ആ കഥാപാത്രത്തിന് നേരെ വന്ന ബോഡി ഷെയിമിങ് വേദനിപ്പിച്ചു; തുറന്നടിച്ച് ലോകേഷ് കനകരാജ്

കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിക്കുന്നത്. എന്നാല്‍ വിക്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനെ ബോഡി ഷെയിമിങ് ചെയ്ത സംഭവത്തില്‍ ശക്തമായ രീതിയില്‍…

കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിക്കുന്നത്. എന്നാല്‍ വിക്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനെ ബോഡി ഷെയിമിങ് ചെയ്ത സംഭവത്തില്‍ ശക്തമായ രീതിയില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍. ‘തമിഴ് സിനിമ റിവ്യൂ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലോകേഷ് തുറന്നടിച്ചത്.ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ ജാഫര്‍ സാദിഖ് എന്ന കൊറിയോഗ്രാഫര്‍ അഭിനയിച്ചിരുന്നു. ഇദ്ദേഹം ചെയ്ത കഥാപാത്രം ഏറെ പ്രശംസയും ഏറ്റുവാങ്ങി. എന്നാല്‍ തമിഴില്‍ റോസ്റ്റിങ് വീഡിയോ ചെയ്യുന്ന ‘പ്ലിപ് പ്ലിപ്’ എന്ന യൂട്യൂബ് ചാനല്‍ വിക്രത്തെയും അതില്‍ ജാഫര്‍ അവതരിപ്പിച്ച കഥാപാത്രത്തെയും പറ്റി മോശമായ പരാമര്‍ശങ്ങള്‍ നടത്തി ഒരു വീഡിയോ ചെയ്തിരുന്നു. ജാഫറിന്റെ ശരീരത്തെ കുറിച്ച് വളരെ മോശമായ കമന്റായിരുന്നു വീഡിയോ നിര്‍മിച്ചവരുടെ ഭാഗത്തുനിന്ന് വന്നത്. ഈ വിഷയം വലിയ ചര്‍ച്ചയായതിനൊപ്പം നിരവധി പേര്‍ യൂട്യൂബ് ചാനലിനെതിരെ രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ലോകേഷ് കനകരാജ് തന്നെ ഈ വിഷയത്തിലുള്ള അഭിപ്രായം വ്യക്തമാക്കിരിക്കുകയാണ്.

‘സിനിമയെ ഏത് രീതിയില്‍ വിമര്‍ശിച്ചാലും അതിനെ ഉള്‍ക്കൊള്ളുന്നു, കഥാപാത്രത്തെയും അത് ചെയ്ത ആളുടെ അഭിനയത്തെയും വരെ ഏത് രീതിയില്‍ വേണമെങ്കിലും കൊള്ളില്ല എന്ന് പറയാനും അത് കാണുന്നവര്‍ക്ക് അവകാശമുണ്ട്. പക്ഷെ, കഥാപാത്രം ചെയ്ത ആളുടെ ശരീരത്തെ കുറിച്ച് പറയുന്നത് അങ്ങേയറ്റം മോശമാണ്. ജാഫര്‍ അങ്ങനെ ആവാന്‍ കാരണം അവനല്ല, അത്രയും കഴിവുള്ള ഒരു നടനാണ് അദ്ദേഹം. ഇത്തരത്തില്‍ ബോഡി ഷെയിമിങ് പറയുന്നത് തെറ്റാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. അടുത്ത പടം മോശമാണെന്ന് തോന്നിയാല്‍ രണ്ട് വീഡിയോ റോസ്റ്റിങ് വേണമെങ്കിലും ഇറക്കിക്കോളു, പക്ഷെ ഇത്തരം കാര്യങ്ങള്‍ നിര്‍ത്തണം’ എന്നായിരുന്നു ലോകേഷിന്റെ പ്രതികരണം. ഇത്തരം പ്രവണതകളെ ശക്തമായി തള്ളിപ്പറയണമെന്നും അദ്ദേഹം പറഞ്ഞു.