയമ്മയ്ക്കാണ് അവാര്‍ഡ്. നഞ്ചിയമ്മ പാടിയ രീതിയും പാട്ടും ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

തന്റെ പുതിയ ചിത്രമായ സീതാ രാമന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. ആഗസ്റ്റ് അഞ്ചിനാണ് സീതാരാമം തിയേറ്ററുകളില്‍ എത്തുന്നത്. ലോകമെമ്പാടും വലിയ റിലീസാണ് ചിത്രത്തിന് ഒരുക്കിയിട്ടുള്ളത്.

തന്റെ കരിയറിലെ അവസാന പ്രണയചിത്രമാണ് സീതാരാമമെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രത്തിന്റെ സംവിധാനം.

‘വിവാദം എന്താണെന്ന് അറിഞ്ഞിട്ടില്ല, പക്ഷെ എന്റെ മനസില്‍ നഞ്ചിയമ്മയ്ക്കാണ് അവാര്‍ഡ്. നഞ്ചിയമ്മ അത് അങ്ങേയറ്റം അര്‍ഹിക്കുന്നുണ്ട്. ആ പാട്ടും നഞ്ചിയമ്മ അത് പാടിയ രീതിയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. പിന്നെ എല്ലാത്തിന്റെയും ശാസ്ത്രം നോക്കാന്‍ എനിക്കറിയില്ല, ഞാന്‍ തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് പാടുന്നത്. ലൈവില്‍ ചുന്ദരി പെണ്ണേ പാടാന്‍ പറഞ്ഞാല്‍ ഞാന്‍ തന്നെ പെട്ടു പോകുമെന്നും’- ദുല്‍ഖര്‍ പറഞ്ഞു.

നേരത്തെ സംഗീതജ്ഞന്‍ ലിനുലാല്‍ ആണ് നഞ്ചിയമ്മക്ക് പുരസ്‌കാരം നല്‍കിയതിനെതിരെ രംഗത്തെത്തിയത്. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നുമെന്നായിരുന്നു ലിനുലാല്‍ ആരോപിച്ചത്. നഞ്ചിയമ്മയ്ക്ക് പിച്ച് അനുസരിച്ച് പാടാന്‍ ആകില്ലെന്നും സാധാരണ പാട്ടുകള്‍ പാടാനാവില്ലെന്നുമായിരുന്നു ലിനുലാലിന്റെ ആരോപണം.

സംഭവം വിവാദമായതോടെ നിരവധി ഗായകരാണ് നഞ്ചിയമ്മക്ക് പിന്തുണയുമായി എത്തിയത്. ഷഹബാസ് അമന്‍, സിതാര കൃഷ്ണകുമാര്‍, അല്‍ഫോന്‍സ്, ശരത്, ശ്വേതാമേനോന്‍ തുടങ്ങിയവരൊക്കെ നഞ്ചിയമ്മയെ പിന്തുണച്ച് എത്തിയിരുന്നു.