ദിലീപ് ഇപ്പോള്‍ അങ്ങനെ ഒന്ന് ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ക്ക് പിന്മാറാന്‍ സാധിക്കില്ല; മൂസയുടെ രണ്ടാംഭാഗത്തെ കുറിച്ച് ജോണി ആന്റണി

2003ല്‍ ജോണി ആന്റണി സംവിധാനം ചെയ്ത സിഐഡി മൂസയുടെ ആരാധകരല്ലാത്തവരായി ആരും കാണുകയില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുവെന്നതിന് തെളിവാണ് ജോണി ആന്റണിയ്ക്ക് ലഭിക്കുന്ന മൂസയെ കുറിച്ചുള്ള ചോദ്യങ്ങള്‍. ഇപ്പോഴിതാ സംവിധായകന്‍ സിനിമ…

2003ല്‍ ജോണി ആന്റണി സംവിധാനം ചെയ്ത സിഐഡി മൂസയുടെ ആരാധകരല്ലാത്തവരായി ആരും കാണുകയില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുവെന്നതിന് തെളിവാണ് ജോണി ആന്റണിയ്ക്ക് ലഭിക്കുന്ന മൂസയെ കുറിച്ചുള്ള ചോദ്യങ്ങള്‍. ഇപ്പോഴിതാ സംവിധായകന്‍ സിനിമ വരാനുള്ള സാധ്യതയെ കുറിച്ച് ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

സിഐഡി മൂസ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യണം എന്ന സംസാരം നടക്കുന്നുണ്ട്. റാഫി മെക്കാര്‍ട്ടിന്റെ വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച്, നമുക്ക് സിഐഡി മൂസയുടെ രണ്ടാം ഭാഗം ചെയ്യണം എന്ന് ദിലീപ് പറഞ്ഞിരുന്നു. ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുന്ന വിധം ചെയ്യണം എന്നാണ് സംസാരിച്ചത്. പക്ഷെ അതിന്റെ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല.

ഉദയനും സിബിയും ആണ് സിഐഡി മൂസയുടെ തിരക്കഥ എഴുതിയത്. അവര്‍ രണ്ട് പേരും പിരിഞ്ഞു നില്‍ക്കുന്ന സമയമാണ്. അവരെ ഒന്നിപ്പിക്കണം. മാത്രമല്ല, അന്നത്തെ പോലെ എല്ലാവര്‍ക്കും ആവശ്യമാണ് എന്ന രീതിയില്‍ സിനിമ ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ അത് വര്‍ക്കാകുകയുള്ളൂ. എല്ലാത്തിലുമുപരി ഇത് ദിലീപിന്റെ തീരുമാനമാണ്. ദിലീപ് ഇപ്പോള്‍ അങ്ങനെ ഒന്ന് ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ക്ക് പിന്മാറാന്‍ സാധിക്കില്ല, അദ്ദേഹത്തോട് ഞങ്ങള്‍ക്ക് കമ്മിറ്റ്മെന്റ്സ് ഉണ്ട്.

ഒന്നാം ഭാഗത്ത് ഉണ്ടായിരുന്ന പലരും ഇന്ന് ഇല്ല, ചിലര്‍ക്ക് അസുഖമാണ്. അതേ സമയം ദിലീപും ആ അര്‍ജ്ജുന്‍ എന്ന നായയും ഉണ്ടെങ്കില്‍ തന്നെ സിഐഡി മൂസയുടെ രണ്ടാം ഭാഗം എടുക്കാന്‍ സാധി്ക്കും. പക്ഷെ ഈ കഥാപാത്രങ്ങളുടെ എല്ലാം കുറവ് നികത്തും വിധം ശക്തമായ തിരക്കഥ ആയിരിക്കണം സിനിമയുടേത്. എങ്കില്‍ മാത്രമേ രണ്ടാം ഭാഗം എടുക്കുന്നത് കൊണ്ട് പ്രയോജനമുള്ളൂവെന്നും ജോണി ആന്റണി വ്യക്തമാക്കി. അതേസമയം സംവിധായകന്‍ എന്ന നിലയില്‍ നിന്ന് മാറി നടന്‍ എന്ന നിലയിലും ഇപ്പോള്‍ ജോണി ആന്റണി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഹൃദയം ആണ് അദ്ദേഹം അഭിനയിച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.