Film News

സിനിമ എന്നാല്‍ അതാണല്ലോ..! പലതും സംഭവിക്കാം…!! തുറന്ന് പറഞ്ഞ് മനോജ് കെ. ജയന്‍

കുറച്ച് നാളുകള്‍ക്ക് ശേഷം മനോജ് കെ ജയന്‍ വീണ്ടും മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനോടകം തന്നെ നടനായും വില്ലനായും എല്ലാം പ്രേക്ഷകര്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഒരുപാട് കഥാപാത്രങ്ങളിലൂടെ മനോജ് കെ ജയന്‍ വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്. അവയെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. ഇതുവരെയുള്ള അഭിനയ ജീവിതത്തില്‍ ഇതിന് മുന്‍പും പോലീസ് വേഷത്തില്‍ എത്തിയ മനോജ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനും നായകനായി എത്തിയ സല്യൂട്ട് എന്ന ചിത്രത്തില്‍ ഒരിക്കല്‍ കൂടി പോലീസ് വേഷം അണിഞ്ഞ് എത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ സല്യൂട്ടിന്റെ ഷൂട്ടിംഗ് സമയത്ത് തനിക്ക് ഉണ്ടായ ഒരു വിഷമകരമായ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍.. താന്‍ മനസ്സറിഞ്ഞ് അഭിനയിച്ച രംഗം സിനിമയുടെ ക്ലൈമാക്‌സില്‍ ഉള്‍പ്പെടുത്താന്‍ ആയില്ലെന്ന വിഷമമാണ് അദ്ദേഹം പങ്കുവെച്ചത്. മനോജ് കെ ജയന്റെ വാക്കുകളിലേക്ക്… അനുജന്‍ അരവിന്ദ് ആയി അഭിനയിക്കുന്ന ദുല്‍ഖറിനൊപ്പം ആ വരാന്തയിലെ ബെഞ്ചിലിരിക്കുന്ന രംഗം. വളരെ ഇമോഷണല്‍ സീനാണ്. ഓരോ സീനും ഓരോ നിമിഷവും എങ്ങനെ ആകണമെന്ന് റോഷന്റെ മനസില്‍ കൃത്യമായ ധാരണയുണ്ട്. ആ സീന്‍ എടുക്കുന്നതിനു മുന്‍പ് റോഷന്‍ പറഞ്ഞു,

‘ചേട്ടാ… വളരെ സൂക്ഷ്മമായി ചെയ്താല്‍ മതി. മുഖത്ത് ഒരു ചലനം പോലും ആവശ്യമില്ല. വെറുതെ കണ്ണു നിറഞ്ഞിരുന്നാല്‍ മതി’ എന്നു പറഞ്ഞു. എന്തോ സാങ്കേതിക പ്രശ്നം മൂലം ആ ഷോട്ട് രണ്ടോ മൂന്നോ തവണ പോകേണ്ടി വന്നു. പക്ഷേ അതില്‍ വലിയൊരു നഷ്ടം സംഭവിച്ചു. കാരണം, ആദ്യത്തെ ടേക്ക് പോയപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞു പോയി. റോഷന് വളരെ ഇഷ്ടപ്പെട്ട ഷോട്ടായിരുന്നു അത്. പക്ഷേ, എന്തോ ടെക്നിക്കല്‍ പ്രശ്നം മൂലം ആ ടേക്ക് ഉപയോഗിക്കാന്‍ പറ്റുമായിരുന്നില്ല. സിനിമ എന്നു പറയുന്നത് അതാണല്ലോ!

ക്യാമറയും ലൈറ്റും എല്ലാം പക്കാ ആകുമ്പോള്‍ അഭിനേതാക്കളുടെ പ്രശ്നം കൊണ്ട് റീടേക്ക് പോകേണ്ടി വരാം. തിരിച്ചും സംഭവിക്കാം. എല്ലാം ഒത്തു വരണം. എങ്കിലേ ഒരു ഷോട്ട് മനോഹരമാകൂ. ആ ഷോട്ട് മിസ് ആയതില്‍ റോഷന് നല്ല സങ്കടം ഉണ്ടായിരുന്നു. വലിയ മിസ് ആയി അതെന്ന് അദ്ദേഹം എപ്പോഴും പറയും. ഇപ്പോള്‍ എല്ലാവരും നന്നായെന്നു പറയുന്ന ആ ഷോട്ടിനെക്കാളും പത്തു മടങ്ങ് നല്ലതായിരുന്നു ആദ്യ ഷോട്ട് എന്നുകൂടി മനോജ് കെ ജയന്‍ കൂട്ടിച്ചേര്‍ത്തു.

 

Trending

To Top