Film News

‘മമ്മൂട്ടിയെ സൂപ്പര്‍ താരത്തിന്റെ ആലഭാരങ്ങളില്ലാതെ പരിപൂര്‍ണ്ണമായും ഒരു കഥാപാത്രമായി കണ്ടു’

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിച്ച നന്‍പകല്‍ നേരത്ത് മയക്കം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇക്കഴിഞ്ഞ ഐഎഫ്എഫ്‌കെയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടപ്പോഴും പിന്നീട് തിയറ്റര്‍ റിലീസിന്റെ സമയത്തും ചിത്രം കൈയടി നേടി. നെറ്റ്ഫ്‌ലിക്‌സിലൂടെയുള്ള ഒടിടി റിലീസിലും ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മമ്മൂട്ടിയെ സൂപ്പര്‍ താരത്തിന്റെ ആലഭാരങ്ങളില്ലാതെ പരിപൂര്‍ണ്ണമായും ഒരു കഥാപാത്രമായി കണ്ടുവെന്നാണ് ഗിരീഷ് കുമാര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

നന്‍പകല്‍ നേരത്ത് മയക്കം
സ്‌പോയിലര്‍ ഭയമിരുപ്പവര്‍ തള്ളി പോക വേണ്ടിയത്.
ജെയിംസ് ഒരു ഉച്ചമയക്കത്തില്‍ നിന്നും ഉണരുന്നതിന് ശേഷമുള്ള കാഴ്ചകള്‍ കാണുമ്പോള്‍, ഇത് അയാളുടെ സ്വപ്നമാണോ? ജെയിംസിന്റെ ഭാവനയിലുള്ള നാടകമാണോ? അയാളുടെ ഉള്ളിലെ ദ്വന്ദ്വവ്യക്തിത്വമാണോ? സുന്ദരത്തിന്റെ ബാധകൂടിയതാണോ? എന്നിങ്ങനെ ഒരുപാട് സംശയങ്ങള്‍ നമ്മുടെ ഉള്ളില്‍ ഉയരാന്‍ തുടങ്ങും. എന്നാല്‍ പടം അവസാനിക്കുന്നതോടെ ഇതിനെല്ലാം സിംബോളിക്കായ ചില ചിന്താ സൂചനകളും സംവിധായകന്‍ നമുക്ക് തരും.
അവസാനം വെളിവാകുന്നതില്‍ നിന്ന് ഇതെല്ലാം ജയിംസിന്റെ സ്വപ്നമോ, ഭാവനയോ അല്ല. കാരണം അന്ന് രാത്രി തന്നെ അപ്രതീക്ഷിതമായി കിട്ടിയ എറണാകുളത്തേക്കുള്ള ഒരു ടാക്സി കാറില്‍, സംഭവസ്ഥലത്ത് നിന്ന് ഭാര്യയെയും കൂട്ടി സ്ഥലം വിട്ട ജയിംസിന്റെ ബന്ധു കൂടിയായ മോനായി പിറ്റേന്ന് ജയിംസിന്റെ കൂടെ മടങ്ങിപ്പോകുന്നവരുടെ കൂട്ടത്തിലില്ല. സ്വപ്നത്തിലോ ഭാവനയിലോ സ്ഥലം വിട്ടവര്‍ യാഥാര്‍ത്ഥ്യത്തില്‍ ഉണ്ടായിരിക്കണമല്ലോ.
അതുപോലെ ജയിംസിന്റെയും സുന്ദരത്തിന്റെയും വ്യക്തിത്വങ്ങള്‍ ഇടയ്ക്കിടെ മാറി വരാത്തതു കൊണ്ട് ഇത് ദ്വന്ദ്വവ്യക്തിത്വവുമല്ല.
ഇനിയുള്ളത് ഹോണ്ടിങ്ങ് ആണ്. കാരണം പിറ്റേന്ന് ഉച്ചയുറക്കത്തിന് ശേഷം സുന്ദരത്തിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപോകുന്ന ജയിംസിന്റെ നിഴല്‍ അവിടെ നിന്നും കൂടെ ഇറങ്ങാതെ പോലെയുള്ള ഒരു ഷോട്ട് കാണിക്കുന്നുണ്ട്. അത് ജയിംസില്‍ നിന്നും സുന്ദരം വിട്ട് പോകുന്നതും ആവാം. എന്നാല്‍ ഇതിനെ പൂര്‍ണമായും ഖണ്ഡിക്കുന്നതാണ് അവസാനം ജയിംസിന്റെയും കൂട്ടരുടെയും ബസിന് പിന്നാലെ ഓടുന്ന സുന്ദരത്തിന്റെ നായയുടെ ഷോട്ട്.
ഇനി നിഴല്‍ സുന്ദരത്തിന്റെ മനസ്സ് ആണ് എന്ന ബ്രില്യന്‍സ് ആണെങ്കില്‍ ജയിംസ് വീണ്ടും സുന്ദത്തിന്റെ നാട്ടില്‍ വരാനുള്ള സാധ്യതയുമുണ്ട്. കൂടാതെ നാട്ടില്‍ മടങ്ങിയെത്തുന്ന ജയിംസ് ചിലപ്പോള്‍ വീണ്ടും ഇടയ്ക്കിടെ സുന്ദരമായി മാറാനുള്ള സാധ്യതയും ഉണ്ട്. നാടകത്തില്‍ കഥാപാത്രമായി അഭിനയിക്കുന്നതിനിടയില്‍ ജയിംസ് ഇങ്ങനെ സുന്ദരമായി മാറിയാല്‍ എങ്ങനിരിക്കും. ആ വഴിക്കും കഥയുടെ തുടര്‍ച്ച ആലോചിക്കാവുന്നതാണ്. ഇതൊക്കെ എന്റെ വന്യമായ ഭാവനകളാണ്.
പൊതുവെ ലിജോയുടെ ഓഫ് ബീറ്റ് സിനിമകളില്‍ ക്ലൈമാക്‌സ് പ്രേക്ഷകരുടെ യുക്തിക്ക് വിടുകയാണ് പുള്ളിയുടെ ശൈലി. ഓരോരുത്തര്‍ക്കും അവരവരുടെ യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കാം. ഇവിടെയും ലിജോ ആ പതിവ് തെറ്റിക്കുന്നില്ല.
ഒരു സിനിമ കണ്ടതിന് ശേഷം വീണ്ടും വീണ്ടും അതിനെക്കുറിച്ച് പലരീതിയില്‍ ചിന്തിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത് ആ പടം നമ്മുടെ ഹൃദയത്തിന് പുറമേ ബുദ്ധിയിലും സ്ഥാനം പിടിക്കുന്നത് കൊണ്ടാണ്.
വളരെക്കാലത്തിന് ശേഷം ശ്രീ. മമ്മൂട്ടിയെ സൂപ്പര്‍ താരത്തിന്റെ ആലഭാരങ്ങളില്ലാതെ പരിപൂര്‍ണ്ണമായും ഒരു കഥാപാത്രമായി കണ്ടു. ഈ റോള്‍ അവതരിപ്പിക്കുന്നത് ഒക്കെ അദ്ദേഹത്തിന് പൂ പറിക്കുന്നതിനേക്കാള്‍ അനായാസമായ പ്രവര്‍ത്തിയാണ്.

ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം.

Trending

To Top