‘പോയിട്ട് പരമാവധി ആദരാഞ്ജലി സംഘടിപ്പിച്ചോണ്ട് വാ…’ ശ്രീനിവാസന്റെ വാക്കുകള്‍

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയിലാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതേസമയം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റുകള്‍ ഇട്ടിരുന്നു. വിഷയത്തില്‍ ശ്രീനിവാസന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നിര്‍മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്.…

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയിലാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതേസമയം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റുകള്‍ ഇട്ടിരുന്നു. വിഷയത്തില്‍ ശ്രീനിവാസന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നിര്‍മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്.

‘രാത്രിയില്‍ ശ്രീനിയേട്ടനോട് സംസാരിക്കവേ വീണ്ടും തോരാതെ പെയ്യുന്ന ആദരാജ്ഞലി വാര്‍ത്തകളെപ്പറ്റി ശ്രീനിയേട്ടന്‍: ‘ആദരാഞ്ജലികളെ പുശ്ചിക്കാന്‍ താനാരാ ? അത് സ്‌നേഹമാണ്, മരിക്കുന്നതിന് മുന്‍പേ ചിലരത് തരുന്നെങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് നമ്മളോടുള്ള സ്‌നേഹം നിറഞ്ഞു തുളുമ്പുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്, എനിക്ക് അഞ്ജലികള്‍ ഇഷ്ട്ടമാണ്.. മനോജിന് ജീവിച്ചിരിക്കുമ്പോള്‍ ആദരാഞ്ജലി കിട്ടാത്തതിന്റെ കൊതിക്കെര്‍വ്വാണ്…’

‘ഞാനിപ്പോ എന്താ വേണ്ടേ ?’

ശ്രീനിയേട്ടന്‍: ‘പോയിട്ട് പരമാവധി ആദരാഞ്ജലി സംഘടിപ്പിച്ചോണ്ട് വാ… പിന്നെ, അഞ്ജലികളെ തടയുന്ന ഒറ്റ പോസ്റ്റ് പോലും ഇട്ടേക്കരുത്… ഐ നീഡ് മാക്‌സിമം അഞ്ജലീസ്… യു ഗെറ്റ് മീ ?

‘ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം’ മിനിറ്റുകള്‍ക്ക് മുന്‍പ് ഐസിയുവില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്.

ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല…’.-