‘മേത്തച്ചിമാര്‍ക്ക് കല വഴങ്ങില്ല എന്ന കമന്റ് പറഞ്ഞ കൂട്ടുകാരന്‍ ഇന്നും ബ്ലോക്ക് ലിസ്റ്റിലാണ്’ ഫൗസിയയുടെ കുറിപ്പ്

‘ഫൗസിയ അനില്‍ എന്ന് പറഞ്ഞാല്‍ പല ആരാധനാലയങ്ങളുടെ വാതിലുകളും തുറക്കും. എന്റെ പേര് കേട്ട് അടയാളങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ചുഴിഞ്ഞു നോക്കുന്നവരുടെ നോട്ടം അസഹനീയവുമാണ്. അടയാളങ്ങളില്ലെങ്കിലും ദൈവവിശ്വാസമുണ്ടെനിക്ക് എന്ന് ആരെയും ബോധ്യപെടുത്താറുമില്ല. അടയാളങ്ങള്‍ ഇല്ലെങ്കിലും…

fousiya kalapatt fb post viral on social media

‘ഫൗസിയ അനില്‍ എന്ന് പറഞ്ഞാല്‍ പല ആരാധനാലയങ്ങളുടെ വാതിലുകളും തുറക്കും. എന്റെ പേര് കേട്ട് അടയാളങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ചുഴിഞ്ഞു നോക്കുന്നവരുടെ നോട്ടം അസഹനീയവുമാണ്. അടയാളങ്ങളില്ലെങ്കിലും ദൈവവിശ്വാസമുണ്ടെനിക്ക് എന്ന് ആരെയും ബോധ്യപെടുത്താറുമില്ല. അടയാളങ്ങള്‍ ഇല്ലെങ്കിലും ദൈവസാന്നിധ്യം പലപ്പോഴും താങ്ങായിട്ടുമുണ്ട്’ ശ്രദ്ധേയമായി ഫൗസിയ കളപ്പാട്ടിന്റെ കുറിപ്പ്.

മോള് ഉക്രയിനിലെ യുദ്ധഭൂമിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ അവളുടെ വിശേഷം ചോദിച്ച് വിളിച്ച ചില ബന്ധുക്കൾ എന്നെ നന്നായി ഉപദേശിച്ചു. ഇനിയെങ്കിലും നീ പടച്ചവനോട് അടുക്കണം, ഭക്തിയോടെ വേണം എന്തും ചെയ്യാൻ, എപ്പോഴും പടച്ചവനിലേക്കുള്ള ദൂരം കുറക്കാൻ ശ്രമിക്കണം എന്നൊക്കെ, മോള് യുദ്ധഭൂമിയിൽ നിന്ന് വരാൻ കഷ്ടപ്പെട്ടതും ഞാനിവിടെ ശ്വാസം പോലുമില്ലാതെ പിടഞ്ഞിരുന്നതും ആ അകലം കൂടുതലായതുകൊണ്ടാണത്രേ…

നിങ്ങളൊക്കെ അവിടെയെത്തിയല്ലോ, സമാധാനമായി. ഞാൻ വിറക് കൊള്ളിയായിക്കൊള്ളാമെന്ന് നേരത്തെ തന്നെ പടച്ചവനോട് പറഞ്ഞു പോയി. വിറക് ആകാനും കുറച്ച് പേര് വേണോലോ എന്ന് ചിരിയോടെ പറഞ്ഞ് മനസ്സിൽ പല്ലിറുമ്മി ഞാൻ ഫോൺ വെച്ചു. അമൃത വിദ്യാലയത്തിലാണ് മോളെ ആദ്യം ചേർത്തത്. ഡാൻസ് കളിക്കാൻ ഒരു പാട് ഇഷ്ടമുള്ള കുട്ടിയാണവൾ..

സ്കൂൾ ആനിവേഴ്സറി വന്നപ്പോൾ മോളെയൊന്നും ഡാൻസിന് പരിഗണിച്ചില്ല. അതെന്താ എന്ന് മോളോട് ചോദിച്ചപ്പോൾ നിങ്ങളുടെ കൂട്ടർക്ക് ഡാൻസൊന്നും അറിയാൻ വഴിയില്ല, സമയം കളയാൻ വയ്യെന്ന് ടീച്ചർ പറഞ്ഞത്രേ… ആ ടീച്ചറോട് ദേഷ്യത്തിൽ എന്തൊക്കെ പറഞ്ഞു എന്ന് എനിക്കിന്നും ഓർമ്മയില്ല. പിറ്റേദിവസം തന്നെ ടിസി വാങ്ങി വേറെ സ്കൂളിൽ ചേർത്തു. എല്ലാ പ്രോഗ്രാമുകൾക്കും മോള് പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.

ഞാൻ പാട്ട് പഠിക്കാൻ ചേർന്നപ്പോഴും ഹോ, മേത്തച്ചിമാർക്ക് കല വഴങ്ങില്ല എന്ന കമന്റ് പറഞ്ഞ കൂട്ടുകാരൻ ഇന്നും ബ്ലോക്ക് ലിസ്റ്റിലാണ്.  ആ വാശിക്ക് കല്യാണത്തിന് ശേഷം മുടങ്ങിയ ഭരതനാട്യം വീണ്ടും ഉഷാറാക്കി. ജാതി തിരിച്ചറിയാത്ത പേരുള്ള ഭർത്താവുള്ളതിന്റെ പേരിൽ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട പെണ്ണാണ് ഞാൻ.. പക്ഷെ ആ തെറ്റിദ്ധാരണ നന്നായി ആസ്വദിച്ചിട്ടുണ്ട് ഞങ്ങൾ.. കഥകളൊക്കെ മെനഞ്ഞുണ്ടാക്കി അതുറപ്പിക്കാൻ ചിലരൊക്കെ മുൻപിൽ വരും..

വീട്ടുകാരുമായി ഇപ്പോഴും സഹകരണം ഉണ്ടോ? അന്നൊളിച്ചോടിയാണോ കല്യാണം കഴിച്ചത്? മോളുണ്ടായപ്പോഴാണോ പ്രശ്നങ്ങൾ തീർന്നത്? മോളെ ഏത് വിശ്വാസത്തിലാണ് വളർത്തുന്നത്? തുടങ്ങി മുന്പിലെത്തുന്ന ചോദ്യങ്ങൾക്ക് കൂടുതൽ ഉന്മേഷം പകരാൻ അനിൽ വീണ്ടും കഥകളുണ്ടാക്കും. അവസാനം ആ സത്യവും പറയും. മക്കളെ പേരിലൂടെ ആരും ജാതി തിരിച്ചറിഞ്ഞ് സ്നേഹിക്കണ്ട എന്ന വാശിയുള്ള ഒരു മനുഷ്യസ്നേഹിയുടെ മകനാണ്‌ താനെന്ന്..

ഫൗസിയ എന്ന പേരും എന്റെ രൂപവും ഒത്തുനോക്കി അനിൽ ജാതി മാറ്റിയത് കൊണ്ടാണെന്ന് അടക്കം പറഞ്ഞത് കേട്ട് സങ്കടം തോന്നിയിട്ടുണ്ട്.. ചിലപ്പോഴെങ്കിലും സന്തോഷവും.. ഫൗസിയ അനിൽ എന്ന് പറഞ്ഞാൽ പല ആരാധനാലയങ്ങളുടെ വാതിലുകളും തുറക്കും. എന്റെ പേര് കേട്ട് അടയാളങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ചുഴിഞ്ഞു നോക്കുന്നവരുടെ നോട്ടം അസഹനീയവുമാണ്. അടയാളങ്ങളില്ലെങ്കിലും ദൈവവിശ്വാസമുണ്ടെനിക്ക് എന്ന് ആരെയും ബോധ്യപെടുത്താറുമില്ല. അടയാളങ്ങൾ ഇല്ലെങ്കിലും ദൈവസാന്നിധ്യം പലപ്പോഴും താങ്ങായിട്ടുമുണ്ട്.

പേരിലും രൂപത്തിലും അടയാളം ഇല്ലാത്തതിന്റെ പേരിൽ സ്വന്തം മതത്തിൽ പെട്ടവർ ആശ്രയിക്കാത്ത വക്കീലന്മാരും ഡോക്ടർമാരും എനിക്ക് സുഹൃത്തുക്കളായുണ്ട്. അവരൊക്കെ അതിനെ കുറിച്ച് വിഷമത്തോടെ പറഞ്ഞു കേൾക്കുമ്പോൾ സങ്കടമാണ് തോന്നുക. എത്ര പുരോഗമനം പറഞ്ഞാലും.

നീ തന്നെ സത്യം

ജ്ഞാനമാനന്ദം…

ഒരു ജാതി, ഒരു മതം,

ഒരു ദൈവം മനുഷ്യന്… മഹാഗുരുവിന്റെ മഹത് വചനങ്ങൾ..

എന്നാണാവോ ഈ വാക്കുകൾ നമ്മൾ നെഞ്ചിലേറ്റുക..