‘ഞാന്‍ പ്രാര്‍ഥിച്ചത് നേരെ തിരിച്ചാണ് ഞാന്‍ ജീവനോടെ ഉള്ളപ്പോള്‍ അങ്ങേരു പോകണമെന്നാണ്’ കുറിപ്പ്

ഒരു ചെറുപുഞ്ചിരി എന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചിത്രത്തെ കുറിച്ച് മനോഹരമായ ഒരു സോഷ്യല്‍ മീഡിയ കുറിപ്പ്. ‘ എല്ലാ സ്ത്രീകളും പ്രാര്‍ത്ഥിക്കുന്നത് കേട്ടിട്ടുണ്ട് ഭര്‍ത്താവ് ജീവനോടെ ഉള്ളപ്പോള്‍ അവര്‍ മരിക്കണമെന്നു ! ഞാന്‍ പ്രാര്‍ഥിച്ചത്…

ഒരു ചെറുപുഞ്ചിരി എന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചിത്രത്തെ കുറിച്ച് മനോഹരമായ ഒരു സോഷ്യല്‍ മീഡിയ കുറിപ്പ്. ‘ എല്ലാ സ്ത്രീകളും പ്രാര്‍ത്ഥിക്കുന്നത് കേട്ടിട്ടുണ്ട് ഭര്‍ത്താവ് ജീവനോടെ ഉള്ളപ്പോള്‍ അവര്‍ മരിക്കണമെന്നു ! ഞാന്‍ പ്രാര്‍ഥിച്ചത് നേരെ തിരിച്ചാണ് ഞാന്‍ ജീവനോടെ ഉള്ളപ്പോള്‍ അങ്ങേരു പോകണമെന്നാണ് ! അല്പം മധുരം കൂട്ടിയാല്‍ നെഞ്ചെരിച്ചില്‍ വരും അതിനു മോര് കരുതണം , രാസ്‌നാദി ഇടാതെ കുളിച്ചാല്‍ വെള്ളമിറങ്ങി വയ്യാതെയാകും , വെള്ളത്തിന് ചൂടാറാതെ കുടിച്ചാല്‍ വയ്യാതെയാകും ! ഈ വക കാര്യങ്ങളൊക്കെ എനിക്കല്ലേ അറിയൂ ! ഞാന്‍ പോയാല്‍ അതൊക്കെ ആരാ നോക്കുക ‘ വാക്കുകള്‍ കേട്ട് അവളില്‍ നിന്നും അടരുവാനാകാതെ എനിക്കാ മുടിയിഴകളില്‍ തഴുകുന്ന കാറ്റായി അവിടെ തന്നെ നില്‍ക്കണം …
അതെ എനിക്കൊരു കാമുകനാകണം … ജരാനരകളും പ്രായവും മരണവും ബാധിക്കാത്തൊരു കാമുകന്‍ …….’ സനല്‍ കുമാര്‍ പങ്കുവെച്ച കുറിപ്പില്‍ ഇങ്ങനെ പറയുന്നു.

കുറിപ്പ് വായിക്കാം

എനിക്കൊരു കാമുകൻ ആകണം !
ജരാനരകൾ ബാധിച്ച എഴുപത്തിനാലാം വയസിലും നര വീഴാത്ത പ്രണയത്തുണ്ടുകൾ ഹൃദയത്തിൽ സൂക്ഷിച്ചു കൊണ്ട് പ്രാണന്റെ പാതിയായവളുടെ കണ്ണിൽ നോക്കി പണ്ടൊരുമിച്ചു കണ്ട ഹിന്ദി സിനിമകളുടെ കഥകൾ ഇമ വെട്ടാതെ പറഞ്ഞു കൊണ്ടിരിക്കുന്ന ……..❤
കുറ്റി ചൂല് കൊണ്ട് മുറ്റവും തൊടിയും അടിച്ചു വാരാനായി കുനിഞ്ഞു കുനിഞ്ഞു തണ്ടെല്ലു വേദനയാണെന്നു പറയുന്ന അവളുടെ കയ്യിൽ നിന്നും ആ ചൂല് വാങ്ങി നീളമുള്ള കോലിൽ ആ ചൂല് കെട്ടി വെച്ച് അടിച്ചു വാരികൊണ്ടു “ഇങ്ങനെ ഒരു സൂത്രം ചെയ്താൽ നിന്റെ തണ്ടെല്ലു വേദന പമ്പ കടക്കും” എന്ന് പറയുന്ന …….
“വെള്ളം മാറി കുളിച്ചത് കൊണ്ട് മുടിയാകെ ഒട്ടുന്നു” എന്ന് പറഞ്ഞു വിഷമിക്കുന്ന അവളുടെ മുടി ,വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ കഴുകികൊടുത്തു, ഉണക്കി ചീകിക്കൊടുക്കുന്ന …..
കഴുത്തു ഉളുക്കിയിരിക്കുന്ന അവളുടെ പിടലിയിൽ ഞവര കിഴി പിടിച്ചു കൊടുത്തിട്ടു അവളോട് “നീയൊരു നാല് ദിവസം നമ്മുടെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങേണ്ട വിശ്രമിച്ചോളൂ ഭക്ഷണവും പണികളും എല്ലാം ഞാൻ ശരിയാക്കിക്കോളാം ” എന്ന് പറയുന്ന ……
നാട്ടിടവഴികളിലൂടെ ഓരം ചേർന്ന് നടക്കുമ്പോൾ വര്ഷങ്ങള്ക്കു മുൻപുള്ള തങ്ങളുടെ കല്യാണ നാളിന്റെ പരിഭ്രമങ്ങളെക്കുറിച്ചും , വിവാഹ ശേഷമുള്ള യാത്രയിലെ ആദ്യ ചെറു ചിരിയെകുറിച്ചെല്ലാം വാതോരാതെ സംസാരിക്കുന്ന …..
“നാല് വേലക്കാരുള്ള വീട്ടിലേക്കു എനിക്ക് കല്യാണാലോചന വന്നതായിരുന്നു അത് നടന്നാൽ ഒരു രഞ്ജിയെ പോലെ എനിക്കവിടെ കഴിയുമായിരുന്നു എന്റെ വിധി നിങ്ങളുടെ കൂടെ ഇങ്ങനെ കഷ്ടപ്പെട്ട് ജീവിക്കാനാ” എന്ന അവളുടെ വാക്കുകൾ കേട്ടിട്ട് അതവൾ തന്നെ ചുമ്മാ ചൊടിപ്പിക്കുവാൻ
പറയുന്നതാണെന്നറിഞ്ഞിട്ടും സത്യമെന്നോണം നടിച്ചു കപട ഗൗരവം നടിച്ചിരിക്കുന്ന …….
ഒരല്പം മധുരം കൂടുതൽ കഴിച്ചാൽ അന്ന് രാത്രി തനിക്കു ഉറക്കത്തിനിടയിൽ നെഞ്ചെരിയുമെന്നു മനസിലാക്കി അതിനുള്ള മരുന്ന് വരെ ഉറങ്ങുന്നതിനു മുൻപ് കട്ടിലിനരികിൽ ഒരുക്കി വയ്ക്കുന്ന കരുതലുള്ള ഭാര്യയെ പ്രണയത്താൽ സൃഷ്ടിക്കുന്ന ……
കാമുകൻ ….❤❤❤❤
ഒടുവിലൊരു തൂശനിലയിൽ അവൾ വിളമ്പി തരുന്ന എട്ടു കൂട്ടം കറിയും രണ്ടു തരം പായസവും കൂട്ടി വയർ നിറയെ ഭക്ഷണവും കഴിച്ചു അവളോടൊപ്പമുള്ള ഉറക്കത്തിനിടയിൽ ഈ ജന്മത്തിലെ സഫലമാകാത്ത ആഗ്രഹ പൂർത്തീകരണത്തിനായി ഇനിയൊരു പുനർജ്ജന്മം ആവശ്യമില്ലാതെ നിറഞ്ഞ മനസോടെ തന്റെ ജീവിതം ധന്യമാക്കി തീർത്ത തന്റെ എല്ലാം എല്ലാമായവളെ ഒരു നോക്ക് കൂടി നോക്കി അവസാനയാത്രക്കൊരുങ്ങണം …….
ഒരുമിച്ചുള്ള ഉറക്കത്തിനു ശേഷം തങ്ങളിൽ ഒരാൾ മാത്രമേ ഉണരുന്നുള്ളു എന്ന ഞെട്ടിക്കുന്ന തിരിച്ചറിവിന് ശേഷം , ജീവനില്ലാത്ത എന്നെ കാണാൻ വരുന്നവരോട് അവൾ പറയുന്ന
” എല്ലാ സ്ത്രീകളും പ്രാർത്ഥിക്കുന്നത് കേട്ടിട്ടുണ്ട് ഭർത്താവ് ജീവനോടെ ഉള്ളപ്പോൾ അവർ മരിക്കണമെന്നു ! ഞാൻ പ്രാർഥിച്ചത് നേരെ തിരിച്ചാണ് ഞാൻ ജീവനോടെ ഉള്ളപ്പോൾ അങ്ങേരു പോകണമെന്നാണ് ! അല്പം മധുരം കൂട്ടിയാൽ നെഞ്ചെരിച്ചിൽ വരും അതിനു മോര് കരുതണം , രാസ്നാദി ഇടാതെ കുളിച്ചാൽ വെള്ളമിറങ്ങി വയ്യാതെയാകും , വെള്ളത്തിന് ചൂടാറാതെ കുടിച്ചാൽ വയ്യാതെയാകും ! ഈ വക കാര്യങ്ങളൊക്കെ എനിക്കല്ലേ അറിയൂ ! ഞാൻ പോയാൽ അതൊക്കെ ആരാ നോക്കുക ” വാക്കുകൾ കേട്ട് അവളിൽ നിന്നും അടരുവാനാകാതെ എനിക്കാ മുടിയിഴകളിൽ തഴുകുന്ന കാറ്റായി അവിടെ തന്നെ നിൽക്കണം …
അതെ എനിക്കൊരു കാമുകനാകണം …
.
ജരാനരകളും പ്രായവും മരണവും ബാധിക്കാത്തൊരു കാമുകൻ ……..
ഒരു ചെറു പുഞ്ചിരി !
എന്തൊരു സിനിമയാണിത് …..