Film News

എപ്പോഴും അല്ല, സുഹൃത്തുക്കള്‍ക്ക് നല്ല സുഹൃത്ത്, ഫാന്‍സിന് താരജാടയില്ലാത്ത സൂപ്പര്‍ താരം!!!

ആരാധനാപാത്രങ്ങളായ താരങ്ങളെ നേരില്‍ കാണാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. അതൊരു സ്വപ്‌ന നിമിഷമായിരിക്കും പലര്‍ക്കും. ഒരു നോക്ക് മാത്രം കാണാന്‍ എത്ര കഷ്ടപ്പാടു സഹിക്കുന്നവരാണ് ആരാധകര്‍. അങ്ങനെ സഫലമായ ഒരു ഫാന്‍ മൊമന്റാണ് സോഷ്യലിടത്ത് വൈറലാകുന്നത്. താരരാജാവ് മോഹന്‍ലാലിനെ അടുത്തുകിട്ടിയ സുവര്‍ണ നിമിഷമാണ് സുരീന്ദര്‍ കൊടമണ്ണ പങ്കുവച്ചത്.

രാവിലെ ബാങ്കുജോലിക്കു ഇറങ്ങുമ്പോള്‍ എന്നത്തെയും പോലെ ഇന്നും ഒരു സാധാരണ ദിനം ആയിരുന്നു. കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകന്റെ കാറില്‍ ലിഫ്റ്റ് അടിച്ച് ഓഫീസില്‍ പോകുമ്പോളാണ് ലിബിന് ഒരു കാള്‍ … ഉച്ചയ്ക്ക് 2.30 മണിക്ക് ലാലേട്ടന്‍ വരും കാണുവാന്‍ ഒരു 10 പേര്‍ക്ക് അവസരം. കേരളമെന്ന കൊച്ചു രാജ്യത്തെ പ്രധാനപ്പെട്ട എന്റര്‍ടെയ്‌നര്‍മാരില്‍ മുഖ്യസ്ഥാനം വഹിക്കുന്ന വ്യക്തി …. ലാലേട്ടന്‍ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന ശ്രീ മോഹന്‍ലാല്‍.
ഞങ്ങള്‍ വണ്ടര്‍ അടിച്ചു. ഏകദേശം നാലു കൊല്ലം നീണ്ട ലിബിന്റെ പ്രയത്‌നത്തിന് പരിസമാപ്തിയാകുന്നു.

ബാക്കി സഹപ്രവര്‍ത്തകരെ ഏതാനും നിമിഷങ്ങള്‍ കൊണ്ട് സംഘടിപ്പിക്കുന്നു.
എല്ലാവരും ലാലേട്ടന്റെ ആരാധകര്‍. ..
അപ്പോള്‍ വീണ്ടും ഒരു കാള്‍ … ലാലേട്ടന്‍ 12.30 മണിക്ക് എത്തും.
കൃത്യം 12.30 ന് ഞങ്ങള്‍ 10 പേര്‍ ട്രാവന്‍കൂര്‍ കോര്‍ട്ടില്‍ കാത്തുനിന്നു. അപ്പോഴാണ് മണിയന്‍പിള്ള രാജു അങ്ങോട്ട് കയറിവരുന്നത്.
‘മീറ്റിംഗു വല്ലതുമുണ്ടോ ?’
ഞങ്ങളെ കണ്ട അദ്ദേഹം ചോദിച്ചു.
‘ഇല്ല സര്‍’ ഞങ്ങളിലാരോ മറുപടി നല്‍കി
കാത്തിരുപ്പ് തുടര്‍ന്നു.
ലാലേട്ടന്‍ എത്തി.
ഭൂമിയെ നോവിക്കാത്ത വിധം മന്ദമായ, സുപ്രസിദ്ധ ചരിവോടെയുള്ള നടത്തം . കൂടെ സുചിത്രച്ചേച്ചിയും ഉണ്ട്. ഞങ്ങള്‍ ഹോട്ടലില്‍ വെയിറ്റ് ചെയ്യുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍ ലാലേട്ടനോട് പറഞ്ഞു. കുടുംബത്തെ ഹോട്ടല്‍ മുറിയിലേക്ക് പറഞ്ഞയച്ച ശേഷം ഞങ്ങള്‍ നില്‍ക്കുന്ന റെസ്റ്റോറന്റിലേക്ക് ലാലേട്ടന്‍ .

സ്റ്റീഫന്‍ നെടുംമ്പിള്ളി, മംഗലശ്ശേരി നീലകണ്ടന്‍, കാര്‍ത്തികേയന്‍, ജോര്‍ജുകുട്ടി ഒരു പാടു കഥാപാത്രങ്ങള്‍ മിന്നലാട്ടം പോലെ മനസ്സിനുളളിലൂടെ …. യിങ്ങനെ…. യിങ്ങനെ…
പിന്നീടുള്ള 20 മിനുട്ട് മലയാളത്തിന്റെ താരരാജാവ് ഞങ്ങള്‍ക്ക് സ്വന്തം .
ബൊക്കെ കൊടുത്തു. നാലഞ്ചു പേര്‍ ആദ്യം ഫോട്ടൊയെടുക്കുന്നു, ബാക്കിയുള്ളവര്‍ രണ്ടാമതും. ഒരു പാടു പേര്‍ ഒന്നിച്ചു ഫ്രെയിമില്‍ പെടുവാന്‍ പാടുപെട്ടു. ആന്റണിച്ചേട്ടനും ഞങ്ങളുടെ ഫോട്ടോയെടുക്കുവാന്‍ ശ്രമിച്ചു. അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. നമുക്ക് ഓരോരുത്തരുടെയുമായി പ്രത്യേകം എടുക്കാം. അതു കുളിര്‍ മഴയായി പെയ്തിറങ്ങി.
ഫോട്ടോയ്ക്ക് യാതൊരു മടിയും കൂടാതെ ഞങ്ങള്‍ ഓരോരുത്തര്‍ക്കുമൊപ്പം പുഞ്ചിരി മായാതെ നിന്നു. ഞങ്ങള്‍ ഓരോരുത്തരുമായി ഫോട്ടോയെടുത്തു. ലാലേട്ടന്റെ ഇടം കൈ എന്റെ വലം കയ്യിലുരുമ്മി നില്‍ക്കെ ആ അനര്‍ഘനിമിഷം മൊബൈല്‍ ഫോണുകളില്‍ ഒപ്പിയെടുക്കപ്പെട്ടു.
ഫോട്ടോ സെഷന്‍ കഴിഞ്ഞു. ഗോപിക വരച്ച, ഞങ്ങള്‍ നല്‍കിയ ലാലേട്ടന്റെ ലൂസിഫര്‍ ഗെറ്റപ്പിലുള്ള ക്ലോസപ്പ് ഫോട്ടോയില്‍ ചിത്രപ്പണി പോലെ മനോഹരമായ കയ്യൊപ്പ് .
With Lots of Love, Mohanlal

മണിയന്‍പിള്ള രാജു ഈ സമയമത്രയും തൊട്ടപ്പുറത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കയായിരുന്നു. ലാലേട്ടന്‍ അദ്ദേഹത്തെ കണ്ടിരുന്നില്ല. റൂമിലേക്ക് മടങ്ങുവാന്‍ തുടങ്ങിയ ലാലേട്ടനെ ആന്റണി പെരുമ്പാവൂര്‍ വിളിച്ചു. ‘ ഇവിടെ മണിയന്‍പിള്ളയുണ്ട്’
ഹോട്ടലിന്റെ വാതില്‍ക്കലെത്തിയ ലാലേട്ടന്‍ തിരിച്ചു വന്നു.
‘ഇതാര്’ ലാലേട്ടന്‍ ആശ്ചര്യം പൂണ്ടു.

മണിയന്‍പിള്ള രാജുവും എഴുന്നേറ്റു അവര്‍ പരസ്പരം ആശ്ലേഷിച്ചു. എന്നു വെച്ചാല്‍ കേവലം ഹസ്തദാനമായിരുന്നില്ല , ആലിംഗനം ആയിരുന്നു.
ഈ രംഗം സാക്ഷ്യം വഹിക്കുവാന്‍ ഞങ്ങള്‍ ഏതാനും ബാങ്കുദ്യോഗസ്ഥരും ഹോട്ടല്‍ ജീവനക്കാരും മാത്രം. തികച്ചും സ്വകാര്യമായ സൗഹൃദ നിമിഷങ്ങള്‍ ആ സുഹൃത്തുക്കള്‍ പങ്കുവെച്ചു.
‘ കംപ്ലീറ്റ് ആക്ടര്‍ ?’
എന്റെ മനസ്സ് അതിന് മറുപടി പറഞ്ഞു.
‘ എപ്പോഴും അല്ല, സുഹൃത്തുക്കള്‍ക്ക് ഒരു നല്ല സുഹൃത്ത്, ഞങ്ങള്‍ ഫാന്‍സിന് താരജാടയില്ലാത്ത സൂപ്പര്‍ താരം’
ഞങ്ങള്‍ സ്‌നേഹിക്കുന്ന ആ ചരിവുമായി ഭൂമിയെ നോവിക്കാതെ ആ മഹാപ്രതിഭ നടന്നകന്നു,എന്നാണ് അദ്ദേഹം പറയുന്നത്.

Trending

To Top