‘സാറേ ഇത് ഊരാന്‍ പറ്റാഞ്ഞിട്ടാ, ഒന്ന് പറ സാറേ..’ കുഞ്ചാക്കോ ബോബന്റെ ‘അറിയിപ്പ്’ ട്രെയ്‌ലര്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള ട്രെയ്‌ലറാണ് പുറത്തുവിട്ടത്. നെറ്റ്ഫ്‌ലിക്‌സിലൂടെ ഡിസംബര്‍ 16നാണ് ചിത്രം റിലീസിനെത്തുന്നത്. വിവിധ രാജ്യാന്തര മേളകളില്‍ ഇടം നേടിയ ചിത്രത്തില്‍…

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള ട്രെയ്‌ലറാണ് പുറത്തുവിട്ടത്. നെറ്റ്ഫ്‌ലിക്‌സിലൂടെ ഡിസംബര്‍ 16നാണ് ചിത്രം റിലീസിനെത്തുന്നത്. വിവിധ രാജ്യാന്തര മേളകളില്‍ ഇടം നേടിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ലവ്ലീന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയ പ്രശസ്ത നാടക-ചലച്ചിത്ര താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രം ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണന്‍ തന്നെയാണ്. നോയിഡയിലെ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, ദുരിതമനുഭവിക്കുന്ന മലയാളി ദമ്പതികള്‍ മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിനു പുറത്തേക്ക് കുടിയേറാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. ദമ്പതികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയിലെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു വ്യാജ വിഡിയോ ക്ലിപ്പ് പ്രചരിക്കുന്നു. ഇത് അവരുടെ ബന്ധത്തില്‍ വൈകാരികമായ ഉലച്ചിലുണ്ടാക്കുന്നു.

മാലിക്കിന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രമാണിത്. ഹരീഷ് എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രശ്മി എന്നാണ് നായികയായെത്തുന്ന ദിവ്യപ്രഭയുടെ കഥാപാത്രത്തിന്റെ പേര്. ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു അറിയിപ്പ്. ഉദയ പിക്‌ചേഴ്‌സിന്റെ 75-ാം വാര്‍ഷികത്തില്‍ അതേ ബാനര്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ചിത്രം ഈ നേട്ടം സ്വന്തമാക്കി എന്നത് സിനിമാപ്രേമികളില്‍ കൗതുകം സൃഷ്ടിച്ചിരുന്നു. ഉദയാ സ്റ്റുഡിയോ, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.