‘ അത് എന്റെ അറിവില്ലായ്മ’; ‘പഞ്ചാംഗം’ ട്രോളിനെക്കുറിച്ച് മാധവന്‍

ബഹിരാകാശത്തേക്ക് റോക്കറ്റ് വിജയകരമായി വിക്ഷേപിക്കുന്നതിന് ഐഎസ്ആര്‍ഒയ്ക്ക് സഹായകരമായത് പഞ്ചാംഗമാണെന്ന നടന്‍ ആര്‍. മാധവന്റെ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ മാധവനെതിരെ ട്രോളുകളും വന്നിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശത്തെ…

ബഹിരാകാശത്തേക്ക് റോക്കറ്റ് വിജയകരമായി വിക്ഷേപിക്കുന്നതിന് ഐഎസ്ആര്‍ഒയ്ക്ക് സഹായകരമായത് പഞ്ചാംഗമാണെന്ന നടന്‍ ആര്‍. മാധവന്റെ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ മാധവനെതിരെ ട്രോളുകളും വന്നിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഉയര്‍ന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാധവന്‍. താനിത് അര്‍ഹിക്കുന്നുണ്ടെന്നും തന്റെ അറിവില്ലായ്മയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി ദി നമ്പി എഫക്ട് എന്ന സിനിമ സംവിധാനം ചെയ്യുന്നതും നമ്പി നാരായണനെ അവതരിപ്പിക്കുന്നതും മാധവനാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രചരണ പരിപാടിക്കിടെയായിരുന്നു മാധവന്റെ പരാമര്‍ശം.

‘അല്‍മനാക് എന്നതിനെ തമിഴില്‍ പഞ്ചാംഗം എന്ന് വിളിച്ചതിന് ഞാനിത് അര്‍ഹിക്കുന്നുണ്ട്. എന്റെ അറിവില്ലായ്മ. പക്ഷേ ചൊവ്വാ ദൌത്യത്തില്‍ നമ്മള്‍ വിജയം നേടിയത് വെറും രണ്ട് എന്‍ജിനുകള്‍ ഉപയോഗിച്ചായിരുന്നു എന്ന വസ്തുത ഇവിടെ ഇല്ലാതാവുന്നില്ല. അത് ഒരു റെക്കോര്‍ഡ് ആയിരുന്നു. വികാസ് എന്‍ജിന്‍ ഒരു റോക്ക്സ്റ്റാര്‍ ആയിരുന്നു’. എന്നാണ് മാധവന്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ മറ്റൊരു ട്വീറ്റില്‍ അല്‍മനാക് എന്ന പദത്തിന്റെ തമിഴ്, ഹിന്ദി പരിഭാഷ ഗൂഗിള്‍ ചെയ്യാനും മാധവന്‍ ആവശ്യപ്പെടുന്നുണ്ട്.ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് മൂന്ന് എഞ്ചിനുകള്‍ ഉണ്ടായിരുന്നില്ല. പാശ്ചാത്യ രാജ്യങ്ങളുടെ റോക്കറ്റുകളെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് നയിക്കാന്‍ സഹായിച്ചത് അതായിരുന്നു. ഇന്ത്യ ഈ കുറവ് നികത്തിയത്, ‘പഞ്ചാംഗ’ത്തിലെ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് എന്നായിരുന്നു മാധവന്റെ വാക്കുകള്‍. വിവിധ ഗ്രഹങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും, അവയുടെ ഗുരുത്വാകര്‍ഷണം, സൂര്യന്റെ ജ്വലനം, വ്യതിചലനം മുതലായവയടക്കം 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി കണക്കാക്കിയ ഭൂപടം ഇതിലുണ്ട്, അതിനാല്‍ ഈ പഞ്ചാംഗ വിവരം ഉപയോഗിച്ചാണ് വിക്ഷേപണത്തിന്റെ മൈക്രോ സെക്കന്‍ഡ് കണക്കാക്കിയതെന്നും മാധവന്‍ പറഞ്ഞിരുന്നു. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാധവന്‍ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ മാധവന്‍ പറഞ്ഞതിന്റെ ഇംഗ്ലീഷ് പരിഭാഷ കര്‍ണ്ണാടക സംഗീതജ്ഞനും ആക്റ്റിവിസ്റ്റുമായ ടി എം കൃഷ്ണ ട്വീറ്റ് ചെയ്തതോടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഇത് വ്യാപക ചര്‍ച്ചയ്ക്കും മാധവന് എതിരായ ട്രോളിനും വഴിവെച്ചത്. ജൂലൈ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക.