മലയന്‍കുഞ്ഞ് മികച്ച തീയറ്റര്‍ അനുഭവം..! ഫഹദ് ഫാസില്‍ ഗംഭീരം..! – മാരി സെല്‍വരാജ്

ഫഹദ് ഫാസില്‍ നായകനായി എത്തിയ മലയന്‍കുഞ്ഞ് എന്ന സിനിമ മികച്ചൊരു തീയറ്റര്‍ അനുഭവം തന്നെയെന്ന് പ്രശസ്ത തമിഴ് സിനിമാ സംവിധായകന്‍ മാരി സെല്‍വരാജ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സിനിമയെ…

ഫഹദ് ഫാസില്‍ നായകനായി എത്തിയ മലയന്‍കുഞ്ഞ് എന്ന സിനിമ മികച്ചൊരു തീയറ്റര്‍ അനുഭവം തന്നെയെന്ന് പ്രശസ്ത തമിഴ് സിനിമാ സംവിധായകന്‍ മാരി സെല്‍വരാജ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സിനിമയെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പില്‍ ഫഹദിന്റെ അഭിനയത്തെ കുറിച്ചും എ.ആര്‍ റഹ്‌മാന്റെ സംഗീതത്തെ കുറിച്ചുമാണ് സംവിധായകന്‍ എടുത്ത് പറഞ്ഞിരിക്കുന്നത്.

പല നിലകളിലും വെളിപ്പെടുത്തല്‍ സ്വഭാവമുള്ള സിനിമയാണ് മലയന്‍കുഞ്ഞ് എന്ന് മാരിസെല്‍വരാജ് അഭിപ്രായപ്പെട്ടു. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ ഗംഭീര അഭിനയ പ്രകടനവും സിനിമ കാണുന്ന പ്രേക്ഷകനെ വേട്ടയാടുന്ന സംഗീത പശ്ചാത്തലം ഒരുക്കിയ എ.ആര്‍ റഹ്‌മാന്റെ കഴിവിനേയും അദ്ദേഹം പ്രശംസിച്ചു. സിനിമയുടെ മേക്കിംഗിനെ കുറിച്ചും സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. വളരെ റിയലിസ്റ്റിക്ക് ആയുള്ള മേക്കിംഗാണ് ചിത്രത്തിന്റേത് എന്നാണ് മാരി സെല്‍വരാജ് അഭിപ്രായപ്പെടുന്നത്.

മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ മാത്രമാണ് അത് സാധിക്കുക. മികച്ച തിയറ്റര്‍ അനുഭവമാണ് മലയന്‍കുഞ്ഞ് എന്ന ചിത്രം. അണിയറക്കാര്‍ക്ക് എല്ലാവിധ ആശംസകള്‍ എന്നും അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. അതേസമയം, മാരിസെല്‍വരാജ് ഒരുക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

മാമന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ ഫഹദ് ഫാസില്‍ അവതരിക്കും എന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത തമിഴ് സിനിമാ ലോകത്തെ തന്നെ പേരുകേട്ട മാരിസെല്‍വരാജിന് ഒപ്പം ഫഹദ് ഒരു തമിഴ് ചിത്രത്തില്‍ എത്തുമ്പോള്‍ ഫഹദിന്റെ ആരാധകരും വലിയ ആവേശത്തിലാണ്.