‘ഏതെങ്കിലും ചീള് പിള്ളേരോ, പുതിയ ടീമോ അണ്ണന്റെ പുറത്തു കേറി ആളറിയാതെ മാന്തുന്നു’ ആര്‍ജെ സലിം

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബി പുറത്തിറങ്ങി 15 വര്‍ഷത്തിനു ശേഷം ആരാധകരെ ആവേശത്തിലാഴ്ത്തി അതേ കൂട്ടുകെട്ടില്‍ ഭീഷ്മ പര്‍വം എത്തുകയാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഒരു…

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബി പുറത്തിറങ്ങി 15 വര്‍ഷത്തിനു ശേഷം ആരാധകരെ ആവേശത്തിലാഴ്ത്തി അതേ കൂട്ടുകെട്ടില്‍ ഭീഷ്മ പര്‍വം എത്തുകയാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഒരു ദിവസത്തിനുള്ളില്‍ 2.7 മില്യണ്‍ വ്യൂസാണ് ടീസറിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ആര്‍ജെ സലീമിന്റെ കുറിപ്പാണ് വൈറലാകുന്നത്.

സൂപ്പര്‍ സ്റ്റാറുകളുടെ മാസ് സിനിമകള്‍ അനിവാര്യമായും എത്തിച്ചേരുന്ന ഒരു പോയിന്റാണ് – ഇപ്പോഴത്തെ പിള്ളേര്‍ക്ക് പിടിയില്ലാത്ത പണ്ടത്തെ കിടിലം ആയ മാസ് കഥാപാത്രങ്ങളായി അവര്‍ വരുന്ന സിനിമകള്‍. അതായത് കഥ നടക്കുന്ന പോയിന്റ് ഓഫ് ടൈമില്‍ ഇവര്‍, അതായത് ഈ മാസ് കഥാപാത്രങ്ങള്‍ ആക്റ്റീവ് ആയിരിക്കില്ല. ഒരു ക്രൈസിസ് ഉണ്ടാവുന്നു.

ഏതെങ്കിലും ചീള് പിള്ളേരോ, പുതിയ ടീമോ അണ്ണന്റെ പുറത്തു കേറി ആളറിയാതെ മാന്തുന്നു. വേണ്ടാ വേണ്ടാ എന്ന് വിചാരിച്ചു ഒഴിഞ്ഞു പോവുകയായിരുന്ന അണ്ണന്‍ ഒടുക്കം ഇറങ്ങി അയ്യപ്പന്‍ വിളക്കും തൃശൂര് പൂരവും ഒരുമിച്ചു നടത്തുന്നു. അങ്ങനെ പുതിയവന്മാര്‍ക്ക് മനസ്സിലാവും, ഇത് കൈയില്‍ നില്‍ക്കുന്ന കേസല്ല എന്ന്. അണ്ണന്‍ വന്നു സീന്‍ സ്റ്റീല്‍ ചെയ്ത് കേറിപ്പോവുകയും ചെയ്യും.

പേഴ്‌സണലി, എനിക്ക് വളരെ ഇഷ്ടമുള്ളൊരു ട്രോപ്പാണിത്. ആളറിയാതെ കളിച്ചു, പിന്നീട് പണി മേടിച്ചു കൂട്ടുന്ന കഥാപാത്രങ്ങള്‍ ഡ്രാമ ഉണ്ടാക്കാന്‍ ബെസ്റ്റാണ്. ഈ ഒരു കഥാഗതി പൊതുവെ വെറ്ററന്‍ സൂപ്പര്‍സ്റ്റാറുകളുടെ കുത്തകയാണ് എന്ന് കാണാം. ഏത് ഭാഷയിലും ഈ പാറ്റേണ്‍ കാണാം. ബാഷയില്‍ തുടങ്ങി കബാലിയിലും, കാലയിലും, പേട്ടയിലും, ബിഗ്ബിയിലും, ലൂസിഫറിലും(ഏറക്കുറെ) മുതല്‍ ഈ പരിപാടി അമ്പേ കുളമാക്കി തീര്‍ത്ത കാവലില്‍ വരെ ഇതാണ് ബേസിക് ത്രെഡ്.

അങ്ങ് ഹോളിവുഡില്‍ റാംബോ വരെ ഈ പരിപാടിയാണ്. മലയാളത്തില്‍ ഈ സംഗതി ഏറ്റവും എഫെക്ട്ടീവായി ചെയ്തത് ബിഗ്ബിയിലാണ്. എത്രയോ സംഭാഷണങ്ങള്‍ കൊണ്ട് ബിലാലിന്റെ ലാര്‍ജര്‍ ദാന്‍ ലൈഫ് ഹിസ്റ്ററിയുടെ ഡീറ്റെയില്‍സ് പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. ക്ലൂകള്‍ മിക്കതും വെര്‍ബലാണ് എങ്കിലും വെല്‍ പ്ലെയ്സ്ഡാണ്.

നീയൊക്കെ അര ട്രൗസറിട്ടു അജന്തയില്‍ ആദി പാപം കണ്ട് നടക്കണ ടൈമില് നമ്മളീ സീന്‍ വിട്ടതാണ്, നിന്റെയൊക്കെ ഇക്കാനോട് ചോദിച്ചാല്‍ അറിയാം എന്ന് ബിലാല്‍ പറയുമ്പോള്‍, നിന്റെയൊക്കെ ഇക്കാനോട് ചോദിച്ചാല്‍ അറിയാം എന്ന ഭാഗത്തൊരു മനപ്പൂര്‍വ്വമുള്ള ഒരു അണ്ടര്‍ പ്‌ളേയുണ്ട്. അതായത്, ഞാന്‍ വലിയ കിടിലമായിരുന്നു എന്ന് ഞാനായിട്ട് പറയുന്നില്ല, അത് നിന്റെ ഇക്ക പറഞ്ഞോളും ലൈന്‍. കൊച്ചി മാറിയിട്ടും ബിലാല്‍ മാറിയിട്ടില്ല.

ഇന്‍ അദര്‍ വേര്‍ഡ്സ്, ബിലാല്‍ പഴയ ബിലാലായാല്‍ തന്നെ കൊച്ചി താങ്ങില്ല എന്ന്. അത് സബ്ടെക്സ്റ്റാണ്. അവിടെയാണ് ഉണ്ണിയാറിന്റെ മിടുക്ക്. ബിഗ്ബി ചെയ്ത അതേ അമല്‍ നീരദാണ് ഭീഷ്മപര്‍വ്വവുമായി വരുന്നത്. അമല്‍ നീരദ് പടമെന്നു വെച്ചാല്‍ തന്നെ ഒരു ശേലാണ്. അന്യം നിന്ന് പോകുന്ന മാസ് സിനിമകള്‍ ചെയ്യാന്‍ ആകെയുള്ളത് ഇപ്പോള്‍ പുള്ളി മാത്രമാണ്. ഭീഷ്മയുടെ ട്രെയിലര്‍ കാണുമ്പോ തന്നെ മനസ്സിലാവും, ഈ സിനിമയിലും നേരത്തെ പറഞ്ഞ പഴേ കിടിലം ട്രോപ് തന്നെയാണെന്ന്.

‘നീയൊന്നും കാണാത്ത, നിനക്കൊന്നും അറിയാമ്പാടില്ലാത്ത ഒരു മൈക്കിളിനെ ഞാന്‍ കണ്ടിട്ടുണ്ട്. ആ മൈക്കിളിനെ കണ്ടിരുന്നെങ്കിലെ, നീയൊന്നും വായ തുറക്കില്ലായിരുന്നു.’ അത്. അതാണ് മാസ്. ചുമ്മാ വന്നു പത്തുപേരെ വലിച്ചുവാരിയിട്ടു ഇടിക്കുന്നതല്ല മാസ്. അതിനൊരു ഡ്രമാറ്റിക് എലമെന്റ് വേണം. ഇമോഷന്‍ വേണം. ഒരു ഗോള്‍ വേണം. വെറുതെ അടികൂടിയാല്‍ മാസാവില്ല. അത് ആരെക്കാളും നന്നായി അമല്‍ നീരദിനറിയാം.

ജോഷിയുടെ കൗരവറില്‍ പോലീസ് മേധാവി, ജയിലില്‍ നിന്നിറങ്ങുന്ന നാല്‍വര്‍ സംഘത്തെപ്പറ്റി പറയുന്നത് ഒരുകാലത്തു സിറ്റിയിലെ മുഴുവന്‍ ഫോഴ്സും അവരുടെ മുന്‍പില്‍ ഒന്നുമല്ലായിരുന്നു എന്നാണ്. ഒരു രോമാഞ്ച കഞ്ചുക സീനാണത്. ആ ഒരൊറ്റ ഡയലോഗ് മതി കഥാപാത്രങ്ങളുടെ ബാക് ഹിസ്റ്ററി പിടികിട്ടാന്‍. റിയലിസ്റ്റിക് പടങ്ങളുടെയും, സാമൂഹ്യ ഉപദേശ സിനിമകളുടെയും കുത്തൊഴുക്കില്‍ അതൊക്കെ മിസ് ചെയ്യുന്നുണ്ട്. ഭീഷ്മ ആ കുറവ് പരിഹരിക്കട്ടെ.

https://www.facebook.com/rj.salim.marxlenstan/posts/673931163746561