‘പിറന്നു വീഴും മുമ്പ് തന്നെ മാതാപിതാക്കള്‍ക്ക് വേണ്ടാതായിപ്പോകുന്ന ചില മക്കളുണ്ട്’- കുറിപ്പുമായി നജീബ് മൂടാടി

പിറന്നു വീഴും മുമ്പ് തന്നെ മാതാപിതാക്കള്‍ക്ക് വേണ്ടാതായിപ്പോകുന്ന ചില മക്കളുണ്ട്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞ് ബുദ്ധിപരമായോ ശാരീരികമായോ പ്രശ്‌നങ്ങള്‍ ഉള്ള കുട്ടിയാണ് എന്നറിയുകയും, ഗര്‍ഭഛിദ്രം നടത്താന്‍ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്യുന്നതോടെ മാതാപിതാക്കള്‍ക്ക് പോലും വേണ്ടാതെ…

പിറന്നു വീഴും മുമ്പ് തന്നെ മാതാപിതാക്കള്‍ക്ക് വേണ്ടാതായിപ്പോകുന്ന ചില മക്കളുണ്ട്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞ് ബുദ്ധിപരമായോ ശാരീരികമായോ പ്രശ്‌നങ്ങള്‍ ഉള്ള കുട്ടിയാണ് എന്നറിയുകയും, ഗര്‍ഭഛിദ്രം നടത്താന്‍ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്യുന്നതോടെ മാതാപിതാക്കള്‍ക്ക് പോലും വേണ്ടാതെ പിറക്കേണ്ടി വരുന്ന കുഞ്ഞുങ്ങള്‍. ഈ കുഞ്ഞിനെ വളര്‍ത്തിയിട്ടെന്ത് പ്രയോജനം എന്ന ‘ദീര്‍ഘവീക്ഷണം’ കൊണ്ട്, തങ്ങളുടെ ‘സ്റ്റാറ്റസി’ന് ചേരില്ലെന്ന കാരണത്താല്‍, ചിലപ്പോള്‍ ഈ മക്കളെ വളര്‍ത്താനുള്ള പാടോര്‍ത്തിട്ട്… നിഷ്‌കരുണം വലിച്ചെറിയുകയാണ്. പിറന്ന ഉടനെ തെരുവിലോ അമ്മത്തൊട്ടിലിലോ ഉപേക്ഷിക്കപ്പെടുന്ന അങ്ങനെയുള്ള മക്കളുടെ അവസ്ഥ എന്താവും എന്നൂഹിച്ചിട്ടുണ്ടോയെന്ന് നജീബ് മൂടാടിയുടെ കുറിപ്പ്.

കുറിപ്പ് വായിക്കാം

പിറന്നു വീഴും മുമ്പ് തന്നെ മാതാപിതാക്കൾക്ക് വേണ്ടാതായിപ്പോകുന്ന ചില മക്കളുണ്ട്.
ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞ് ബുദ്ധിപരമായോ ശാരീരികമായോ പ്രശ്നങ്ങൾ ഉള്ള കുട്ടിയാണ് എന്നറിയുകയും, ഗർഭഛിദ്രം നടത്താൻ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്യുന്നതോടെ മാതാപിതാക്കൾക്ക് പോലും വേണ്ടാതെ പിറക്കേണ്ടി വരുന്ന കുഞ്ഞുങ്ങൾ.
ഈ കുഞ്ഞിനെ വളർത്തിയിട്ടെന്ത് പ്രയോജനം എന്ന ‘ദീർഘവീക്ഷണം’ കൊണ്ട്, തങ്ങളുടെ ‘സ്റ്റാറ്റസി’ന് ചേരില്ലെന്ന കാരണത്താൽ, ചിലപ്പോൾ ഈ മക്കളെ വളർത്താനുള്ള പാടോർത്തിട്ട്……
നിഷ്കരുണം വലിച്ചെറിയുകയാണ്. പിറന്ന ഉടനെ തെരുവിലോ അമ്മത്തൊട്ടിലിലോ ഉപേക്ഷിക്കപ്പെടുന്ന അങ്ങനെയുള്ള മക്കളുടെ അവസ്ഥ എന്താവും എന്നൂഹിച്ചിട്ടുണ്ടോ?
സാധാരണ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പോലെ കരഞ്ഞു ശ്രദ്ധ ആകർഷിക്കാൻ പോലും കഴിവില്ലാത്ത, പ്രതിരോധക്തി കുറഞ്ഞ ഈ മക്കൾ ആരെങ്കിലും കണ്ടെത്തുന്നത് വരെ ജീവിക്കാൻ തന്നെ പാടാണ്. ചിലപ്പോൾ ഉറുമ്പുകൾ പൊതിഞ്ഞ്, പട്ടിയോ കുറുക്കനോ കടിച്ചു വലിച്ച്…
ആയുസ്സിന്റെ ബലം കൊണ്ട് ആരുടെയെങ്കിലും കണ്ണിൽ പെട്ട് സുരക്ഷിതമായാൽ തന്നെ മറ്റു കുഞ്ഞുങ്ങളെപ്പോലെ ദത്തെടുക്കാൻ പോലും ആരും താല്പര്യം കാണിക്കാതെ…
മുതിർന്നാൽ പോലും പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത ഈ മക്കളുടെ അവസ്ഥയെന്താവുമെന്ന് …
ആരാണ് ഈ കുഞ്ഞുങ്ങളെ പരിചരിക്കുകയെന്ന്….എങ്ങനെ ഈ മക്കൾ വളരുമെന്ന്… ആരാണ് ജീവിതകാലം മുഴുവൻ കൂടെയുണ്ടാവുകയെന്ന്….
എന്നാൽ നമ്മുടെ ഊഹങ്ങളും കണക്കുകൂട്ടലുകളും പോലെയല്ല എപ്പോഴും കാര്യങ്ങളെന്നും, ഒരമ്മക്ക് പകരം നിറഞ്ഞ സ്നേഹത്തോടെ അവരെ പരിപാലിക്കാൻ ഒരുപാടമ്മമാരും അവരുടെ ഏതൊരാവശ്യവും നിറവേറ്റാൻ ഉറ്റവരായി കുറേ നല്ല മനുഷ്യരും. ഏറ്റവും മികച്ച താമസസൗകര്യവും കളിപ്പാട്ടങ്ങളും കൂട്ടുകാരും….
കഴിഞ്ഞ കുറേ നാളുകളായി ഞാൻ കണ്ടു കൊണ്ടിരിക്കുന്നത് ശരിക്കും ‘രാജകീയമായി’ ജീവിക്കുന്ന ഇങ്ങനെ കുറേ മക്കളെയാണ്. സങ്കടങ്ങളില്ലാതെ കളിചിരികളോടെ ആഹ്ലാദത്തോടെ വളരുന്ന ആ മക്കളുടെ അടുത്തു ചെല്ലുമ്പോഴൊക്കെ കണ്ണ് നിറഞ്ഞു പോകുന്നത് ആ കുഞ്ഞുങ്ങളെ ഓർത്തല്ല. മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കപ്പുറം ഓരോ ജീവനും എങ്ങനെ എവിടെ വളരണമെന്ന നിശ്ചയം ഓർത്താണ്. മനുഷ്യൻ മനുഷ്യനെ എങ്ങനെയൊക്കെ സ്നേഹിക്കാൻ കഴിയുമെന്ന, കരുതലായി മാറാനാവുമെന്ന അത്ഭുതം ഓർത്താണ്.
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്ക് വേണ്ടി ഏറ്റവും ആധുനിക രീതിയിലുള്ള പരിശീലന പരിചരണങ്ങൾ നൽകി അന്താരാഷ്ട്ര നിലവാരത്തിൽ മത-ജാതി ഭേദമന്യേ സാധാരണക്കാരുടെ മക്കൾക്ക് വേണ്ടി സൗജന്യമായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന NEST (NIARC ) നെ കുറിച്ച് ഇവിടെ മുമ്പ് പലവട്ടം ഞാൻ എഴുതിയത് കൊണ്ട് വിശദീകരിക്കുന്നില്ല. കേരളത്തിലെ ഏറ്റവും മികച്ച സ്പെഷ്യൽ സ്‌കൂളുകളിൽ ഒന്നായി സർക്കാരിന്റെയും സമൂഹത്തിന്റെയും അംഗീകാരങ്ങൾ നേടിയ NEST ന് മുന്നിൽ കേരള സർക്കാർ വനിത ശിശുവികസന വകുപ്പ് മുന്നോട്ടു വെച്ച ആശയമായിരുന്നു ഓട്ടിസം, സെറിബ്രൽ പാൾസി അടക്കമുള്ള ഭിന്നശേഷിക്കാരായ കുഞ്ഞു മക്കളെ ഏറ്റെടുക്കാനാവുമോ എന്നത്. സാധാരണ കുട്ടികളെക്കാൾ ഓരോ കുഞ്ഞിനും പ്രത്യേകം ശ്രദ്ധയും പരിചരണവും ആവശ്യമായ ഈ മക്കൾക്ക് വേണ്ട ശ്രദ്ധ കൊടുക്കാൻ ഒരുപാട് കുട്ടികളെ പരിപാലിക്കേണ്ട സർക്കാർ സംവിധാനത്തിൽ പരിമിതികൾ ഉള്ളത് കൊണ്ട് കൂടിയാണ് NEST നെ ഇങ്ങനെ ഒരു ഉത്തരവാദിത്തം ഏല്പിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ NIARC ന്റെ പ്രവർത്തനം തന്നെ മുന്നോട്ടു കൊണ്ടുപോവാൻ നന്നേ പ്രയാസപ്പെടുന്നുണ്ടെങ്കിലും ഈ മക്കളെ സ്വീകരിക്കാതിരിക്കാനാവുമായിരുന്നില്ല.
കൊയിലാണ്ടി കൊല്ലത്ത് വലിയൊരു വീട് വാടകക്കെടുത്തു കൊണ്ട് ഈ കുഞ്ഞുങ്ങൾക്കായി ഏഴു മാസങ്ങൾക്ക് മുമ്പ് *NEST HOME FOR SPECIAL KIDS* ന് തുടക്കം കുറിച്ചു.
നാലു മാസം മാത്രമായ പൈതൽ മുതൽ അഞ്ചുവയസ്സുകാരൻ വരെയുള്ള കുഞ്ഞുങ്ങളാണ് ഇവിടെ നമ്മുടെ മക്കളായി എത്തിയത്. ഈ കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള സ്റ്റാഫിന് പുറമേ. Physiotherapist, Occupationaltherapist, speechtherapist, Psychologist, special educater, നഴ്‌സുമാർ പാചകം ചെയ്യാനുള്ള ആൾക്കാർ വാച്ച്മാൻ… തുടങ്ങി 27 പേർ ഈ മക്കളുടെ സേവനത്തിനായി ഇപ്പോൾ ഈ സ്ഥാപനത്തിലുണ്ട്.
രാവും പകലും രണ്ട് ഷിഫ്റ്റുകളിലായി പരിചരിക്കുന്ന സ്റ്റാഫ്‌. കളിക്കാനും ഉറങ്ങാനും വിശാലമായ സൗകര്യങ്ങൾ….. പൂമ്പാറ്റകളെ പോലെ അവർ ഇവിടെ ആഹ്ലാദത്തോടെ കഴിയുകയാണ്. കൂടപ്പിറപ്പുകളെ പോലെ പരസ്പരം സ്നേഹിച്ചും കരുതൽ കാണിച്ചും കളിച്ചും ചിരിച്ചും വളരുന്ന ഈ കുഞ്ഞുങ്ങളെ കണ്ടാൽ ഒരിക്കലും പറയില്ല ആരോ തെരുവിൽ എറിഞ്ഞു കളഞ്ഞ മക്കളാണിതെന്ന്. നിഷ്കളങ്കമായ അവരുടെ ചിരിയിൽ ഈ ഭൂമിയിലെ സ്നേഹമത്രയുമുണ്ട്.
സ്വന്തം വീട്ടിലായിരുന്നെങ്കിൽ ചിലപ്പോൾ ഇത്രയും സൗകര്യത്തോടെ സന്തോഷത്തോടെ അവർ വളരുമായിരുന്നില്ല. ഇവിടെ അവർ സഹതാപത്തിന്റെ നോട്ടം കാണേണ്ട. വെറുത്തോ ശപിച്ചോ ഒരു വാക്ക് കേൾക്കേണ്ട. കണ്ണീരും ആധിയും നിറഞ്ഞ മുഖങ്ങൾ കാണേണ്ട. ഇത് അവരുടെ മാത്രം ലോകമാണ്. അവരെ അവരായി കാണുന്ന, അറിയുന്നവരുടെ ലോകം. മിടുക്കന്മാരും മിടുക്കികളുമായി അവരിവിടെ വളരുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവരോടൊപ്പം കുറച്ചു കൂട്ടുകാർ കൂടെ ചേരും.
അമ്മപോലുമില്ലാത്ത ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ട് വരിക എന്നത് എളുപ്പമല്ലെന്ന് അറിയാതെയല്ല. ഓരോ കുഞ്ഞിനും പ്രത്യേകമായ ശ്രദ്ധയും പരിചരണവും ആവശ്യമുണ്ട്. പലവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന മക്കളെ ഏതുസമയവും ആശുപത്രിയിലേക്ക് എടുത്തോടേണ്ടി വരാറുണ്ട്. ICU വിന് മുന്നിൽ പ്രാർത്ഥനയോടെ ഉറക്കമൊഴിച്ചു കാത്തിരുന്ന എത്ര രാത്രികൾ….
സർക്കാരിൽ നിന്ന് വളരെ അനുഭാവവും സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ടെങ്കിലും ഓരോ മാസവും അതുകൊണ്ട് മാത്രം തികയാതെ പുറമേ വലിയൊരു തുക കണ്ടെത്തേണ്ടി വരുന്നുണ്ട്. ഉദാരമതികളായ ഒരുപാട് മനുഷ്യർ നൽകുന്ന സഹായങ്ങളാണ് ആശ്വാസമാവുന്നത്. അതിൽ തെരുവിൽ ഫ്രൂട്ട്സ് വിൽക്കുന്ന ആളുണ്ട്. എല്ലാ മാസവും ഒന്നാം തിയ്യതി ഈ സ്ഥാപനത്തിൽ എത്തി പണം നൽകി പോവുന്ന മലയാളത്തിലെ മുതിർന്ന സാഹിത്യകാരനുണ്ട്. കുട്ടികൾ കളിക്കുന്ന മുറിയിൽ ചൂട് കൂടുതലായതിനാൽ വില കുറച്ചൊരു AC കിട്ടുമോ എന്നന്വേഷിച്ചപ്പോൾ നേരിൽ വന്നു കാണുക പോലും ചെയ്യാതെ ആ വലിയ മുറിയിലേക്ക് ആവശ്യമായ AC സൗജന്യമായി നൽകിയ കോഴിക്കോട്ടെ പ്രമുഖ ഇലക്ട്രോണിക് സ്ഥാപന ഉടമയുണ്ട്. ഈ മക്കൾക്ക് കളിക്കാനായി മുറ്റത്തൊരു കുഞ്ഞു പാർക്ക് തന്നെ ഒരുക്കിത്തരാം എന്നേറ്റ് അതിനുള്ള പണി തുടങ്ങിയ വലിയൊരു മനുഷ്യനുണ്ട്……
അങ്ങനെ നന്മ മനസ്സുള്ള ഒരുപാട് പേർ പണമായും ഭക്ഷ്യസാധനങ്ങളായും
ഈ കുഞ്ഞുങ്ങൾക്ക് ആവശ്യമുള്ള ഡയപ്പറായുമൊക്കെ സംഭാവന ചെയ്തു കൊണ്ട് ചേർത്തു നിർത്തുന്നു …
പോറ്റാൻ താല്പര്യമില്ലാതെ മാതാപിതാക്കൾ ഉപേക്ഷിച്ചു കളഞ്ഞ ഈ മക്കളെ ഒരു കുറവുകളും ഇല്ലാതെ ഏറ്റവും സൗകര്യത്തോടെ തന്നെ വളർത്തണമെന്നുണ്ട്. അത് നമ്മുടെ കടമയും ബാധ്യതയുമാണ്.
വളരുംതോറും സ്വാർത്ഥരായി മാറുന്ന, അപരനെ തോല്പിക്കാൻ മത്സരിക്കുന്ന, വെറുപ്പും വിദ്വേഷവും തമ്മിലടിയും കൊലയും യുദ്ധങ്ങളും കൊണ്ട് ഭൂമിയെ നരകമാക്കുന്ന എല്ലാം തികഞ്ഞ മനുഷ്യർക്കിടയിൽ അത്തരം താല്പര്യങ്ങളില്ലാത്ത, ലോകം വെട്ടിപ്പിടിക്കാൻ ആഗ്രഹമില്ലാത്ത ആർക്കും ദ്രോഹം ചെയ്യാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന ഈ നിഷ്കളങ്കരായ മക്കളല്ലേ അല്ലലില്ലാതെ വളരേണ്ടത്. പ്രകൃതിക്കോ ഇതര ജീവജാലങ്ങൾക്കോ കെടുതികൾ ഉണ്ടാക്കാത്ത മനുഷ്യർ ഇവർ മാത്രമായിരിക്കില്ലേ?. ഭൂമിയിലെ ഏറ്റവും നിഷ്കളങ്കരായ ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തു ചെയ്താലാണ് മതിയാവുക.
കാറ്റടിച്ചു വീശുന്ന പോലെ ദാനധർമ്മങ്ങൾ കൊണ്ട് സൃഷ്ടാവിന് നന്ദി കാണിക്കുന്നവരുടെ ഈ റമദാൻ മാസത്തിൽ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ സാക്കാത്തിൽ നിന്നും സദഖയിൽ നിന്നും ഒരംശം ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി നൽകാമോ?.
മക്കളുടെ പിറന്നാളിന്, അവരോടൊപ്പമുള്ള യാത്രകൾക്ക് വിദ്യാഭ്യാസത്തിന് വിവാഹത്തിന്,….നമ്മുടെ മക്കളുടെ സന്തോഷത്തിന് വേണ്ടി കണക്കു നോക്കാതെ ചെലവഴിക്കുന്നതിൽ പിശുക്കില്ലാത്തവരേ അതിൽ നിന്ന് ചെറിയൊരംശം ഈ മക്കൾക്ക് വേണ്ടി കൂടി…..
പലതുള്ളി പെരുവെള്ളമായി കൂടെ നിന്നാൽ നമുക്കീ മക്കളെ ഏറ്റവും സൗഭാഗ്യവാന്മാരായ മക്കളായി വളർത്താം. ആവരാണീ ഭൂമിയുടെ നന്മ.
ഒരു ജീവനും വെറുതെയല്ല.
പ്രതീക്ഷയറ്റ് നിസ്സഹായരായി തളർന്ന് നിന്നു പോകുന്ന ചില ഘട്ടങ്ങളിൽ, പരിഹാരമില്ലെന്ന് തോന്നുന്ന ചില പ്രശ്നങ്ങൾക്ക് മുന്നിൽ നിരാശ ബാധിച്ചു നിന്ന് പോകുമ്പോൾ ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും നമ്മിലൂടെ മാത്രമല്ല ഒന്നിന്റെയും തീർപ്പെന്നും ഈ മക്കളുടെ ജീവിതം സാക്ഷ്യം. ഓരോ ജീവിതത്തിലും അത്ഭുതകരമായ ചില ഇടപെടലുകൾ സംഭവിക്കാം. നാം കണക്കുകൂട്ടുന്നതിലും മനോഹരമായി.
വളർത്തുന്നതിന്റെ കഷ്ടപ്പാടോർത്തോ, ഭാവിയിലേക്ക് പ്രയോജനമില്ലെന്ന് കണക്കുകൂട്ടിയോ, തങ്ങളുടെ അന്തസ്സിന് ചേരില്ലെന്നോ കരുതി പെറ്റമ്മ പോലും വേണ്ടെന്ന് വെച്ച് എവിടെയോ പിറന്നു വീണ ഈ കുഞ്ഞുങ്ങൾക്ക് ഇവിടെ ഒരുമിച്ചു ചേരാനാകും നിയോഗം. അല്ലലും അലട്ടുമറിയാതെ കളിച്ചും ചിരിച്ചും പരസ്പരം സ്നേഹിച്ചും നിഷ്കളങ്കമായ പുഞ്ചിരിയോടെ ഈ മക്കൾ ഇവിടെയുണ്ട്.
അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിക്കുന്നർക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ NEST HOME FOR SPECIAL KIDS ന്റെ ഉത്തരവാദപ്പെട്ടവരെ
വിളിക്കാം. ഇതാണ് നമ്പർ. 7592006664
എന്റെ fb മെസ്സഞ്ചറിൽ ബന്ധപ്പെട്ടാൽ എനിക്കറിയാവുന്ന കാര്യങ്ങൾ പറയാം.
സാമ്പത്തിക സഹായം നൽകാൻ
AC DETAILS
NEST
AC NO : 1936 2201 0000 103
UBIN0919365
UNION BANK OF INDIA KOYILANDY BRANCH
IMCR CODE 673026903
(ചില വിദേശ രാജ്യങ്ങളിൽ നിന്ന് പണമയക്കാൻ ഈ കോഡ് ചോദിക്കാറുണ്ട് )
Phonepe 7592006664
Paytm 7592006664
സഹായിക്കുന്നവർ 7592006664 എന്ന
നമ്പറിലേക്ക് വിവരം വാട്സാപ്പ് ചെയ്‌ത് വിവരം പറഞ്ഞാൽ നന്നാവും.
NEST നെ കുറിച്ചും NIARC നെ കുറിച്ചും കൂടുതൽ അറിയാൻ ഒന്ന് ഗൂഗിൾ ചെയ്താൽ മതി. NEST സ്പെഷ്യൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ അറിയാൻ 6 വർഷം മുമ്പ് സംവിധായകൻ അനൂപ് സത്യൻ ചെയ്ത Limited edition എന്ന ഡോക്യുമെന്ററി അടക്കം ഒരുപാട് വീഡിയോസ് ഉണ്ട്. സമയം പോലെ കണ്ടു നോക്കൂ.
സഹായിക്കാൻ മനസ്സുള്ളവരിലേക്ക് ഈ പോസ്റ്റ്‌ പരമാവധി *share* ചെയ്‌താൽ അതും വലിയൊരു സഹായമാണ്.
പ്രിയപ്പെട്ടവരേ നിങ്ങളിലാണ് പ്രതീക്ഷ. മാതാപിതാക്കൾക്ക് പോലും വേണ്ടാത്ത ആ മക്കളെ നമുക്ക് വേണം. അവർ വേദനകളില്ലാതെ ഏറ്റവും സന്തോഷത്തോടെ വളരണം. കൂടെ നിൽക്കുമല്ലോ. ഭൂമിയിലെ ഏറ്റവും നിഷ്കളങ്കരായ കുറേ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ്.